
കോട്ടയത്ത് രണ്ടിടത്ത് വിവാഹത്തിനു സദ്യ വിളമ്പാൻ നേരമായിട്ടും കരാർ ഏറ്റെടുത്ത കേറ്ററിങ് കമ്പനി ആഹാരം എത്തിക്കാത്തത് വിവാദമായിരുന്നു. സംഭവത്തിൽ കാഞ്ഞിരപ്പള്ളിയിൽ ഉദയം എന്ന പേരിൽ കേറ്ററിങ് ഏജൻസി നടത്തിയിരുന്ന കാളകെട്ടി മാഞ്ഞുക്കുളം ചക്കുംപറമ്പിൽ വിഷ്ണു മോഹനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
എന്നാൽ ഈ സംഭവത്തിന്റെ പേരിൽ ചെയ്യാത്ത കുറ്റത്തിനു പഴി കേൾക്കുകയാണ് കോട്ടയത്തെ മാഞ്ഞൂരിലുള്ള, വർഷങ്ങൾ പാരമ്പര്യമുള്ള ‘ഉദയം കേറ്ററിങ്’ ഉടമ രാജേന്ദ്രൻ .കേറ്ററിങ് ഏജൻസിയുടെ പേരിലെ സാമ്യം കാരണം തന്റെ ബിസിനസിനു സംഭവിച്ച നഷ്ടങ്ങളും മാനസിക വിഷമങ്ങളും നിരവധിയാണെന്ന് ഉദയം കേറ്ററിങ് ഉടമ രാജേന്ദ്രൻ പറയുന്നു.
രാപകൽ പലയിടങ്ങളിൽനിന്നും ആളുകൾ ഫോണിൽ വിളിച്ച് തന്നെ തെറിയഭിഷേകം നടത്തുന്നതായി രാജേന്ദ്രൻ പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോഴാണ് ഫോൺ വന്നത്. ഫോൺ എടുത്തപ്പോൾ ഉദയ കേറ്ററിങ് അല്ലേ എന്ന് ചോദിച്ചു. ഒരു സദ്യയുടെ കരാർ നൽകാനാണ് വിളിച്ചതെന്ന് പറഞ്ഞതോടെ കിടക്കയിൽനിന്നും എഴുന്നേറ്റ് കാര്യങ്ങൾ വിശദമാക്കി. എന്നാൽ ദിവസം തിരക്കിയപ്പോൾ ഒക്ടോബർ മാസത്തെ ഒരു ദിവസം പറഞ്ഞു.
അത് കന്നി മാസം അല്ലേ എന്ന് തിരിച്ച് ചോദിച്ചപ്പോൾ ‘അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ എന്നു ചോദിച്ച് ഫോണിൽ വിളിച്ചയാളുടെ സ്വരം മാറി. ഇതുവരെ കേൾക്കാത്തെ തെറികൾ അയാൾ വിളിക്കാൻ ആരംഭിച്ചു. കോൾ അവസാനിപ്പിച്ചെങ്കിലും പിന്നീട് വിവിധ ഇടങ്ങളിൽനിന്നും ആളുകൾ വിളിച്ചുകൊണ്ടേ ഇരുന്നു. പലരും ഓർഡറുകൾ നൽകാനെന്ന വ്യാജേന വിളിച്ചാണ് സംസാരം ആരംഭിക്കുന്നത്. ചിലർ ഫോൺ എടുക്കുമ്പോൾ തന്നെ തെറി വിളി ആരംഭിക്കും. ഇവരോടൊന്നും തട്ടിപ്പ് നടത്തിയത് തന്റെ ഉദയം കേറ്ററിങ് അല്ലെന്ന് വിശദീകരിക്കാൻ കഴിയുന്നില്ല. അതിനുമുൻപേ അവർ തെറി വിളിക്കുകയാണ്.
കാഞ്ഞിരപ്പള്ളിയിൽ മറ്റൊരു ഉദയം കേറ്റേഴ്സ് ഉള്ളതായി മുൻപേ അറിയാമായിരുന്നു. തങ്ങളുടെ അത്ര വലിയ സംവിധാനങ്ങൾ അവർക്കുണ്ടായിരുന്നില്ല. എന്നാൽ ഓഗസ്റ്റ് മാസം ചെങ്ങന്നൂരിലെ ഒരു പെൺകുട്ടി തന്റെ ഫോണിൽ വിളിച്ച് തന്നോടു പരാതി പറഞ്ഞിരുന്നു. അവരോട് താനല്ല ആ കേറ്ററിങ് കമ്പനിയുടെ ഉടമയെന്ന് വിശദീകരിച്ചു. ഒപ്പം അവരുടെ നമ്പർ അടക്കം നൽകുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയാണ് യുവതി അവർക്ക് ഓർഡർ നൽകിയത്. കരാർ എഴുതുന്ന പതിവ് അവർക്ക് അന്നുമുണ്ടായിരുന്നില്ലെന്ന് യുവതിയുടെ സംസാരത്തിൽനിന്നും മനസ്സിലായി.
പൊലീസിൽ ഇതുസംബന്ധിച്ച് പരാതിക്കില്ലെന്ന് രാജേന്ദ്രൻ പറയുന്നു. ആളുകൾ അവരുടെ രോഷം തീർക്കുകയാണ്. കുറച്ച് ദിവസം കഴിഞ്ഞാൽ ഇതുമാറും. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഫോണിലൂടെ ആളുകൾ മോശമായി സംസാരിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിളിയെത്തുന്നുണ്ട്. എന്നാൽ പരിചയക്കാരിൽ ചിലർ പോലും മാധ്യമങ്ങളിലെ വാർത്ത കണ്ട് തന്റെ കമ്പനിയാണ് കബളിപ്പിച്ചതെന്ന് കരുതിയിട്ടുണ്ട്.
ഇത്തരം തട്ടിപ്പിൽ വീഴുന്നവർ മിക്കവരും ചെറുപ്പക്കാരാണ്. ഇപ്പോൾ വിവാഹം അടക്കമുള്ള കാര്യങ്ങളിൽ വീടുകളിലെ പുതുതലമുറയാണ് ഇടപാടുകൾക്ക് മുന്നിട്ടിറങ്ങുന്നത്. അവർ പലപ്പോഴും സമൂഹമാധ്യമങ്ങളിലെ വിഡിയോകൾ കണ്ടാവും തീരുമാനം എടുക്കുന്നത്. മുൻപൊക്കെ പരിചയക്കാരുടെ മുൻ അനുഭവങ്ങൾ ചോദിച്ചറിഞ്ഞായിരുന്ന കേറ്ററിങ് കമ്പനികളെ വിവാഹ സദ്യയൊരുക്കാൻ തിരഞ്ഞെടുത്തിരുന്നതെന്നും രാജേന്ദ്രൻ പറയുന്നു.