India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ആദിശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും ആശയങ്ങളും സംഭാവനകളും കൂടുതൽ ജനങ്ങളിലെത്തിക്കണം:

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാനമുണ്ടെന്നും ഇരുവരുടെയും മഹത്തായ സന്ദേശങ്ങൾ കേരളത്തിന് മാത്രമല്ല, ഭാരതത്തിനും ലോകത്തിനാകെയും പ്രസക്തമാണെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.

ആദിശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും ആശയങ്ങളും സംഭാവനകളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈ സിയോൺ ശ്രീ മാനവ സേവാ സംഘം ഹാളിൽ ബോംബെ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.

ആദിശങ്കരാചാര്യരുടെ നാടെന്ന നിലയിൽ കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിൽ അഭിമാനിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം ശ്രീനാരായണ ഗുരുവിന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശം മനുഷ്യരെയാകെ ഒന്നിപ്പിക്കുന്ന മഹത്തായ ദർശനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദിശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും സന്ദേശങ്ങൾ കേരളത്തിന്റെ അതിരുകൾക്കുള്ളിൽ മാത്രം ഒതുങ്ങേണ്ടതല്ല. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അവ കൂടുതൽ വ്യാപിപ്പിക്കണം. ഇരുവരുടെയും ആശയങ്ങൾക്ക് കാലാതീതമായ ആഗോള പ്രസക്തിയുണ്ടെന്നും ഗവർണർ പറഞ്ഞു.

ജാതി-മത വ്യത്യാസങ്ങൾക്കതീതമായി എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ഓണം ദേശീയ ഐക്യത്തിന്റെ ജീവിക്കുന്ന മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിലെ ഓണാഘോഷങ്ങൾ നേരിട്ട് കാണാൻ അവസരം ലഭിച്ചു. ഓണം എല്ലാ സമുദായങ്ങളുടെയും ആഘോഷമാണെന്നത് വെറും പ്രയോഗമല്ലെന്നും കേരളത്തിലെ വിവിധ സമുദായങ്ങൾ യഥാർഥത്തിൽ ഒരുമിച്ച് ആഘോഷിക്കുന്ന ഉത്സവമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഐക്യത്തെയും വൈവിധ്യത്തിലെ ഏകതയെയും കുറിച്ച് നാം പലപ്പോഴും സംസാരിക്കാറുണ്ട്. അതിന്റെ സാക്ഷാത്കരിക്കപ്പെട്ട മാതൃകയാണ് ഓണം. എല്ലാവരും ഒരുമിച്ച് ആഘോഷിക്കുമ്പോഴാണ് ആഘോഷങ്ങൾക്ക് യഥാർഥ അർഥവും സൗന്ദര്യവും ലഭിക്കുന്നതെന്നും ആർലേക്കർ പറഞ്ഞു. മഹാബലി എല്ലാവരെയും ഒരുപോലെ സ്നേഹിച്ച നല്ല ഭരണാധികാരിയായിരുന്നു. സമത്വവും സന്തോഷവും നിറഞ്ഞ ഭരണത്തിന്റെ ഓർമയാണ് ഓണത്തിലൂടെ മലയാളികൾ പുതുക്കുന്നത്. മഹാബലിയുടെ സന്ദേശം ഉൾക്കൊണ്ട് രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കേരളത്തിലെ സാമൂഹിക ജീവിതത്തിൽ കാണുന്ന അച്ചടക്കവും മാതൃകാപരമാണെന്ന് ഗവർണർ പറഞ്ഞു. വലിയ ജനക്കൂട്ടം പങ്കെടുത്ത ക്ഷേത്രദർശന വേളയിൽ പോലും ജനങ്ങൾ പാലിച്ച അച്ചടക്കം നേരിട്ട് അനുഭവിച്ചതായി അദ്ദേഹം പറഞ്ഞു. പൊതുജീവിതത്തിലും സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഈ അച്ചടക്കബോധം വളർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രങ്ങൾ ആരാധനയുടെ കേന്ദ്രങ്ങൾ മാത്രമല്ല, സാമൂഹിക സേവനത്തിന്റെ കേന്ദ്രങ്ങളായും മാറണമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. ക്ഷേത്രങ്ങൾക്ക് ഗോശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യപരിപാലന സംവിധാനങ്ങൾ എന്നിവ ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. ക്ഷേത്രങ്ങളിലൂടെ സമൂഹത്തിന് കൂടുതൽ സേവനം നൽകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിൽ താമസിക്കുന്ന കേരളീയർ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക, വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകളെ ഗവർണർ അഭിനന്ദിച്ചു.

കേരളത്തിൽ നിന്നെത്തിയവരാണെന്ന ചിന്തയിൽ മാറിനിൽക്കാതെ മഹാരാഷ്‌ട്രയുടെ വികസനത്തിന്റെ ഭാഗമാകണം. മഹാരാഷ്‌ട്രയുടെ പുരോഗതി കേരളീയരുടെയും പുരോഗതിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവയ്‌ക്കുന്ന “ഒരു ഭാരതം, ശ്രേഷ്ഠ ഭാരതം” എന്ന ആശയം ഇത്തരം ആഘോഷങ്ങളിലൂടെ ശക്തിപ്പെടുകയാണെന്ന് ഗവർണർ പറഞ്ഞു. ഭാരതത്തിന്റെ ഏകത കൂടുതൽ ശക്തിപ്പെടുത്തുകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2047ഓടെ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യം ഓരോ ഭാരതീയന്റെയും സ്വപ്നമായിരിക്കണം. വികസിത ഭാരതം സർക്കാരിന്റെ മാത്രം സ്വപ്നമല്ല; ഓരോ പൗരന്റെയും സ്വപ്നവും ഉത്തരവാദിത്വവുമാണ്. “വികസിത ഭാരതത്തിനായി എന്റെ സംഭാവന എന്തായിരിക്കും?” എന്ന ചോദ്യം ഓരോരുത്തരും സ്വയം ചോദിക്കണമെന്നും ഗവർണർ പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ വികസിത മഹാരാഷ്‌ട്രയ്‌ക്കും നിർണായക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്‌ട്രയുടെ വളർച്ചയ്‌ക്കായി ഓരോരുത്തരും നൽകുന്ന സംഭാവന വികസിത ഭാരതത്തിനുള്ള സംഭാവന കൂടിയാണ്. കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ഒന്നുചേർന്ന് “ഒരു ഭാരതം, ശ്രേഷ്ഠ ഭാരതം” എന്ന ലക്ഷ്യത്തിലേക്ക് മുന്നേറണമെന്നും ഗവർണർ ആഹ്വാനം ചെയ്തു.

ബോംബെ കേരളീയ സമാജം ഭാരവാഹികളായ ഡോ. എസ്. രാജശേഖരൻ നായർ, ക്യാപ്റ്റൻ കെ. ദേവദാസ്, സെക്രട്ടറി എ. ആർ. ദേവദാസ്, ട്രഷറർ എം. വി. രവി, ജോയിന്റ് സെക്രട്ടറി കെ. ശശി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.