Samskriti

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

Published by
എം. മുരുകന്‍ പാളയത്തില്‍

ന്ന് വിശ്വകര്‍മ ദിനം. ലോകമെമ്പാടുമുള്ള വിശ്വകര്‍മ്മജര്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 17-ന് വിശ്വകര്‍മ ദേവനെ ആരാധിച്ചും പൂജിച്ചും സത്കര്‍മ്മങ്ങള്‍ ചെയ്തും ഈ പുണ്യദിനം ആഘോഷിക്കുന്നു. ഭാദ്രപദ മാസത്തിലെ കന്നി സംക്രാന്തിയില്‍ ആണ് വിശ്വകര്‍മ ദിനം ആചരിക്കുന്നത്. ഉത്തരേന്ത്യയില്‍ വിശ്വകര്‍മ്മജര്‍ക്ക് പുറമെ വിവിധ വിഭാഗങ്ങളും ഈ ദിനം ആഘോഷിക്കുകയും ആയുധപൂജയ്‌ക്കും വാഹനപൂജയ്‌ക്കും ഈ ദിവസം തെരഞ്ഞെടുക്കുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തില്‍ പ്രധാനമായും വിശ്വകര്‍മ്മജരാണ് വിശ്വകര്‍മ ദിനം ആചരിക്കുന്നത്.

സൃഷ്ടിയുടെ ആദിചൈതന്യം
ആധുനിക ശാസ്ത്രം പ്രപഞ്ചസൃഷ്ടിയുടെ രഹസ്യം തേടിയുള്ള യാത്ര തുടരുമ്പോഴും പ്രപഞ്ചത്തിന്റെ ഉത്ഭവം ഇന്നും മനുഷ്യന് പൂര്‍ണ്ണമായി ഉത്തരം കണ്ടെത്താനാകാത്ത മഹാസമസ്യയാണ്.

ഭൂമി, ജലം, വായു, അഗ്‌നി, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെയും ദൈവിക ചൈതന്യങ്ങളുടെയും സൃഷ്ടിക്ക് പിന്നിലെ ആദിശക്തിയായി വിശ്വകര്‍മാവിനെ ഭാരതീയ പാരമ്പര്യം കാണുന്നു. ദേവന്മാരുടെ ദിവ്യശില്പിയും പ്രപഞ്ചസൃഷ്ടിയുടെ അധിഷ്ഠാന ചൈതന്യവുമാണ് വിശ്വകര്‍മാവ്. സ്വയംഭൂവായതിനാല്‍ വിശ്വകര്‍മാവിന് ‘ജയന്തി’ എന്ന സങ്കല്‍പ്പം ബാധകമല്ല; അതുകൊണ്ടുതന്നെ ഈ ദിനത്തെ വിശ്വകര്‍മദിനം എന്നാണ് വിളിക്കുന്നത്.

ഭാരതത്തിന്റെ സൃഷ്ടിപാരമ്പര്യം
ഹൈന്ദവ സംസ്‌കാരത്തിന്റെ അടിത്തറ ദേവതാ സങ്കല്‍പ്പങ്ങളിലും വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും അധിഷ്ഠിതമാണ്. ബ്രഹ്‌മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നിവരുടെ സങ്കല്‍പ്പങ്ങളും വിവിധ യുഗപുരുഷന്മാരുടെ അവതാരങ്ങളും ഭാരതീയ സംസ്‌കാരത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ അടിത്തറയാണ്.

ഈ മഹത്തായ പാരമ്പര്യത്തിന്റെ ഭൗതിക രൂപങ്ങള്‍ സൃഷ്ടിച്ചവരില്‍ വിശ്വകര്‍മ്മജര്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. എന്നാല്‍ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഈ സമൂഹത്തിന്റെ സംഭാവനകള്‍ വേണ്ടത്ര രേഖപ്പെടുത്തപ്പെടാതെ പോയി എന്നത് ഒരു യാഥാര്‍ഥ്യമാണ്.

ഭാരതത്തിന്റെ ആത്മീയ സങ്കല്‍പ്പങ്ങള്‍ക്ക് ഭൗതിക രൂപം നല്‍കിയ കരങ്ങളാണ് വിശ്വകര്‍മ്മജരുടേത്. ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, സൗധങ്ങള്‍, സ്മാരകങ്ങള്‍, ശില്പങ്ങള്‍, ആഭരണങ്ങള്‍, ആയുധങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങി മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ പലതിനും രൂപവും പ്രായോഗികതയും നല്‍കിയ പാരമ്പര്യം വിശ്വകര്‍മ്മ സമൂഹത്തിനുണ്ട്.

ക്ഷേത്രങ്ങളും വിശ്വകര്‍മ്മജരും
ശിലാസ്ഥാപനം മുതല്‍ ശില്പനിര്‍മ്മാണം വരെ, ഒരു ക്ഷേത്രത്തിന്റെ ഭൗതിക സൃഷ്ടിയില്‍ ശില്പിയുടെ പങ്ക് അനിവാര്യമാണ്. ദേവചൈതന്യം ഉള്‍ക്കൊള്ളുന്ന മൂര്‍ത്തിയുടെ രൂപം മനസ്സില്‍ ആവാഹിച്ച് അതിന് ശിലാരൂപം നല്‍കുന്ന സൃഷ്ടിപ്രക്രിയ അത്യന്തം സങ്കീര്‍ണ്ണമായ കലയും ശാസ്ത്രവും തപസ്യയും ചേര്‍ന്നതാണ്.

