
ഹൈദരാബാദ്: സെക്കന്തരാബാദില്‍ സൈനിക ക്യാമ്പില്‍ നിന്ന് ആയുധങ്ങള്‍ മോഷണം പോയ സംഭവത്തില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഹവില്‍ദാര്‍ യു. മല്ലേഷ് (37) എന്ന രാജുവാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയതായി തെലങ്കാന ഡിജിപി സി.വി. ആനന്ദ് പറഞ്ഞു. മോഷ്ടിച്ച ആയുധങ്ങള്‍ തെലങ്കാനയിലെ നാഗര്‍കുര്‍നൂള്‍ ജില്ലയിലെ അമ്രാബാദിലുള്ള മല്ലേഷിന്റെ ഗ്രാമത്തില്‍ നിന്ന് കണ്ടെത്തി. കുഴിച്ചിട്ട നിലയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി 54 സൈനിക ഉദ്യോഗസ്ഥരെയും വിരമിച്ച ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിരുന്നു. ഇതിലൂടെയാണ് അന്വേഷണം മല്ലേഷിലേക്ക് എത്തിയത്. രണ്ട് മാസം മുന്‍പ് അച്ചടക്കലംഘത്തിന് മല്ലേഷിനെ സൈനിക ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. ഈ പകയാണ് മോഷണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണത്തിന് സഹായിച്ച രണ്ട് പേരെയും പോലീസ് പിടികൂടി.
മോഷ്ടിച്ച ആയുധങ്ങള്‍ ആയുധപ്പുരയുടെ പിന്‍ഭാഗത്തുള്ള മതിലിന് മുകളിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലുള്ള ആയുധ വ്യാപാരിയുടെ സമൂഹമാധ്യമ അക്കൗണ്ട് പിന്തുടര്‍ന്നിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. അതുകൊണ്ട് തന്നെ മോഷ്ടിച്ച ആയുധങ്ങള്‍ പാകിസ്ഥാന് കൈമാറാന്‍ പദ്ധതിയിട്ടിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ആഗസ്ത് 31നാണ് ബോളാറമിലെ മദ്രാസ് റെജിമെന്റിന്റെ ആയുധപ്പുരയില്‍ നിന്ന് നാല് എകെ-47, ആറ് പിസ്റ്റളുകള്‍, ഒരു ഇന്‍സാസ് റൈഫിള്‍ തുടങ്ങി 12 തോക്കുകള്‍ തുടങ്ങിയവ മോഷണം പോയതായി റിപ്പോര്‍ട്ട് ചെയ്തത്.