Kerala

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: വീണ്ടും കള്ളക്കടല്‍ പ്രതിഭാസം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ വ്യാഴാഴ്ച ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കൊല്ലം ആലപ്പാട്ട് മുതല്‍ ഇടവ വരെയും ആലപ്പുഴ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയുമുള്ള തീരപ്രദേശങ്ങളില്‍ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കന്യാകുമാരി തീരത്തും വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ രാത്രി 11.30 വരെയും 1.1 മുതല്‍ 1.5 മീറ്റര്‍ വരെ കടലാക്രമണ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. മുന്നറിയിപ്പ് സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

 

 

 

Recent Posts