ശബരിമല, ഗുരുവായൂര്‍, കാശി വിശ്വനാഥ ക്ഷേത്രം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തുടങ്ങി ഭാരതത്തിലെ അനേകം ആരാധനാലയങ്ങളുടെ നിര്‍മാണപാരമ്പര്യത്തില്‍ വിശ്വകര്‍മ്മ ശില്പികളുടെ സംഭാവനകള്‍ നിഷേധിക്കാനാവാത്തതാണ്. എന്നാല്‍ പലപ്പോഴും സൃഷ്ടി പൂര്‍ത്തിയാകുമ്പോള്‍ സ്രഷ്ടാവ് പിന്നിലേക്ക് മാറ്റപ്പെടുന്ന അവസ്ഥയാണ് വിശ്വകര്‍മ്മജര്‍ നേരിടുന്നത്. ക്ഷേത്രം നിലനില്‍ക്കുന്നു; ശില്പം നിലനില്‍ക്കുന്നു; ചരിത്രം നിലനില്‍ക്കുന്നു. പക്ഷേ ആ സൃഷ്ടിക്ക് പിന്നിലെ ശില്പിയുടെ പേര് ചരിത്രത്തില്‍ കാണാറില്ല.

പുരാതന ഭാരതീയ സമൂഹത്തെ നോക്കിയാല്‍ വിശ്വകര്‍മ്മജരുടെ സംഭാവന എത്ര വിശാലമായിരുന്നുവെന്ന് മനസ്സിലാക്കാം.

കര്‍ഷകന് കൃഷി ചെയ്യാന്‍ പണിയായുധങ്ങള്‍ വേണം. വ്യാപാരിക്ക് അളവുപാത്രങ്ങളും യാത്രാസൗകര്യങ്ങളും വേണം. രാജാവിന് ആയുധങ്ങളും കൊട്ടാരങ്ങളും ആഭരണങ്ങളും വേണം. ക്ഷേത്രങ്ങള്‍ക്ക് പൂജാപാത്രങ്ങളും ശില്പങ്ങളും വേണം. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വാസ്തുവും നിര്‍മാണവിദ്യയും വേണം. ഇവയൊക്കെയും രൂപപ്പെടുത്തുന്നതില്‍ മനു, മയ, ത്വഷ്ട, ശില്പി, വിശ്വജ്ഞ എന്നീ പഞ്ചകുല പാരമ്പര്യങ്ങളിലൂടെ വളര്‍ന്ന വിശ്വകര്‍മ്മ സമൂഹത്തിന്റെ സംഭാവന നിര്‍ണായകമായിരുന്നു.

വിശ്വകര്‍മ്മജരുടെ കഴിവും പ്രഗല്‍ഭ്യവും നൈപുണ്യവും രാജഭരണാധികാരികള്‍ തിരിച്ചറിഞ്ഞിരുന്നു. പട്ടും വളയും നല്‍കി അവരെ അംഗീകരിച്ചിരുന്നു. വീടിന്റെ വാസ്തു നിര്‍ണയിക്കുന്നതിലും ശിലാസ്ഥാപനം നടത്തുന്നതിലും വീടുകളും ക്ഷേത്രങ്ങളും നിര്‍മിക്കുന്നതിലും സ്വര്‍ണാഭരണം ഒരുക്കുന്നതിലും സമൂഹത്തിന്റെ വിവിധ ആചാരങ്ങളുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങളിലും വിശ്വകര്‍മ്മജര്‍ക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ ഈ അംഗീകാരം ക്രമേണ കുറഞ്ഞു. ജനാധിപത്യ ഭരണം ശക്തമായ ശേഷം വിശ്വകര്‍മ്മ സമൂഹത്തിന് അര്‍ഹമായ പങ്കാളിത്തവും തൊഴില്‍ അവസരങ്ങളും ലഭിച്ചിട്ടില്ലെന്ന പരാതി ഇന്നും നിലനില്‍ക്കുന്നു.

1948-ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ വിശ്വകര്‍മ്മജര്‍ക്ക് അഞ്ച് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചു.

