ന്യൂദൽഹി: ലൈംഗിക പീഡന കേസിൽ മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കുറ്റവിമുക്തമാക്കി ഡൽഹിയിലെ റൗസ് അവന്യൂ കോടതി. കുറ്റങ്ങൾ സ്ഥാപിക്കുന്നതിൽ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി ഉത്തരവിട്ടു. 2023-ൽ പ്രമുഖ ഗുസ്തി താരങ്ങൾ ഇദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു.
ഉത്തർ പ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള മുൻ ലോക്‌സഭാ എംപിയാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങ്. 2023 തുടക്കത്തിൽ രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങൾ അദ്ദേഹത്തിനെതിരെ ദൽഹിയിൽ വലിയ സമരങ്ങൾ നടത്തിയിരുന്നു. ഏഴ് വനിതാ താരങ്ങളും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു താരവുമാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച് രംഗത്ത് എത്തിയത്.
2011 മുതല്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അംഗമായ ബ്രിജ് ഭൂഷണ്‍ സിംഗ് ഉത്തർപ്രദേശിൽ നിന്ന് ആറ് തവണ പാർലമെന്റ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഞ്ച് തവണ ഭാരതീയ ജനതാ പാർട്ടി ടിക്കറ്റിലും ഒരു തവണ സമാജ്‌വാദിയിലും ആണ് അദ്ദേഹം വിജയിച്ചത്. കൂടാതെ അയോധ്യയിലെ രാമജന്മഭൂമി വിഷയത്തിൽ പ്രമുഖ നേതാവുമായിരുന്നു സിംഗ്. അയോധ്യ മുതൽ ശ്രാവസ്തി വരെ 100 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ ബ്രിജ് ഭൂഷണ്‍ സിംഗിനുണ്ട്.
















