World

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഇപ്പോൾ ആണവായുധങ്ങളില്ലാത്ത രാജ്യങ്ങൾക്കും ഇത്തരം അന്തർവാഹിനികളോട് താൽപ്പര്യം വർധിച്ചുവരികയാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഇന്നത്തെ നാവികയുദ്ധത്തില്‍ സുപ്രധാനമായ പങ്ക് അന്തര്‍വാഹിനികള്‍ക്കുണ്ട്. അതില്‍ ആണവ അന്തര്‍വാഹികളാണെങ്കില്‍ പറയുകയും വേണ്ട. ആണവറിയാക്ടറില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിച്ചാണ് ഈ ആണവ അന്തര്‍വാഹിനികള്‍ മുന്നോട്ട് കുതിക്കുന്നത്. ഇതുവരെയുള്ള ഡീസല്‍- ഇലക്ട്രിക് അന്തര്‍വാഹിനികളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ആണവോര്‍ജ്ജത്തില്‍ കുതിക്കുന്ന അന്തര്‍വാഹിനികളുടെ ശേഷി.

എന്താണ് ആണവ അന്തര്‍വാഹിനികളുടെ മെച്ചം?

മാസങ്ങളോളം കടലിനടിയില്‍ മുങ്ങിക്കിടക്കാന്‍ കഴിവുണ്ട് എന്നത് തന്നെയാണ് ആണവ അന്തര്‍വാഹിനികളുടെ ഏറ്റവും വലിയ ആകര്‍ഷണം.

30 വര്‍ഷത്തോളം ഇന്ധനം നിറയ്‌ക്കാതെ ഓടിക്കൊണ്ടിരിക്കുവാന്‍ ആണവ അന്തര്‍വാഹിനികള്‍ക്ക് സാധിക്കും. ദീര്‍ഘകാലം കടലിനടിയില്‍ മുങ്ങിക്കിടക്കുമ്പോള്‍ തന്നെ 30 നോട്ടില്‍ അധികം വേഗതയില്‍ കുതിയ്‌ക്കാനും ആണവ അന്തര്‍വാഹിനികള്‍ക്ക് സാധിക്കും. ഒരു നോട്ട് വേഗത എന്ന് പറഞ്ഞാല്‍ അത് മണിക്കൂറില്‍ 1852 കിലോമീറ്റര്‍ വേഗതയാണ്. അപ്പോള്‍ 30 നോട്ട് വേഗത എത്രയെന്ന് ഊഹിക്കാന്‍ പോലും കഴിയില്ല. അത്രയ്‌ക്ക് വേഗതയില്‍ കുതിയ്‌ക്കുമെന്നര്‍ത്ഥം.

ആണവോര്‍ജ്ജത്തിലൂടെ ധാരാളം ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ അപകടകാരികളായ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. ആധുനികമായ സോണാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഇതില്‍ സാധിക്കും. സോണാര്‍ സംവിധാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഹൈടെകായ അകൗസ്റ്റിക് സെന്‍സറുകള്‍ എന്നാണ്. മുങ്ങിക്കപ്പലിനെതിരായ ടോര്‍പിഡോകളും മൈനുകളെ നശിപ്പിക്കാനുള്ള അന്തര്‍വാഹിനി ഡ്രോണുകളും കൃത്യതയോടെ ഉപയോഗിക്കാന്‍ സാധിക്കും.

അമരിക്കയ്‌ക്കും റഷ്യയ്‌ക്കും ചൈനയ്‌ക്കും എത്ര ആണവ അന്തര്‍വാഹിനികളുണ്ട്?

അമേരിക്കയുടെ പക്കല്‍ 70 ഓ 71ഓ ആണവ അന്തര്‍വാഹിനികളാണ് ഉള്ളത്. റഷ്യയുടെ പക്കല്‍ 38ഓളം ആണവ അന്തര്‍വാഹിനികള്‍ ഉണ്ടെങ്കിലും അതില്‍ സജീവ ഉപയോഗത്തിലുള്ള 28 അന്തര്‍വാഹിനികളേ ഉള്ളൂ. ചൈനയുടെ പക്കല്‍ 12 മുതല്‍ 30 ആണവ അന്തര്‍വാഹിനികള്‍ ഉണ്ട്. യുകെയ്‌ക്കും ഫ്രാന്‍സിനും ഒമ്പത് വീതം അന്തര്‍വാഹിനികള്‍ വീതമാണുള്ളത്.

ഇന്ത്യ ആണവ അന്തര്‍വാഹിനികളില്‍ എവിടെ നില്‍ക്കുന്നു?

ഇന്ത്യയ്‌ക്ക് മൂന്ന് ആണവ അന്തര്‍വാഹിനികളുണ്ട്. ഇവയെ എസ്എസ് ബിഎന്‍ എന്നാണ് വിളിക്കുക. ഷിപ് സബ്മേഴ്സിബിള്‍ ബാലിസ്റ്റിക് ന്യൂക്ലിയര് എന്നാണ് മുഴുവന്‍ പേര്. അതായത് ഈ അന്തര്‍വാഹിനികള്‍ ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതേ സമയം ഇവയ്‌ക്ക് ബലിസ്റ്റിക് മിസൈലുകള്‍ അയയ്‌ക്കാനുള്ള കഴിവുമുണ്ട്.

ഇന്ത്യയുടെ പ്രൊജക്ട് 77എന്ന പദ്ധതിയും ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയാണ്. ആറ് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ഇത് ആണവായുധങ്ങള്‍ നേരിട്ട് പ്രയോഗിക്കാന്‍ കഴിയുന്ന ആണവ അന്തര്‍വാഹിനകളായിരിക്കും.