ഇത് വിശ്വകര്‍മ്മ സമൂഹത്തിന്റെ രാഷ്‌ട്രീയ സാന്നിധ്യത്തിന്റെയും ജനപിന്തുണയുടെയും ചരിത്രസാക്ഷ്യമാണ്. എന്നാല്‍ പിന്നീട് വന്ന രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ ഈ സമൂഹത്തിന്റെ രാഷ്‌ട്രീയ പ്രാതിനിധ്യം ക്രമേണ കുറഞ്ഞുവന്നു. ഒരുകാലത്ത് ജനസംഖ്യാനുപാതികമായി ലഭിച്ചിരുന്ന തൊഴില്‍ സംവരണവും പിന്നീട് കുറച്ചു. ഈ ചരിത്രം പുതുതലമുറ അറിയേണ്ടത് അനിവാര്യമാണ്. ജനാധിപത്യ അധികാരകസേരകള്‍ ചിലരില്‍ കേന്ദ്രീകരിച്ചപ്പോള്‍ വിശ്വകര്‍മ്മജര്‍ ക്രമേണ അവഗണിക്കപ്പെടാന്‍ തുടങ്ങി. ഈ മാറ്റം തിരിച്ചറിഞ്ഞ് അതിനെതിരെ ശക്തമായി പോരാടാന്‍ ആവശ്യമായ സംഘശക്തിയോ അതിന് നേതൃത്വം നല്‍കുന്ന സാമൂഹിക പരിഷ്‌കര്‍ത്താക്കളോ സ്വാതന്ത്ര്യാനന്തരം വിശ്വകര്‍മ്മ സമൂഹത്തില്‍ വേണ്ടത്ര ഉയര്‍ന്നുവന്നില്ല എന്നത് ചരിത്രപരമായ പരിമിതിയാണ്.

എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു.
സ്വന്തം അവകാശങ്ങള്‍ക്കായി ജനാധിപത്യപരമായി ശബ്ദമുയര്‍ത്താന്‍ കഴിയുന്ന സമൂഹമായി വിശ്വകര്‍മ്മജര്‍ വളര്‍ന്നുകഴിഞ്ഞു.

അതുകൊണ്ടുതന്നെ പുതിയ നവോത്ഥാന സംഘബോധവും സാമൂഹികശക്തിയും ഈ സമൂഹം കൈവരിച്ചുകഴിഞ്ഞു.

ദേവസ്വം മേഖലയിലെ പങ്കാളിത്തം

കേരളത്തിലെ ആരാധനാലയ നിര്‍മാണത്തിലും പരിപാലനത്തിലും നൂറ്റാണ്ടുകളായി നിര്‍ണായക പങ്കുവഹിച്ച വിശ്വകര്‍മ്മ സമൂഹത്തിന് ദേവസ്വം ഭരണത്തിലും സ്ഥാപനങ്ങളിലെ നിയമനങ്ങളിലും അര്‍ഹമായ പങ്കാളിത്തം ലഭിക്കണം. ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച കൈകള്‍ക്ക് ക്ഷേത്രഭരണത്തില്‍ സ്ഥാനമില്ലാത്ത അവസ്ഥ ജനാധിപത്യത്തിന്റെ ഉള്‍ക്കൊള്ളല്‍ സങ്കല്‍പ്പത്തെ ചോദ്യം ചെയ്യുന്നതാണ്. വിശ്വകര്‍മ്മജരുടെ ആവശ്യങ്ങള്‍ പങ്കാളിത്തത്തിനും തുല്യനീതിക്കും വേണ്ടിയുള്ളതാണ്.

വിശ്വകര്‍മ്മ സമൂഹത്തിന്റെ മഹത്തായ ചരിത്രം രേഖപ്പെടുത്തണം. അല്ലെങ്കില്‍ ഈ സമൂഹത്തിന്റെ സംഭാവനകള്‍ മറക്കപ്പെടും. ഈ സമൂഹത്തിന്റെ ചരിത്രം ശേഖരിച്ചു രേഖപ്പെടുത്തുകയും ഗവേഷണം നടത്തുകയും പുതുതലമുറയ്‌ക്ക് കൈമാറുകയും ചെയ്യേണ്ടതുണ്ട്.

വിശ്വകര്‍മ ദിനം വെറും പൂജയുടെയും ആഘോഷത്തിന്റെയും ദിവസം മാത്രമാകരുത്. ഇത് പാരമ്പര്യത്തെ ഓര്‍ക്കാനുള്ള ദിനമാണ്. കഴിവുകളെ തിരിച്ചറിയാനുള്ള ദിനമാണ്. ചരിത്രം രേഖപ്പെടുത്താനുള്ള ദിനമാണ്.അവകാശങ്ങള്‍ക്കായി ജനാധിപത്യപരമായി ശബ്ദമുയര്‍ത്താനുള്ള ദിനമാണ്.

ആധുനിക കാലഘട്ടത്തില്‍ വിശ്വകര്‍മ്മ സമൂഹത്തിന് വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തിക പുരോഗതി, ഭരണപങ്കാളിത്തം, സാമൂഹിക അംഗീകാരം എന്നിവയില്‍ അര്‍ഹമായ പരിഗണന ഉറപ്പാക്കണം. ഇതു നിറവേറ്റുന്നതിനായി വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി മുന്നിലുണ്ടാകും. പാരമ്പര്യം നമ്മുടെ അഭിമാനമാണ്. കഴിവ് നമ്മുടെ ശക്തിയാണ്. ഐക്യം നമ്മുടെ കരുത്താണ്. വിശ്വകര്‍മ ദിനാശംസകള്‍.