
ന്യൂദല്‍ഹി: ഭാരതത്തിന്റെ ഹോക്കി ടീമിന് ഇനി കാവിനിറമുള്ള ജേഴ്‌സി. ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ ടീം കാവി നിറത്തിലുള്ള ജേഴ്സി ധരിക്കും. കളിക്കാരുടെയും പരിശീലകരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും അഭിപ്രായങ്ങള്‍ തേടിയ ശേഷമാണ് ഹോക്കി ഇന്ത്യ ഫെഡറേഷന്‍ ടീമിന്റെ ജേഴ്‌സി കാവിനിറമാക്കാന്‍ തീരുമാനിച്ചത്. കാവി നിറമാക്കിയതിനെ ചിലര്‍ വിവാദമാക്കിയ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ഫെഡറേഷന്‍ തന്നെ രംഗത്തെത്തി. നിലവിലെ അന്താരാഷ്‌ട്ര ഹോക്കി ടര്‍ഫുകളുടെ സാധാരണ നിറം നീലയാണ്. അതിനാല്‍ നീല നിറത്തിലുള്ള ജേഴ്സി ആശയക്കുഴപ്പമുണ്ടാക്കും. അതിനാലാണ് പുതിയ കളര്‍ അവതരിപ്പിക്കുന്നതെന്ന് ഹോക്കി ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. ”മറ്റ് പല നിറങ്ങളും പരിഗണിച്ച ശേഷമാണ് കാവി തിരഞ്ഞെടുത്തത്. സാങ്കേതിക ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം, ധീരതയുടെയും ദേശീയ അഭിമാനത്തിന്റെയും പ്രതീകമായ നമ്മുടെ ദേശീയ പതാകയിലെ നിറങ്ങളിലൊന്ന് എന്ന നിലയിലും കാവിക്ക് വലിയ പ്രാധാന്യമുണ്ട്.” ഫെഡറേഷന്‍ വ്യക്തമാക്കി.
ദേശീയ ടീമിന്റെ ജേഴ്സി കളര്‍ മാറ്റുന്നത് ഇതാദ്യമല്ല. 2014 ലോകകപ്പില്‍ ഇന്ത്യന്‍ ടീം മഞ്ഞ ജേഴ്സി അണിഞ്ഞിട്ടുണ്ട്. 2018 ലെ ലോകകപ്പില്‍ ആകാശനീല നിറമായിരുന്നു ഭരത ജേഴ്‌സിക്ക്. ഭാരതത്തിന്റെ ലോകകപ്പ് സംഘത്തെ ഹര്‍മന്‍പ്രീത് സിംഗ് നയിക്കും. ബെല്‍ജിയത്തിലും നെതര്‍ലന്‍ഡ്സിലുമായാണ് ലോകകപ്പ്. 51 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഭാരതം അവസാനം ലോകകിരീടമുയര്‍ത്തുന്നത്.