ഒറിഗോണ്‍: അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഭാരതം വീണ്ടും മൂന്ന് മെഡല്‍ നേട്ടവുമായി മത്സരങ്ങള്‍ അവസാനിപ്പിച്ചു. രണ്ട് വെള്ളിയും ഒരു വെങ്കലവും സഹിതം ആണ് ഭാരതത്തിന്റെ മൂന്ന് മെഡല്‍ നേട്ടങ്ങള്‍.
മൂന്ന് മെഡലുകളും സ്വന്തമാക്കിയത് പുരുഷ താരങ്ങളാണ്. ജാവലിന് ത്രോയില്‍ 74.09 മീറ്റര്‍ ദൂരം എറിഞ്ഞ് ആശിഷ് യാദവ് വെള്ളി സ്വന്തമാക്കിയതിന് പിന്നാലെ ഹൈജംപില്‍ ബസന്ത് കുമാര്‍ മേഘ്‌വാള്‍ വെള്ള നേടി. 2.21 മീറ്റര്‍ ഉയരം മറികടന്നായിരുന്നു ചരിത്രത്തില്‍ ആദ്യമായി ഹൈജംപില്‍ നിന്നും ഭാരത താരത്തിന്റെ ഈ നേട്ടം. പോരാട്ടങ്ങളുടെ അവസാന ദിവസമായിരുന്നു ഈ വിജയം. ഇതേ ദിവസമാണ് 7.84 മീറ്റര്‍ ദൂരം താണ്ടി ലോങ് ജംപില്‍ ഷാനവാസ് ഖാന്‍ ഭാരതത്തിനായി വെങ്കല മെഡല്‍ നേടിയത്. ഈ വേദിയില്‍ ലോങ് ജംപിലും ഭാരതത്തിന്റെ ആദ്യ മെഡല്‍ നേട്ടമാണ്.
കഴിഞ്ഞ തവണ പെറുവിലെ ലിമിയില്‍ നടന്ന അണ്ടര്‍20 ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം പത്ത് കിലോമീറ്റര്‍ നടത്തത്തില്‍ ആരതി നേടിയ വെങ്കല മെഡല്‍ മാത്രമാണ് ഭാരതത്തിന് ആശ്വസിക്കാനുണ്ടായിരുന്നത്. 2022ല്‍ ഭാരതം രണ്ട് വെള്ളിയും ഒരു വെങ്കലവും സഹിതം മൂന്ന് മെഡലുകള്‍ നേടിയിരുന്നു. 2018ല്‍ ഫിന്‍ലന്‍ഡിലെ ടാംപിയറില്‍ നടന്ന പോരാട്ടത്തിലാണ് ഭാരതം ഏറ്റവും അവസാനമായി സ്വര്‍ണം നേടിയത്. വനിതകളുടെ 400 മീറ്ററില്‍ ഹിമ ദാസ് ആണ് ആ നേട്ടം കൈവരിച്ചത്.











