ന്യൂദല്‍ഹി: രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളില്‍ 170 എണ്ണം വിഭജിച്ച് അതിരുകള്‍ പുനര്‍ നിര്‍ണയിക്കാന്‍ ശിപാര്‍ശ. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ അംഗങ്ങളായ ഷാമി രവിയും മുദിത് കപൂറും ചേര്‍ന്ന് തയാറാക്കിയ മണ്ഡല പുനര്‍ നിര്‍ണയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.
വലിയ മണ്ഡലങ്ങളാണ് വിഭജിക്കുക. 170 മണ്ഡലങ്ങളില്‍ 59 മണ്ഡലങ്ങള്‍ രണ്ടായും 111 മണ്ഡലങ്ങള്‍ മൂന്നായും വിഭജിക്കണം. കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണ ഭാരത സംസ്ഥാനങ്ങളിലെ വലിയ മണ്ഡലങ്ങളും ഉള്‍പ്പെടുന്നു. ഇത് നടപ്പായാല്‍ കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 20ല്‍ നിന്ന് 30 ആയി ഉയരും. തമിഴ്‌നാട് 39ല്‍ നിന്ന് 59, കര്‍ണാടക 28ല്‍ നിന്ന് 42, തെലങ്കാന 17ല്‍ നിന്ന് 28, ആന്ധ്രപ്രദേശ് 25ല്‍ നിന്ന് 38, ഉത്തര്‍പ്രദേശ് 80ല്‍ നിന്ന് 120, മഹാരാഷ്‌ട്ര 48ല്‍ നിന്ന് 72 എന്നിങ്ങനെയാണ് വര്‍ദ്ധിക്കുന്നത്.
2027ലെ സെന്‍സസിന് ശേഷം മണ്ഡല പുനര്‍ നിര്‍ണയം നടപ്പാക്കാനാണ് സമിതി ശിപാര്‍ശ. മണ്ഡലത്തിന്റെ വലുപ്പം, ജനസംഖ്യ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിഭജിക്കുന്നത്.
രാജ്യവ്യാപകമായി അതിര്‍ത്തി നിര്‍ണയം നടത്തുന്നതിനും ലോക്‌സഭാ സീറ്റുകള്‍ 550ല്‍ നിന്ന് 824 ആയി ഉയര്‍ത്താനും ലോക്‌സഭ, നിയമസഭ സീറ്റുകള്‍ മൂന്നിലൊന്ന് സ്ത്രീകള്‍ക്കായി സംവരണം ഏര്‍പ്പെടുത്താനുമുള്ള ബില്ലുകള്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്രം. അതിനിടയിലാണ് മണ്ഡലം പുനര്‍ വിഭജിക്കാനുള്ള ശിപാര്‍ശ. സ്ത്രീകള്‍ക്ക് മാത്രമായുള്ള പോളിങ് ബൂത്തുകള്‍ വേണമെന്നും പോളിങ് സമയം കൂട്ടണമെന്നും ശിപാര്‍ശയിലുണ്ട്.