പാകിസ്ഥാന്‍ എവിടെ നില്‍ക്കുന്നു?

പാകിസ്ഥാന്റെ പക്കല്‍ ആണവ അന്തര്‍വാഹിനികളില്ല. അവ ലഭിയ്‌ക്കാന്‍ ചൈനയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും ചൈന അവ നല്‍കാന്‍ തയ്യാറല്ല. ആണവനിര്‍വ്യാപനക്കരാര്‍ ലംഘിച്ചു എന്ന ചീത്തപ്പേര് ഉണ്ടാകാതിരിക്കാനാണ് ചൈന പാകിസ്ഥാന് ആണവ അന്തര്‍വാഹിനികള്‍ നല്‍കാതിരിക്കുന്നത്. അത് വഴി അമേരിക്കയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള തിരിച്ചടികളും വേണ്ടെന്ന് വെയ്‌ക്കുകയാണ് ചൈന. ചൈനയില്‍ നിന്നും ആണവ അന്തര്‍വാഹിനികള്‍ ലഭിക്കാന്‍ പാകിസ്ഥാന്‍ പല പ്രലോഭനങ്ങളും മുന്നോട്ട് വെച്ചിരുന്നു. ഗ്വാദര്‍ എന്ന ആഴക്കടല്‍ തുറമുഖം ചൈനയുടെ സൈനിക കേന്ദ്രമാക്കാന്‍ അനുവദിക്കാമെന്നും പകരം ആണവ അന്തര്‍വാഹിനികള്‍ നല്‍കാനും കടലില്‍ നിന്നും ആണവായുധങ്ങള്‍ അയയ്‌ക്കാനുള്ള ശേഷി നല്‍കാനും ആണ് പാകിസ്ഥാന്‍ ആവശ്യമുയര്‍ത്തിയത്. പക്ഷെ ചൈന ആ പ്രലോഭനത്തില്‍ വീണില്ല. പാകിസ്ഥാന് ആണവ അന്തര്‍വാഹിനി നല്‍കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.

ഉത്തരകൊറിയയ്‌ക്കെതിരെ ദക്ഷിണക്കൊറിയയും ആണവ അന്തര്‍വാഹിനി തേടുന്നു

ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന നാവികസേനാ കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ദക്ഷിണകൊറിയയും ഒരുങ്ങുകയാണ്. പ്രധാനമായും വടക്കന്‍ കൊറിയയെ ചെറുത്തുനില്‍ക്കാന്‍ വേണ്ടിയാണിത്. 2030-കളുടെ മധ്യത്തോടെ തങ്ങളുടെ ആദ്യത്തെ ആണവോർജ്ജ അന്തർവാഹിനി നീറ്റിലിറക്കാനും, 2030-കളുടെ അവസാനത്തോടെ അത് നാവികസേനയുടെ ഭാഗമാക്കാനും ദക്ഷിണകൊറിയ ലക്ഷ്യമിടുന്നു. അതുപോലെ, പരമ്പരാഗത ആയുധങ്ങൾ വഹിക്കുന്ന, ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആക്രമണ അന്തർവാഹിനികൾ (SSNs) സ്വന്തമാക്കുന്നതിനായി ഓസ്‌ട്രേലിയയും ശ്രമിക്കുന്നു. ഇതിനായി ഓസ്ട്രേലിയ, അമേരിക്ക, യുകെ എന്നീ മൂന്ന് രാജ്യങ്ങള്‍ അംഗങ്ങളായ സംഘടനയാണ്, ‘ഓക്കസ്’ (AUKUS). ഈ സംഘടനയുടെ പദ്ധതിയുടെ ഭാഗമായി അമേരിക്കയുമായും യുകെയുമായും സഹകരിച്ച് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്.

ജപ്പാനും ബ്രസീലും ആണവോര്‍ജ്ജ അന്തര്‍വാഹിനകള്‍ക്ക് ഒരുങ്ങുന്നു

ആണവോർജ്ജ അന്തർവാഹിനികൾ വികസിപ്പിക്കണമെന്ന ആവശ്യം ജപ്പാനിലും ശക്തമാകുന്നുണ്ട്. തെക്കേ അമേരിക്കയിൽ, ലാറ്റിൻ അമേരിക്കയിലെ ആദ്യത്തെ ആണവോർജ്ജ അന്തർവാഹിനി ബ്രസീൽ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്.

ആണവായുധശേഷിയില്ലാത്ത രാജ്യങ്ങളും ആണവ അന്തര്‍വാഹിനികള്‍ക്ക് ശ്രമിക്കുന്നു, ലോകം ആണവവ്യാപനത്തിലേക്ക്

ഇതുവരെ ആണവായുധ ശേഷിയുള്ള രാജ്യങ്ങൾ മാത്രമാണ് ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ കൈവശം വെച്ചിരുന്നത്; എന്നാൽ ഇപ്പോൾ ആണവായുധങ്ങളില്ലാത്ത രാജ്യങ്ങൾക്കും ഇത്തരം അന്തർവാഹിനികളോട് താൽപ്പര്യം വർധിച്ചുവരികയാണ്. ഇത് ആണവായുധ വ്യാപനത്തിലേക്ക് നയിച്ചേക്കാമെന്ന് നിരീക്ഷകർ ആശങ്കപ്പെടുന്നു. അതേസമയം, ചൈന ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു വിമാനവാഹിനിക്കപ്പൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണെന്ന് റിപ്പോർട്ടുകളുണ്ട്.

Recent Posts