
കേരളത്തിന്റെ തൊഴില്‍ മേഖലയ്‌ക്കും സംഘ പ്രസ്ഥാനങ്ങള്‍ക്കും നികത്താനാകാത്ത നഷ്ടം വരുത്തിക്കൊണ്ട് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. കെ. അജിത്ത് വിടവാങ്ങി. ഏതാണ്ട് ഒരു വര്‍ഷക്കാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ എബിവിപി പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തനത്തിലെത്തിച്ചേരുന്നത്. ആര്‍എസ്എസിന്റെ വിവിധ ചുമതലകള്‍ പല കാലഘട്ടങ്ങളിലായി അജിത്ത് വഹിച്ചു. ഒരുകാലത്ത് തിരുവനന്തപുരത്തിന്റെ തെക്കന്‍ പ്രദേശങ്ങള്‍ സംഘര്‍ഷ പൂരിതമായിരുന്ന സന്ദര്‍ഭങ്ങളില്‍ ആ പ്രദേശത്ത് ആകെ ആത്മവിശ്വാസം പകര്‍ന്നു നല്‍കി ഏത് പ്രതിസന്ധിയുടെ നടുവിലും ഉറച്ചുനിന്നിരുന്ന ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്നു അജിത്ത്.
വേങ്കോട് സഹോദരന്മാര്‍ എന്നറിയപ്പെടുന്ന ജി.കെ. മോഹനചന്ദ്രന്‍, ജി.കെ. സുരേഷ്, ജി.കെ അജിത്ത് എന്നിവര്‍ സംഘപ്രസ്ഥാനങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ന് ഒരുപക്ഷേ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരണം നേടുമ്പോള്‍ ഒരുകാലത്ത് സംഘപ്രസ്ഥാനങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ജി. കെ. അജിത്ത് വഹിച്ച പങ്ക് അവിസ്മരണീയമാണ്.
2001ല്‍ എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ നരനായാട്ടില്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി അതിന്റെ മുന്‍നിരയില്‍ ജി.കെ. അജിത്ത് ഉണ്ടായിരുന്നു. 1998ല്‍ നെയ്യാറ്റിന്‍കര മേഖലാ സെക്രട്ടറിയായി ബിഎംഎസ് പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 2005ല്‍ ബിഎംഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി, 2012 ല്‍ സംസ്ഥാന സെക്രട്ടറി, 2015 ല്‍ സംസ്ഥാന ട്രഷററായും പ്രവര്‍ത്തിച്ചു. 2020ലാണ് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്.
ഒരുകാലത്ത് സിപിഎമ്മിന്റെ സമഗ്രാധിപത്യത്തിലായിരുന്ന കെഎസ്ആര്‍ടിസിയില്‍ വന്‍ മുന്നേറ്റം നടത്തിക്കൊണ്ട് അവിടുത്തെ ജീവനക്കാര്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുന്ന തരത്തില്‍ ബിഎംഎസിന്റെ പ്രവര്‍ത്തനം എത്തിക്കുന്നതിനും കെഎസ്ആര്‍ടിസിയില്‍ അംഗീകാരം നേടുന്നതിനും കെഎസ്ടി എംപ്ലോയിസ് സംഘ് പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായി. കെഎസ്ആര്‍ടിസിയില്‍ പത്തുവര്‍ഷക്കാലം മുടങ്ങിക്കിടന്ന ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം യാഥാര്‍ത്ഥ്യമാക്കുന്നതിനും കൃത്യമായി മാസശമ്പളം ലഭിക്കുന്നതിനും പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ക്കും വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം കൊടുത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നിരവധി സ്ഥാപനങ്ങളില്‍ ബിഎംഎസിന് അംഗീകാരം നേടുന്നതില്‍ വലിയ പങ്കുവഹിച്ചു. പ്രത്യേകമായി എടുത്തുപറയേണ്ടത് ഡിഫന്‍സ് സ്ഥാപനങ്ങളില്‍, കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍, എംആര്‍എഫ് അടക്കമുള്ള മറ്റു സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെയും റഫറണ്ട വിജയങ്ങള്‍ക്കും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
കേരളത്തില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങള്‍ മുന്നോട്ടു കൊണ്ടുവരുന്നതിലും വലിയ പങ്കാണ് അദ്ദേഹം നിര്‍വഹിച്ചിരുന്നത് ബിഎംഎസിന്റെ മസ്ദൂര്‍ സേവാ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് ലക്ഷക്കണക്കിന് രൂപയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന വ്യാപകമായി എത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വലിയ പരിശ്രമം ഉണ്ടായി. കോവിഡിന് ശേഷം സേവാ ട്രസ്റ്റിലൂടെ പ്രതിമാസം ഇന്നും ലക്ഷക്കണക്കിന് രൂപയുടെ സഹായങ്ങള്‍ തൊഴിലാളികള്‍ക്ക് കേരളത്തിലെമ്പാടും നല്‍കി വരുന്നു.
