പങ്കാളിയുടെ അമിതമായ ആശ്രിതത്വവും മൂല്യങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുമാണ് തന്റെ മൂന്നാം വിവാഹം തകരാൻ കാരണമെന്ന് നടി മീരാ വാസുദേവ് . തന്റെ മൂന്നാം വിവാഹം എന്നത് ഒരു വലിയ പ്രണയത്തിന്റെ പേരിൽ എടുത്ത തീരുമാനമായിരുന്നില്ല. ആ വ്യക്തി തന്റെ മകനോട് കാണിച്ച സ്നേഹവും, പരിഗണനയുമാണ് അന്ന് ആ ബന്ധത്തിലേയ്‌ക്ക് നയിച്ചത് . മകന് ഒരു നല്ല അച്ഛനെ ലഭിക്കുമെന്ന് കരുതിയെങ്കിലും ആ കണക്കുകൂട്ടലുകൾ തെറ്റായിരുന്നു. പങ്കാളിയെ അമ്മയെ പോലെ കണ്ട് സ്പൂൺ ഫീഡിംഗ് ആഗ്രഹിക്കുന്ന പുരുഷന്മാരുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും മീരാ വാസുദേവ് പറയുന്നു.
‘ എന്റെ വിവാഹജീവിതങ്ങളെ കുറിച്ച് പറയുമ്പോൾ പലർക്കും അത് വെറും ഗോസിപ്പുകൾ മാത്രമായിരിക്കാം . പക്ഷെ എനിക്ക് അത് എന്റെ ജീവിതമായിരുന്നു. വിവാഹമോചനത്തിലേയ്‌ക്ക് ഞാൻ എത്തിയത് പെട്ടെന്ന് ഉണ്ടായ തോന്നലിലല്ല. വിശ്വാസവഞ്ചന, ചതി, ശാരീരികവും മാനസികവുമായ പീഡനം ഇതൊന്നും എനിക്ക് സഹിക്കാൻ കഴിയില്ല. ഒരു പങ്കാളി നമ്മളെ എപ്പോൾ വേണമെങ്കിലും വലിച്ചെറിയാൻ കഴിയുന്ന ഒന്നായി കാണുമ്പോഴോ, നമ്മുടെ കുടുംബത്തിനും മകനും ഭീഷണിയാകുമ്പോഴോ അവിടെ തുടരുന്നത് ആത്മഹത്യാപരമാണ്. ഗാർഹിക പീഡനം എന്നത് ഒരു സ്ത്രീയും സഹിക്കേണ്ട ഒന്നല്ല. സഹിച്ചു ജീവിക്കാൻ പഴയ കാലത്തെ യാഥാസ്ഥിക പെൺകുട്ടിയുമല്ല ഞാൻ .
എന്റെ മൂന്നാം വിവാഹം എന്നത് വലിയ പ്രണയകഥയൊന്നുമല്ലായിരുന്നു. അവിടെ ഞങ്ങളുടെ മൂല്യവും, ധാർമ്മിക ബോധവും തമ്മിൽ ഒരുമിച്ച് പോകുന്നില്ലായിരുന്നു. അവിടെ ഞാൻ കണ്ട വലിയ പ്രശ്നം പങ്കാളിയുടെ അമിതമായ ആശ്രിതത്വമായിരുന്നു. പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കണ്ട് സ്പൂൺ ഫീഡിംഗ് ചെയ്യാൻ ആവശ്യപ്പെടുന്നത് . ഭാര്യ എന്നത് അമ്മയല്ല. നിങ്ങൾക്ക് ബഹുമാനം തോന്നുന്ന, നിങ്ങൾക്ക് തുല്യനായ ഒരാളെയല്ലേ പങ്കാളിയായി വേണ്ടത്? അമ്മയെപ്പോലെ തന്നെ ശുശ്രൂഷിക്കണം എന്ന് ആഗ്രഹിക്കുന്ന പുരുഷന്മാരുമായി മുന്നോട്ട് പോകാൻ എനിക്ക് കഴിയില്ല.“ എന്നും മീരാ വാസുദേവ് പറഞ്ഞു.
2005 ൽ പ്രശസ്ത ഛായാഗ്രാഹകനായിരുന്ന അശോക് കുമാറിന്റെ മകൻ വിശാൽ അഗർവാളിനെയാണ് മീര ആദ്യം വിവാഹം കഴിച്ചത് . 2010 ൽ ഇരുവരും വിവാഹമോചിതരായി. 2012 ൽ മലയാളസിനിമാ നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചു. അതിൽ ഒരു മകനുണ്ട്.അരിഹ് ജോൺ. 2016 ൽ ആ ബന്ധം വേർപിരിഞ്ഞു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് മീര വിപിനെ വിവാഹം കഴിച്ചത് .
















