
ന്യൂദല്‍ഹി: ദല്‍ഹി സത്യനികേതനിൽ കെട്ടിടം ഇടിഞ്ഞ് ഏഴുപേര്‍ മരിച്ച സംഭവത്തില്‍ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യ ഊര്‍മിള, മകന്‍ മഹേഷ് എന്നിവര്‍ അറസ്റ്റിലായി. അപകടത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ ഹരിറാം ഗുപ്തയെ നേരത്തെ രാജസ്ഥാനിലെ ഭീവണ്ടിയില്‍ നിന്ന് പോലീസ് പിടികൂടി നരഹത്യക്ക് കേസെടുത്തിരുന്നു. കെട്ടിടത്തിന്റെ രജിസ്ട്രേഷന്‍ ഊര്‍മിളയുടെ പേരിലും വൈദ്യുതി കണക്ഷന്‍ മഹേഷിന്റെ പേരിലുമാണ്. അച്ഛനും മകനും ചേർന്നാണ് നടത്തിപ്പ്. വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥനാണ് ഹരിറാം ഗുപ്‌ത. സംഭവത്തിൽ എം സി ഡി ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ അഞ്ച് മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
ഞായറാഴ്ച ഉച്ചക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. അപകടത്തില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് വിദ്യാര്‍ഥികളും രണ്ട് തൊഴിലാളികളുമാണ് മരിച്ചത്. പരുക്കേറ്റ നാല് വിദ്യാര്‍ഥികളുടെ നില ഗുരുതരമായി തുടരുകയാണ്. കെട്ടിടത്തിന്റെ ബേസ്മെന്റിൽ അനുമതിയില്ലാതെ നിർമാണ പ്രവർത്തികൾ നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ദല്‍ഹിയിൽ പെയ്ത മഴയിൽ ബേസ്മെന്റിൽ വെള്ളം കയറിയിരുന്നു. ഇതിനോടൊപ്പം കെട്ടിടത്തിന്റെ കാലപ്പഴക്കവും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു.