Kerala

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

Published by
സജിചന്ദ്രന്‍

പാറശാല: കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അട്ടിമറിക്കാന്‍ റവന്യൂ കൃഷി വകുപ്പ് ഉേദ്യാഗസ്ഥര്‍ ആസുത്രിതമായി ശ്രമിക്കുന്നതായി വ്യാപക പരാതി. പുതിയ അപേക്ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ റവന്യൂ-വില്ലേജ് അധികൃതര്‍ ശ്രമിക്കുതായും ആക്ഷേപമുണ്ട്. വില്ലേജ് ആഫീസുകളില്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ചാലും ഭൂരേഖ നല്‍കുന്നില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധത്തിനൊരുങ്ങുകയാണ് കര്‍ഷകമോര്‍ച്ച.

കിസാന്‍സമ്മാന്‍നിധി അട്ടിമറിക്കുന്നതിലൂടെ ഇടത്-വലത് സര്‍ക്കാരുകള്‍ കര്‍ഷക വിരുദ്ധ നയങ്ങളാണ് പിന്തുടരുന്നതെന്നും കാര്‍ഷിക രംഗത്തെ മുച്ചൂടും നശിപ്പിക്കാനുള്ള ശ്രമത്തിനെതിരെ വില്ലേജ് ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും കര്‍ഷകമോര്‍ച്ച സൗത്ത് ജില്ലാ പ്രസിഡന്റ് പ്രദീപും ജനറല്‍ സെക്രട്ടറി ചെമ്പൂര് വേണുഗോപാലും അറിയിച്ചു.

പി എം കിസാന്‍ പദ്ധതിയിലേക്ക് പുതിയതായി അപേക്ഷിക്കുന്നതിനും നിലവിലുള്ള വിവരങ്ങള്‍ പുതുക്കുന്നതിനും ഏറ്റവും പുതിയ സാമ്പത്തിക വര്‍ഷത്തെ കരമടച്ച രസീത് ആണ് സമര്‍പ്പിക്കേണ്ടത്. തീയതിയും വര്‍ഷവും കൃത്യമായി രേഖപ്പെടുത്തിയ, വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന പുതിയ ഭൂനികുതി രസീത് ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. കൃഷിഭൂമി അപേക്ഷിക്കുന്ന കര്‍ഷകന്റെ സ്വന്തം പേരിലായിരിക്കണം. കൂടാതെ 2019 ഫെബ്രുവരി 1ന് മുന്‍പായി ഭൂമി അപേക്ഷകന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരിക്കണം. പാരമ്പര്യമായി ലഭിച്ച ഭൂമിയാണെങ്കില്‍ ഇതില്‍ ഇളവുണ്ടെങ്കിലും 2018 മുതല്‍ ഉള്ള ഭൂരേഖയ്‌ക്കായി വില്ലേജ് ഓഫീസുകളിലെത്തുന്നവര്‍ക്ക് മതിയായ രേഖകള്‍ സമര്‍പ്പിച്ചാലും ഭൂരേഖ നല്‍കുന്നില്ലെന്നാണ് പരാതി.

കേരളത്തില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മിഷന്‍ പ്രകാരമുള്ള ഫാര്‍മര്‍ ഐഡി കൂടി ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കരമടച്ച രസീതിന് പുറമെ ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തതും ബാങ്ക് പാസ്ബുക്ക് ആധാറുമായി ബന്ധിപ്പിച്ചതും അപേക്ഷിക്കാന്‍ ആവശ്യമാണ്.

ഭാരത സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി നടപ്പിലാക്കിയ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി കേരളത്തിലും വിജയകരമായി തുടരുന്നുണ്ട്. കേരളത്തിലെ 27.5 ലക്ഷത്തിലധികം കര്‍ഷകരാണ് നിലവില്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. പദ്ധതിയിലൂടെ സ്വന്തമായി ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. തുക 2,000 രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുകയാണ്. ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് ഗുണഭോക്താ ക്കള്‍ കിസാന്‍ പോര്‍ട്ടല്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ബയോമെട്രിക് രീതിയിലോ ഇ കെ വൈസി പൂര്‍ത്തിയാക്കേണ്ടത് നിർബന്ധമാണ്.

എന്നാല്‍ നിലവില്‍ പുതിയ അപേക്ഷകരെ ചേര്‍ക്കാതെ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതിരെ ആസൂത്രിത ശ്രമം നടക്കുന്നതായും ഇതിനെതിരെ വരുംദിവസങ്ങളില്‍ കര്‍ഷകരുടെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കര്‍ഷകമോര്‍ച്ച നേതാക്കള്‍ അറിയിച്ചു.

Recent Posts