തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ നിരവധി രോഗങ്ങളും പടർന്നു കയറുകയാണ്. വിവിധ പനികൾ സ്ഥിരീകരിച്ച് നിരവധി ആളുകളാണ് ആശുപത്രികളിൽ ചികിത്സയിൽ ഉള്ളത്. പ്രധാനമായും എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളാണ് പടർന്നു കയറുന്നത്. ഈ മാസം മാത്രം 670 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൂടാതെ 2153 പേർക്ക് രോഗ ബാധ ഉള്ളതായാണ് സൂചന. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി നിരവധി പേരാണ് ആശുപത്രിയിൽ എത്തുന്നത്.
ഇന്നലെ മാത്രം 34 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൂടാതെ 115 പേർക്ക് എലിപ്പനി ബാധിച്ചിട്ടുണ്ട്. ഈ മാസം മാത്രം 8 പേർ മരിച്ചതായും റിപ്പോർട്ട്. കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനം ആണ് ഇത്തരത്തിൽ രോഗങ്ങൾ പടർന്നു കയറുവാൻ കാരണമായത്. ഇടവിട്ടുള്ള മഴയും വെയിലും കൊതുക് പെറ്റു പെരുകാൻ കാരണമാകുന്നു. പ്രധാനമായും ഡെങ്കിപ്പനി പരത്തുന്ന കൊതുകളുടെ എണ്ണം വർദ്ധിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി കൂടുതൽ പടർന്നു കയറാൻ സാധ്യതയുണ്ട് എന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
കൃത്യമായ രീതിയിലെ മാലിന്യ സംസ്കരണം ഇല്ലായ്‌മ തന്നെയാണ് പ്രധാനമായും എലിപ്പനി പോലെയുള്ള രോഗങ്ങൾ പടരുവാൻ കാരണം. എലി, പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ മൂത്രം കലർന്ന വെള്ളത്തിലൂടെയോ മണ്ണിലൂടെയോ ആണ് ഇവ ശരീരത്തിലേക്ക് കയറുന്നത്. പ്രധാനമായും മുറിവുകളും മറ്റും ഉണ്ടെങ്കിൽ ഇതുവഴി ശരീരത്തിലേക്ക് കടക്കുന്നു. പനിയോടൊപ്പം കടുത്ത ശരീരവേദന, കണ്ണ് ചുവക്കുക, മൂത്രത്തിന്റെ നിറം മാറുക എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ.
ഡെങ്കിപ്പനി പരത്തുന്ന പ്രധാനമായും ഈഡിസ് കൊതുകുകൾ ആണ്. ശുദ്ധജലത്തിലാണ് ഇവ വളരുന്നത് അതായത് പ്രധാനമായും വീട്ടുപറമ്പിലോ ടെറസിലോ കിടക്കുന്ന ചിരട്ടകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, കപ്പ്, പൂച്ചട്ടികൾ, ടയറുകൾ എന്നിവയിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് കൊതുകു വളരാൻ മികച്ച സാഹചര്യം ഒരുക്കുന്നു.തലവേദന കണ്ണിനു പുറകിലെ വേദന ശരീരത്തിൽ ചുവന്ന പാടുകൾ യുവർ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായേക്കാം അതിനാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടനെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
















