
ന്യൂദല്‍ഹി: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്ന ഫിഫ ലോകകപ്പിന് ഇന്ന് മെക്സിക്കോയില്‍ തുടക്കമാവുകയാണ്. ഭാരതത്തിലുടനീളം ലോകകപ്പ് ആവേശം ഇതിനകം തന്നെ കൊടുമുടിയിലെത്തിക്കഴിഞ്ഞു. ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ പിന്തുണയ്‌ക്കാനായി കൊടിയും തോരണങ്ങളുമായി തയ്യാറെടുത്തു കഴിഞ്ഞു.
സീ എന്റര്‍ടെയ്ന്‍മെന്റ്’ ഫിഫ ലോകകപ്പിന്റെ ഭാരതത്തിലെ ഔദ്യോഗിക സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ടിവി ചാനലുകളിലൂടെയും ഒടിടി പ്ലാറ്റ്ഫോമിലൂടെയും മത്സരങ്ങള്‍ തത്സമയം വീടുകളിലേക്ക് എത്തും. ഇതിനെല്ലാം പുറമെ, യാതൊരുവിധ സബ്സ്‌ക്രിപ്ഷന്‍ പണവും നല്‍കാതെ പൂര്‍ണ്ണമായും സൗജന്യമായി മത്സരങ്ങള്‍ കാണാനുള്ള വമ്പന്‍ അവസരവും ആരാധകര്‍ക്കായി ഒരുങ്ങിയിട്ടുണ്ട്.
സാധാരണക്കാരായ ലക്ഷക്കണക്കിന് ആരാധകര്‍ക്ക് ഒട്ടും നിരാശപ്പെടേണ്ടി വരില്ല. കേന്ദ്ര പൊതുമേഖലാ സംപ്രേഷകരായ ദൂരദര്‍ശന്‍ സഹായവുമായി രംഗത്തുണ്ട്. തങ്ങളുടെ സ്‌പോര്‍ട്സ് ചാനലിലൂടെ ടൂര്‍ണമെന്റിലെ ഏറ്റവും പ്രധാനപ്പെട്ടതും ആവേശകരവുമായ മത്സരങ്ങള്‍ ഡിഡി ഫ്രീ ഡിഷില്‍ സൗജന്യമായി സംപ്രേഷണം ചെയ്യുമെന്ന് ദൂരദര്‍ശന്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഡിഡി സ്‌പോര്‍ട്സില്‍ സൗജന്യമായി കാണാന്‍ കഴിയുന്ന മത്സരങ്ങള്‍
വന്‍ തുകയ്‌ക്കാണ് സീ നെറ്റ്വര്‍ക്ക് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. വെറുമൊരു ലോകകപ്പ് മാത്രമല്ല, വരാനിരിക്കുന്ന 2034 വരെയുള്ള കാലയളവില്‍ നടക്കാനിരിക്കുന്ന 38 അധിക ഫിഫ ടൂര്‍ണമെന്റുകളുടെയും ഇന്ത്യന്‍ സംപ്രേഷണാവകാശം ഈ കരാറിലൂടെ സീ ഉറപ്പിച്ചു കഴിഞ്ഞു. ലോകകപ്പ് പ്രമാണിച്ച് തങ്ങളുടെ സ്‌പോര്‍ട്സ് പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനായി നാല് പുതിയ അത്യാധുനിക സ്‌പോര്‍ട്സ് ചാനലുകളാണ് നെറ്റ്വര്‍ക്ക് അവതരിപ്പിച്ചിരിക്കുന്നത്: Unite8 Sports 1, Unite8 Sports 1 HD, Unite8 Sports 2, Unite8 Sports 2 HD.
മത്സരങ്ങളുടെ തത്സമയ വിവരണത്തിനും വിശകലനത്തിനും വിവിധ ഭാഷകളിലായി പ്രമുഖ ഫുട്ബോൾ താരങ്ങളും കമന്റേറ്റർമാരും ഒരുങ്ങിക്കഴിഞ്ഞു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ബംഗ്ലാ ഭാഷകളിലാണ് സംപ്രേക്ഷണമുള്ളത്.
പ്രമുഖ കമന്റേറ്റർമാരായ ഷൈജു ദാമോദരൻ, ഷിയാസ് മുഹമ്മദ് എന്നിവർക്കൊപ്പം മുൻ ഇന്ത്യൻ താരങ്ങളായ ജോ പോൾ അഞ്ചേരി, ഐ എം വിജയൻ എന്നിവർ മലയാളം സംപ്രേഷണത്തിന് കളിവിവരണം നൽകും. ഭാരത പുരുഷ ഫുട്ബോൾ പരിശീലകനായിരുന്ന ഈഗർ സ്റ്റിമാച്ച്, മുൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ, മുൻ ഇംഗ്ലണ്ട് താരങ്ങളായ പോൾ മാസെഫീൽഡ്, ആഷ്ലി വെസ്റ്റവുഡ്, സ്പോർട്സ് ജേണലിസ്റ്റ് സീമ ജസ്വാൾ എന്നിവർ ഇംഗ്ലീഷിലും ഭാരത പുരുഷതാരം ഗുർപ്രീത് സിങ് സന്ധു, മുൻ താരങ്ങളായ അദിതി ചൗഹാൻ, മെറാജുദീൻ വാദൂ, കമന്റേറ്റർമാരായ മനീഷ് ബട്ടാവിയ, അതിഷ് തുക്രൽ, സാഹിൽ ഖട്ടർ, അർപിത് ശർമ, അർജുൻ പണ്ഡിറ്റ് എന്നിവർ ഹിന്ദിയിലും കമന്ററി നൽകും.