ഇപിഎഫ് അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മിനിമം പെന്‍ഷന്‍ ഉയര്‍ത്തുന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പതിനായിരക്കണക്കിന് തൊഴിലാളികളെ സംഘടിപ്പിച്ച് തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ച്, അസംഘടിത തൊഴിലാളി മേഖലയിലെ തൊഴിലാളികളുടെ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനും കൃത്യമായി വിതരണം ചെയ്യുന്നതിനും വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച്, ലേബര്‍20 യുടെ ഭാഗമായി സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി 4000 ത്തിലധികം പേരെ പങ്കെടുപ്പിച്ച് തിരുവനന്തപുരം കവടിയാര്‍ പാലസില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്ത വനിതാ സംഗമം തുടങ്ങിയ പരിപാടികളുടെ സംഘാടന മികവ് ശ്രദ്ധേയമാണ്.
ഇതിനുപുറമേ തൊഴിലാളി മേഖലയെ സംബന്ധിക്കുന്ന ഓരോ വിഷയത്തിലുമുള്ള ആഴത്തിലുള്ള പഠനം അനിവാര്യമാണെന്ന് മനസ്സിലാക്കി കേരളത്തിലെ ബിഎംഎസിന്റെ എറണാകുളം കേന്ദ്രീകരിച്ചുള്ള തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിക്കൊണ്ട് നിരവധി പുസ്തകങ്ങള്‍ തയ്യാറാക്കുന്നതില്‍ അദ്ദേഹം നേതൃത്വം കൊടുത്തു. എല്ലാ സൗകര്യങ്ങളോടും കൂടി ഒരു തൊഴിലാളി പഠന ഗവേഷണ കേന്ദ്രം തിരുവനന്തപുരത്ത് ആരംഭിക്കണം എന്നത് അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഇന്ത്യയില്‍ നടപ്പാക്കിയ പ്ലാന്റേഷന്‍ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ഈ കാലഘട്ടത്തില്‍ കഴിഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായും വലിയ തരത്തിലുള്ള ബന്ധം അജിത്ത് നിലനിര്‍ത്തി. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട നിരന്തരമായ സമരത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കി. അദ്ദേഹത്തിന്റെ വിയോഗം ഓരോ ബിഎംഎസ് പ്രവര്‍ത്തകനും വേദനയുളവാക്കുന്നതാണ്. കേരളത്തിലെ ഏറ്റവും ശക്തമായ ഒരു തൊഴിലാളി സംഘടനയായി ബിഎംഎസിനെ വളര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയമാണ് 54-ാം മത്തെ വയസ്സിലാണ് അദ്ദേഹം നമ്മെ വിട്ടുപിരിയുന്നത്. ഒരുപാട് കാലം കേരളത്തിലെ തൊഴില്‍ മേഖലയില്‍ തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടിയിരുന്ന ജി.കെ അജിത്തിന്റെ വേര്‍പാട് ഏറെ വേദനയും ദുഃഖവും ഉണ്ടാക്കുന്നതാണ് കേരളത്തിലെ മുഴുവന്‍ ബിഎംഎസ് പ്രവര്‍ത്തകരുടെയും അശ്രുപൂജ ഈ അവസരത്തില്‍ അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ബിഎംഎസ് കുടുംബം ഒന്നാകെ പങ്കുചേരുകയും ചെയ്യുന്നു.