ന്യൂഡൽഹി: കേന്ദ്രത്തിൽ കാബിനറ്റ് മന്ത്രിമാർക്ക് 15 പേരെയാണ് പേഴ്സണൽ സ്റ്റാഫായി നിയമിക്കാവുന്നത്. തമിഴ്നാട്ടിൽ ഒരാളെ മാത്രം സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം. ബാക്കിയുള്ളവർ സർക്കാർ സർവീസിലുള്ളവരായിരിക്കണം. കർണാടകയിൽ 14 പേരെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം. എന്നാൽ കേരളത്തിൽ 25 പേരെയാണ് പേഴ്,സൺ സ്റ്റാഫായി നിയമിക്കാൻ കഴിയുന്നത്. ഇതിൽ 17 പേരെ സ്വന്തംനിലയിലും വയ്‌ക്കാം.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വീപ്പ് തുടങ്ങിയ പദവിയിലുള്ളവരുടെ പേഴ്സണൽ സെക്രട്ടറിമാർക്ക് പെൻഷൻ നൽകുന്ന രീതി കേരളത്തിൽ മാത്രമാണ് ഉള്ളത്. 1994ൽ കെ കരുണാകരൻ സർക്കാരാണ് മന്ത്രിമാരുടെ സ്റ്റാഫിന് പെൻഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചത്. 1982 മുതൽ മുൻകാല പ്രാബല്യവും നൽകിയിരുന്നു. മിനിമം പെൻഷനായി 4750 രൂപയെങ്കിലും ഇത്തരത്തിൽ കൊടുക്കുന്നുണ്ട്. ഏതാണ്ട് നാനൂറോളം പേർ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ രാഷ്‌ട്രീയപരമായി നിയമിക്കപ്പെടാറുണ്ട്.
സുപ്രീംകോടതിയും, സിഎജിയും ഈ രീതിയെ വിമർശിച്ചിരുന്നു. വലിയ രീതിയിലുള്ള രാഷ്‌ട്രീയ നിമയമനങ്ങൾക്കും സാമ്പത്തിക ബാധ്യതയ്‌ക്കുമാണ് ഇത് വഴിതെളിക്കുന്നത്. മുൻ ശമ്പളപരിഷ്കരണ കമ്മിഷനും ഈ രീതിയെ എതിർത്തിരുന്നു. നാല് വർഷമെങ്കിലും ബാധകമാക്കണമെന്ന് ശുപാർശ നൽകിയെങ്കിലും മുൻ സർക്കാർ അത് സ്വീകരിച്ചിരുന്നില്ല. എന്നാൽ, പുതിയ തീരുമാനം ഖജനാവിന് മേലിലുള്ള സാമ്പത്തിക ഭാരം വലിയ രീതിയിൽ കുറയ്‌ക്കും. കൂടാതെ, അർഹരായവർക്ക് മാത്രം പെൻഷൻ ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്നതിലൂടെ ഭരണതലത്തിൽ കൂടുതൽ സുതാര്യത കൊണ്ട് വരാനും സാധിക്കും.












