ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ വന്‍ സ്‌ഫോടനത്തിനു പദ്ധതിയിട്ട ഏഴ് ഐഎസ്‌ഐ അനുകൂല ഭീകരര്‍ പോലീസ് പിടിയില്‍. പാക് ഭീകരന്‍ ഷെഹ്സാദ് ഭട്ടി, ഇയാളുടെ സഹായി അജ്മല്‍ ഗുജ്ജര്‍ എന്നിവരുടെ ശൃംഖലയില്‍പ്പെട്ട സംഘത്തെയാണ് ദല്‍ഹി പോലീസ് പിടി കൂടിയത്. വധശ്രമമടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ ഗാസിയാബാദ് സ്വദേശികളായ അനസ് ത്യാഗി, മോഹിത്, ദീപക് അഗ്രോല, ആരിഫ് പ്രധാന്‍, ജതന്‍, സാബിര്‍, പഞ്ചാബ് സ്വദേശി കരണ്‍വീര്‍ സിങ് എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് അഞ്ച് അത്യാധുനിക സെമി-ഓട്ടോമാറ്റിക് പിസ്റ്റളുകള്‍, 41 ലൈവ് ബുള്ളറ്റുകള്‍, സ്‌കോര്‍പിയോ വാഹനം, ഷെഹ്സാദ് ഭട്ടിയുമായുള്ള ചാറ്റുകളും വോയ്സ് നോട്ടുകളും അടങ്ങിയ ഏഴു മൊബൈല്‍ ഫോണുകള്‍, ആയുധക്കടത്തിനുപയോഗിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
ദല്‍ഹിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുക, ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തുക എന്നിവയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.











