Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

സീരിയൽ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ രാഹുൽ മോഹൻ. ശ്രീ മഹാഭാഗവതം, സിദ്ധാർത്ഥൻ എന്ന ഞാൻ തുടങ്ങിയ പ്രൊജക്ടുകളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ പിതാവും സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. 1996ൽ പുറത്തിറങ്ങിയ ലാളനം നിർമ്മിച്ചത് രാഹുലിന്റെ പിതാവായിരുന്നു. എന്നാൽ സിനിമ വേണ്ടത്ര വിജയം നേടിയില്ല.

അതിന് കാരണം സിനിമയിലെ നായകൻ സിദ്ധിഖിന്റെ വ്യക്തി ജീവിതത്തിലൂണ്ടായ ചില സംഭവങ്ങളായിരുന്നുവെന്ന് പറയു​കയാണിപ്പോൾ രാ​ഹുൽ .

‘ അച്ഛൻ മുമ്പ് നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കലയോട് താൽപര്യമായിരുന്നു. പിന്നീട് അച്ഛൻ ദുബായിലേക്ക് പോയി. അവിടെയും ചെറിയ ​ഗ്രൂപ്പുകളൊക്കെയാക്കി നാടകവും മറ്റും ചെയ്തു. ശേഷമാണ് സിനിമ എടുക്കണമെന്ന ആ​ഗ്രഹം അച്ഛന് വരുന്നതും എന്നെ ഒരു സിനിമയിൽ ഹീറോയാക്കണം എന്ന തോന്നലുണ്ടാകുന്നതും.

സ്കൂൾ കാലത്ത് സ്കിറ്റുകളിൽ പെർഫോം ചെയ്തിട്ടുണ്ട് എന്നല്ലാതെ മറ്റ് പരിചയ സമ്പത്തൊന്നും എനിക്കുണ്ടായിരുന്നില്ല. പിന്നെ ഒന്നും അറിയാത്തതുകൊണ്ട് ആദ്യത്തെ സിനിമ ചെയ്യുമ്പോൾ എനിക്ക് ടെൻഷനുണ്ടായിരുന്നില്ല. ലാളനം ആയിരുന്നു സിനിമ.

അച്ഛൻ വല്ലപ്പോഴും സെറ്റിൽ വന്ന് പോവുക മാത്രമെ ചെയ്തിരുന്നുള്ളു. ഞാനും കൂട്ടുകാരും കൂടെയായിരുന്നു പടത്തിന്റെ കൺട്രോളിങ്. അന്ന് എനിക്ക് ഇ​രുപത് ഇരുപത്തൊന്ന് വയസ് മാത്രമെയുള്ളു. ഊട്ടിയായിരുന്നു സിനിമയുടെ ലൊക്കേഷൻ. ഞങ്ങൾക്കൊരു ട്രിപ്പ് പോലെയായിരുന്നു. ബേബി ശ്യാമിലിയുമായുള്ള കോമ്പിനേഷൻ സീനായിരുന്നു സിനിമയിലെ എന്റെ ഇൻട്രൊഡക്ഷൻ സീൻ. ഈ സിനിമ ചെയ്തശേഷമാണ് നായകനായി അഭിനയിക്കണമെന്ന ആ​ഗ്രഹം എനിക്ക് വന്ന് തുടങ്ങിയത്.

ലാളനം സിനിമ പക്ഷെ സാമ്പത്തികമായി കാര്യമായി വിജയിച്ചില്ല. സിനിമയുടെ റിലീസിങിന്റെ സമയത്തായിരുന്നു നടൻ സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ. പുള്ളിയായിരുന്നല്ലോ സിനിമയിലെ ഹീറോ. അതോടെ ബാഡ് ഇംപ്രഷൻ വരികയും ഫാമിലി ഓഡിയൻസ് തിയേറ്ററിൽ കയറാതെ വരികയുമായിരുന്നു.

നല്ല സബ്ജക്ടുള്ള സിനിമയായിരുന്നു. പക്ഷെ വിജയിച്ചില്ല. അച്ഛന് ഭയങ്കര വിഷമമായിരുന്നു. ആ സിനിമ വിജയിച്ചിരുന്നുവെങ്കിൽ തുടർന്നും അച്ഛൻ സിനിമ എടുക്കുമായിരുന്നു. സിനിമ അറിയാത്ത മേഖലയായതുകൊണ്ട് ഒരുപാട് പൈസ നഷ്ടപ്പെട്ടിട്ടുണ്ട്.

ഒരുപാട് കാര്യങ്ങൾ സിനിമയിൽ നിന്നും പഠിച്ചു. മൂന്ന് ഷെഡ്യൂൾ ആയിട്ടാണ് സിനിമ എടുത്തത്. തുടർന്നും സിനിമയിൽ അഭിനയിക്കണമെന്നുണ്ടായിരുന്നു. പക്ഷെ എന്നെ ആരും ശ്രദ്ധിച്ചില്ല. കളിപ്പാട്ടത്തിൽ വിനീത് ചെയ്ത കഥാപാത്രത്തിന്റെ ഓഡീഷന് വേണ്ടി ഞാൻ പോയിട്ടുണ്ട്. അവസാനം വിനീത് തന്നെ ചെയ്തു.ആ സീൻ കാണുമ്പോൾ എനിക്ക് കിട്ടേണ്ട സീനായിരുന്നല്ലോ എന്ന് തോന്നാറുണ്ടെന്നും രാ​ഹുൽ പറയുന്നു.

 

Recent Posts