കോഴിക്കോട് :സ്റ്റോപ്പില്ലാത്തിടത്ത് നിര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പ്രീമിയം ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച യുവതി തന്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തത് തന്റെ ഭാര്യയല്ല. ചാനലുകളുടെ വ്യാജ കാര്‍ഡിറക്കി കോണ്‍ഗ്രസ്, ലീഗ് ഹാന്‍ഡിലുകള്‍ പ്രചാരണം നടത്തുകയാണ്.
നുണകള്‍ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന തന്ത്രങ്ങള്‍ തുടരുകയാണെന്നും ചാനലുകളുടെ വ്യാജ കാര്‍ഡുകള്‍ വച്ച് വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണെന്നും വസീഫ് ആരോപിച്ചു.കേരളത്തില്‍ കുറച്ചു കാലമായി ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വലതുപക്ഷ കൂട്ടായ്‌മ നീചമായ രാഷ്‌ട്രീയ വേട്ടയ്‌ക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ്. ഇതു പോലുള്ള അധമ വൃത്തികള്‍ക്ക് മുമ്പില്‍ തോല്‍ക്കുന്നവരല്ല തങ്ങള്‍. ഭയലേശമില്ലാതെ രാഷ്‌ട്രീയ പോരാട്ടം തുടരുമെന്നും വസീഫ് ഫേസ്ബുക്കില്‍ കുറിച്ചു.
















