കൊച്ചി: കേരളത്തിൽ യുവാക്കളിൽ എയ്ഡ്സ് ബാധിതരുടെ എണ്ണം കൂടുന്നു. സ്വവർഗരതിയുമായി ബന്ധപ്പെട്ടുള്ള കേസുകളിലാണ് വര്‍ധനവ്. 15-നും 24-നും ഇടയിൽ പ്രായമുള്ളവരിലാണ് ഇത് കൂടുതലായും കാണുന്നത്. എംഎസ്എം അഥവാ സ്വവർഗരതിയുമായി ബന്ധപ്പെട്ടുള്ള എച്ച്ഐവി ബാധിതരുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർധിച്ചുവരികയാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമാണ് കേസുകൾ വർധിക്കാൻ കാരണം.
2025-26 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത പുതിയ എച്ച്‌ഐവി കേസുകളിൽ 29 ശതമാനവും എംഎസ്എം (പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ) വിഭാഗത്തിലായിരുന്നു. എന്നാൽ 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ തന്നെ ഈ വിഹിതം 31 ശതമാനമായി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
യുവാക്കൾക്കിടയിൽ സാമൂഹികമാധ്യമങ്ങളും ഡേറ്റിംഗ് ആപ്പുകളും വഴിയുള്ള പരിചയങ്ങൾ വർധിച്ചതിനൊപ്പം സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളും എച്ച്‌ഐവി വ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോൺഡം ഉൾപ്പെടെയുള്ള സുരക്ഷാ മാർഗങ്ങൾ സ്ഥിരമായി ഉപയോഗിക്കാത്തത്, എച്ച്‌ഐവി ഉൾപ്പെടെയുള്ള ലൈംഗികരോഗങ്ങളെക്കുറിച്ചുള്ള അവബോധക്കുറവ്, പരിശോധന നടത്താനുള്ള വിമുഖത തുടങ്ങിയവയും രോഗവ്യാപനത്തിന് കാരണമാകാം.
പുതിയ പങ്കാളികളുമായി സുരക്ഷിതമായ ലൈംഗികബന്ധം ഉറപ്പാക്കുക, ആവശ്യമായ സാഹചര്യങ്ങളിൽ എച്ച്‌ഐവി പരിശോധന നടത്തുക, രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് കൃത്യമായ അറിവ് നേടുക എന്നിവ പ്രധാനമാണ്. എച്ച്‌ഐവി ബാധിച്ചാൽ ഉടൻ ചികിത്സ തേടുന്നതും നിർണായകമാണ്.
ആന്റിറെട്രോവൈറൽ ചികിത്സയിലൂടെ വൈറസിന്റെ അളവ് നിയന്ത്രിക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും സാധിക്കും. അതേസമയം, എച്ച്‌ഐവി ഒരു പ്രത്യേക ലൈംഗിക തിരിച്ചറിയലുമായോ വിഭാഗവുമായോ മാത്രം ബന്ധപ്പെട്ട രോഗമല്ലെന്നും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഉൾപ്പെടെ വിവിധ സാഹചര്യങ്ങളിലൂടെയാണ് വൈറസ് പകരുന്നതെന്നും ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുന്നു. അതിനാൽ രോഗത്തെക്കുറിച്ചുള്ള ഭയത്തിനും സ്റ്റിഗ്മയ്‌ക്കും പകരം ശാസ്ത്രീയമായ അവബോധം, കൃത്യമായ പരിശോധന, സുരക്ഷിതമായ ലൈംഗികരീതികൾ, ആവശ്യമായ ചികിത്സ എന്നിവയ്‌ക്ക് പ്രാധാന്യം നൽകണമെന്നാണ് വിദഗ്ധരുടെ നിർദേശം.
















