തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യസമ്പത്ത് പുറമെ നിന്നെത്തുന്ന കൂറ്റന്‍ ബോട്ടുകള്‍ അശാസ്ത്രീയവും നിരോധിതവുമായ മാര്‍ഗങ്ങളിലൂടെ കൊള്ളയടിക്കുന്നു. ഇവരെ പിന്തിരിപ്പിക്കുന്നതിന് പകരം ബോട്ടുടമകളില്‍ നിന്ന് പാരിതോഷികം കൈപ്പറ്റി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അവരെ സഹായിക്കുകയാണ്.
പെയര്‍ ട്രോളിങ്, ബുള്‍ ട്രോളിങ്, ലൈറ്റ് ഫിഷിങ് എന്നിവ ഉപയോഗിച്ചാണ് അനധികൃത മീന്‍പിടിത്തം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 26 ഹാര്‍ബറുകളുടെ പരിധിയിലും വേളാങ്കണ്ണിയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വലിയ ബോട്ടുകള്‍ എത്തുന്നുണ്ട്.
ഇവ കേടുവന്ന നിരോധിത വലകള്‍ കടലില്‍ത്തന്നെ ഉപേക്ഷിക്കുന്നതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഈ പ്രേതവലകളില്‍ കുടുങ്ങി കടലാമകള്‍, സ്രാവുകള്‍, തിമിംഗലങ്ങള്‍, ഞണ്ടുകള്‍, കടല്‍പ്പക്ഷികള്‍, കടല്‍പ്പാമ്പുകള്‍ തുടങ്ങിയവ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും മുങ്ങല്‍ വിദഗ്ധര്‍ക്കും ഭീഷണിയാണ് പ്രേതവലകള്‍.
പെലാജിക് വലകളുമായി പെയര്‍ ട്രോളിങ്
രണ്ട് ബോട്ടുകള്‍ നിശ്ചിത അകലത്തില്‍ സഞ്ചരിച്ച് വലിയ വല ഉപയോഗിച്ച് മീന്‍പിടിക്കുന്നതാണ് പെയര്‍ ട്രോളിങ്. ഡബിള്‍നെറ്റ് എന്നും പേരുണ്ട്. 200 മീറ്ററിലേറെ നീളവും ചെറിയ കണ്ണികളുമുള്ള ‘പെലാജിക് വലകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം രാത്രിയിലാണ്. കുഞ്ഞുങ്ങളെ ഉള്‍പ്പെടെ വലയിലാക്കുന്നതിനാല്‍ മത്സ്യസമ്പത്ത് കുറയുന്നു, കടലിന്റെ സ്വാഭാവിക ജൈവ സന്തുലിതാവസ്ഥ തകരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കുന്നു. ഇത്തരം ബോട്ടുകള്‍ കണ്ടുകെട്ടി 2.5 ലക്ഷം രൂപ വരെ പിഴ ഈടാക്കണമെന്നാണ് നിയമം. പക്ഷെ ഒന്നുമുണ്ടാകാറില്ല.
മീന്‍മുട്ടകള്‍ പോലും കോരിയെടുക്കും
കുതിരശക്തി കൂടിയ രണ്ട് ബോട്ടുകള്‍ ഒരുമിച്ച് ചെറിയ കണ്ണികളുള്ള, കിലോമീറ്ററുകളോളം വീതിയുള്ള വല വലിച്ച് കടലിന്റെ അടിത്തട്ടിലുള്ള സര്‍വ ജീവജാലങ്ങളെയും തുടച്ചുമാറ്റുന്നതാണ് ബുള്‍ ട്രോളിങ്. അടിത്തട്ടിലെ വരെ മത്സ്യങ്ങളെ ഒന്നിച്ച് വലിച്ചെടുക്കും. മീന്‍ മുട്ടകള്‍ പോലും കുടുങ്ങും. ഇത് അടിത്തട്ടിലെ പവിഴപ്പുറ്റുകളും സസ്യങ്ങളും വരെ നശിപ്പിക്കും. കേരളതീരത്ത് സുലഭമായ അയല, മത്തി മുതലായ മീനുകളുടെ വംശനാശത്തിനും ഇടവരുത്തും.
രാത്രിയില്‍ ലൈറ്റ് ഫിഷിങ്
അര്‍ദ്ധരാത്രിക്കും പുലര്‍ച്ചെ നാല് മണിക്കുമിടയില്‍ തീവ്രതയേറിയ എല്‍ഇഡി ലൈറ്റുകളും ഹാലജന്‍ ലൈറ്റുകളും ഉപയോഗിച്ച് മീനുകളെ കൂട്ടത്തോടെ കെണിയില്‍പ്പെടുത്തി പിടിക്കുന്നതാണ് ലൈറ്റ് ഫിഷിങ്. വലിയ ബോട്ടുകളില്‍ ജനറേറ്ററുകള്‍ സ്ഥാപിച്ച് വെള്ളത്തിന് മുകളിലോ അടിയിലോ വലിയ പ്രകാശസംവിധാനങ്ങള്‍ ഒരുക്കുന്നു. കടലിലെ ചെറുമീനുകള്‍, കണവകള്‍, മത്തി, അയല എന്നിവ ഈ വെളിച്ചം കണ്ട് ഒരിടത്ത് വന്ന് തടിച്ചുകൂടും. കണവകളാണ് പ്രകാശത്തില്‍ കൂടുതലായും ആകര്‍ഷിക്കപ്പെടുന്നത്. ഇങ്ങനെ ഒരുമിച്ചുകൂടുന്ന മത്സ്യങ്ങളെ പെലാജിക് വലകള്‍ ഉപയോഗിച്ച് ട്രോളര്‍ ബോട്ടുകള്‍ ഒറ്റയടിക്ക് കോരിയെടുക്കുന്നു.
നടപടി വേണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍
പെയര്‍ ട്രോളിങ്, ബുള്‍ ട്രോളിങ്, ലൈറ്റ് ഫിഷിങ് എന്നിവ അടിയന്തരമായി നിരോധിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് ആവശ്യപ്പെട്ടു. ഇത് സമുദ്ര വിഭവങ്ങളുടെ അമിത ചൂഷണത്തിനും കുഞ്ഞുമീനുകളുടെ കൂട്ടക്കുരുതിക്കും കാരണമാകുന്നു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.















