പാലക്കാട്: കേരളത്തെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി മാറ്റിവെച്ചു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി നാലിലെ ജഡ്ജിയുടെ ആരോഗ്യപ്രശ്നം മൂലമാണ് വിധി പറയുന്നത് മാറ്റിവെച്ചത്. അടുത്ത ദിവസം തന്നെ വിധി പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.
2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ചെന്താമര.
സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരുന്നതിനിടെ ജാമ്യത്തിലിറങ്ങിയാണ് ഇയാൾ സുധാകരനെയും ലക്ഷ്മിയെയും ക്രൂരമായി കൊലപ്പെടുത്തിയത്. തന്റെ കുടുംബം തകരാൻ കാരണം അയൽവാസികളാണെന്നാരോപിച്ച് സജിതയെ കൊലപ്പെടുത്തിയ പ്രതി, പക തീരാതെയാണ് സുധാകരനെയും ലക്ഷ്മിയെയും ലക്ഷ്യമിട്ടതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. വിചാരണാ വേളയിൽ കേസിൽ നിർണ്ണായക സാക്ഷികൾ കൂറുമാറിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.











