Kerala

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന്റെ ഉദ്ഘാടനച്ചടങ്ങിന് ആത്മീയ പ്രഭ പകര്‍ന്ന് ‘സുകൃതം രാമായണാമൃതം’. ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ… എന്ന് ചൊല്ലി തുടങ്ങിയ പാരായണം കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വേദിയിലെത്തുന്നത് വരെ നീണ്ടുനിന്നു.

ശ്രീരാമന്റെ ധ്യാനശ്ലോകങ്ങള്‍ മുതല്‍ ബാലകാണ്ഡത്തിലെ അഹല്യാസ്തുതി, അയോദ്ധ്യാകാണ്ഡത്തിലെ ഭരതന്റെ വനയാത്ര, ആരണ്യകാണ്ഡത്തിലെ ലക്ഷ്മണോപദേശം, ശബര്യാശ്രമപ്രവേശം വരെ പാരായണം ചെയ്തു. സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികളാണ് ഒന്നര മണിക്കൂര്‍ നീണ്ട രാമായണ ജപം നടത്തിയത്.

ചെറുപ്പക്കാരും പ്രായമായവരും ഉള്‍പ്പെടെയുള്ള അമ്മമാരുടെ കൂട്ടായ്‌മ കേരളീയ വേഷം ധരിച്ചെത്തി ഒരേ താളത്തില്‍ ഒരേ ശബ്ദത്തില്‍ രാമനാമം ചൊല്ലിയപ്പോള്‍ അത് പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരെ ഭക്തിയുടെ പാരമ്യത്തിലെത്തിച്ചു. രാമനാമ ജപത്തിന് സമിതിയുടെ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജനറല്‍ സെക്രട്ടറി അതികായന്‍ പി.വി എന്നിവര്‍ നേതൃത്വം നല്‍കി. സമിതിയുടെ ആചാര്യനായ സ്വാമി ഉദിത് ചൈതന്യയുടെ വീഡിയോ സന്ദേശത്തോടെയാണ് പാരായണം തുടങ്ങിയത്.

രാമകഥയെ വ്യത്യസ്ത രീതിയിലാണ് കൃതികളില്‍ തയ്യാറാക്കിയിരിക്കുന്നതെങ്കിലും രാമധര്‍മ്മത്തിന് നല്‍കിയിരിക്കുന്ന പ്രാധാന്യത്തിന് കുറവില്ലെന്ന് അദ്ദേഹം പറഞ്ഞു. രാമായണത്തെ ധര്‍മ്മായണമായാണ് എല്ലാ ഗ്രന്ഥങ്ങളും വിലയിരുത്തുന്നത്. ഓരോ വ്യക്തിയും ജീവിതത്തില്‍ ആചരിക്കേണ്ട കാര്യങ്ങളും ജീവിത്തില്‍ നേടേണ്ട കാര്യങ്ങളുമാണ് രാമായണം സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നതെന്നും സ്വാമി പറഞ്ഞു.