India

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കത്ത: ബംഗാളിലെ വിദ്യാഭ്യാസമേഖലയില്‍ നിര്‍ണായക മാറ്റത്തിന് ഒരുങ്ങി സുവേന്ദു സര്‍ക്കാര്‍. വിദ്യാഭാരതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ 1000 സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും നഗരസഭകളിലും പഞ്ചായത്തുകളിലും സ്‌കൂളുകള്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

ദേശീയബോധവും ഭാരതീയ സംസ്‌കാരവും പാരമ്പര്യവും മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് വിദ്യാഭാരതിക്ക് കീഴില്‍ 313 സ്‌കൂളുകളാണുള്ളത്. ഇവയുടെ എണ്ണം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 1000 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

മുന്‍ സര്‍ക്കാരുകളുടെ കാലത്തെ വിദ്യാഭ്യാസനയത്തെ രൂക്ഷമായി വിമര്‍ശിച്ച സുവേന്ദു, മൂല്യങ്ങള്‍, പാരമ്പര്യം, ദേശസ്‌നേഹം, ദേശീയത എന്നിവ സംരക്ഷിക്കുന്ന വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും പറഞ്ഞു. വിദ്യാഭാരതി സ്‌കൂളുകളുടെ ശൃംഖല വിപുലീകരിക്കുന്നത് ഇതിന്റെ ഭാഗമായാണ് അവതരിപ്പിച്ചത്.

മദ്രസ വിദ്യാഭ്യാസത്തിനായി പ്രത്യേക ഭരണസംവിധാനം നിലനിര്‍ത്തുന്നതിനെതിരെയും അദ്ദേഹം നിലപാട് വ്യക്തമാക്കി.

അതേസമയം സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം അടിസ്ഥാനസൗകര്യ വികസനത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏകദേശം 19000 സ്‌കൂളുകളില്‍ അടിസ്ഥാനസൗകര്യങ്ങളുടെ കുറവുണ്ടെന്ന കണക്കും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ധ്യാപക നിയമന നടപടികള്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കി.