മട്ടാഞ്ചേരി: സൗജന്യറേഷന്‍ വിതരണത്തിനു കേരളത്തിലും ഗ്രെയിന്‍ എടിഎം മെഷിന്‍. കേന്ദ്ര സര്‍ക്കാരിന്റെ അന്നപൂര്‍ണയുടെ പദ്ധതി ഭാഗമാണിത്. കൊച്ചി, പറവൂര്‍, പിറവം എന്നിവിടങ്ങളില്‍ ഒരിടത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പ്രഥമ ഗ്രെയിന്‍ എടിഎം സ്ഥാപിക്കുക.
ദക്ഷിണ ഭാരതത്തിലെ ആദ്യ ധാന്യവിതരണ എടിഎം ആയിരിക്കുമിത്. ഓട്ടോമേറ്റഡ് മള്‍ട്ടി-കമ്മോഡിറ്റീസ് ഡിസ്‌പെന്‍സിങ് മെഷിന്‍ എന്നാണു പേര്. രാപകല്‍ ഭേദമെന്യെ ഈ സംവിധാനത്തില്‍ റേഷന്‍ ലഭ്യത ഉറപ്പാക്കുകയാണു ലക്ഷ്യം. 2024 ജൂണില്‍ ഒഡീഷ ഭുവനേശ്വറിലാണ് രാജ്യത്തെ ആദ്യ ഗ്രെയിന്‍ എടിഎം സ്ഥാപിച്ചത്. തുടര്‍ന്നിത് ഹരിയാന ഫറൂക്ക് നഗറിലും ബിഹാര്‍ പട്‌നയിലുമായി. രാജ്യത്തു നിലവില്‍ നാല് ഗ്രെയിന്‍ എടിഎമ്മുകളുണ്ട്.
റേഷന്‍ വിതരണ സംവിധാനത്തെ ആധുനികീകരിച്ച് സുതാര്യത, കൃത്യത, സ്ഥിരത എന്നിവയുറപ്പാക്കുകയാണ് ലക്ഷ്യം. ലോക ഭക്ഷ്യസുരക്ഷാ പദ്ധതി (വേള്‍ഡ് ഫുഡ് പ്രോഗ്രാം) ഭാഗമായി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണിത്. 2022ല്‍ ഡബ്ല്യൂഎഫ്പി അംഗീകാരം നേടി.
ബയോമെട്രിക് സംവിധാനത്തിലുള്ള എടിഎമ്മില്‍ നിന്ന് ഒരേസമയം 50-70 കിലോ വരെ ധാന്യം ലഭിക്കും. ഉപഭോക്താവ് റേഷന്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തി സ്വന്തം ബയോമെട്രിക് വിരലടയാളം പതിപ്പിക്കണം. തുടര്‍ന്ന് റേഷന്‍ അരി, ഗോതമ്പ്, ചോളം എന്നിവ കിട്ടും. റേഷന്‍ കടകളോട് ചേര്‍ന്നാണ് ധാന്യ എടിഎമ്മുകള്‍ സ്ഥാപിക്കുക. എടിഎമ്മുകള്‍ പ്രവര്‍ത്തിക്കാന്‍ സോളാര്‍ പാനലുകള്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍, ഓട്ടോ ഫില്ലിങ് ലിഫ്റ്റുകള്‍ എന്നിവ സ്ഥാപിക്കും. ഒരേസമയം 2500 കിലോ ധാന്യം സംഭരിക്കാനാകുന്ന എടിഎമ്മില്‍ റേഷന്‍ കടക്കാര്‍ യഥാസമയം ധാന്യം നിറയ്‌ക്കണം. രാജ്യത്ത് അഞ്ചു ലക്ഷത്തിലേറെ പൊതുവിതരണ കേന്ദ്രങ്ങള്‍ (റേഷന്‍കട) ഉണ്ട്. ഇവയിലൂടെ 81.3 ദശലക്ഷം പേര്‍ക്കാണ് സബ്‌സിഡിയായി കേന്ദ്ര സര്‍ക്കാര്‍ 2021 മുതല്‍ സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നത്.











