മുംബൈ: യാത്രക്കാരില്‍ നിന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ 15 ഇ- കാറ്ററിങ് വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഭാരത റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി). ഭക്ഷണമെത്തിക്കുന്നതില്‍ താമസം, ഭക്ഷണത്തിന്റെ ഗുണനിലവാരം, റീ ഫണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച് യാത്രക്കാരില്‍ നിന്ന് പരാതി ലഭിച്ച വെബ്‌സൈറ്റുകളാണ് നിരോധിച്ചത്.
റെയില്‍റെട്രോ.കോം, റെയില്‍മിത്ര.കോം, കംസം.കോം, ട്രാവല്‍ഖാന.കോം, ട്രെയിന്‍കഫേ.കോം, റെയില്‍ഫുഡ്.നെറ്റ്, ട്രാവലര്‍ഫുഡ്.കോം, ഫുഡ്ഒണ്‍ട്രാക്ക്.ഇന്‍, ഇകാറ്ററിങ്.ആപ്പ് തുടങ്ങി 15 വെബ്‌സൈറ്റുകളാണ് നിരോധിച്ചത്. ഫെബ്രുവരിയില്‍ ഈ വെബ്‌സൈറ്റുകള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഐആര്‍സിടിസിയുടെ പ്ലാറ്റ്‌ഫോമുകള്‍ ആണെന്ന് അവകാശപ്പെട്ടായിരുന്നു ഈ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം. എന്നാല്‍ ഭക്ഷണം തങ്ങളുടെ ക്ലൗഡ് കിച്ചണുകളില്‍ നിന്നോ ബ്രാന്‍ഡുകളില്‍ നിന്നോ ഉണ്ടാക്കുന്നതല്ലെന്ന് ഐആര്‍സിടിസി വ്യക്തമാക്കി.
ഇതിനെല്ലാം പുറമെ ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ യാത്രക്കാരുടെ മൊബൈല്‍ നമ്പറുകളും, മേല്‍വിലാസവും എല്ലാം ശേഖരിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കും വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനും ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഔദ്യോഗിക ഇ- കാറ്ററിങ് വെബ്‌സൈറ്റ്, ഫുഡ് ഓണ്‍ ട്രാക്ക് മൊബൈല്‍ ആപ്പ്, 1323 ഹെല്‍പ്പ്‌ലൈന്‍ എന്നിവയിലൂടെ മാത്രമേ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.











