1960 ല്‍ മുസ്ലിംലീഗിനെ കോണ്‍ഗ്രസ് മുന്നണിയില്‍ എടുത്ത് അധികാരം പങ്കിട്ടതോടുകൂടിയാണ് കേരളത്തിന്റെ പൊതു ഭരണത്തില്‍ സംഘടിത ന്യൂനപക്ഷ മത ശക്തികള്‍ ശക്തമായി ഇടപെടാന്‍ തുടങ്ങിയത്. ഈ നീക്കങ്ങള്‍ക്ക് ബദല്‍ ഒരുക്കാന്‍ എന്നവണ്ണം നായര്‍ ഈഴവ ജാതി സംഘടനകളായ എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും ധീവരസഭയെയും മറ്റും ഇരു മുന്നണികളും പിന്നീട് ആശ്രയിച്ചു. ഇതിനിടയില്‍ കുടുംബാധിപത്യവും കടന്നുവന്നു. കരുണാകരന്റെ കുടുംബം, ഉമ്മന്‍ചാണ്ടിയുടെ കുടുംബം, കെ.എം. മാണിയുടെ കുടുംബം പി.ജെ. ജോസഫിന്റെ കുടുംബം, ബേബി ജോണ്‍ കുടുംബം, ലീഗിന്റെ തങ്ങള്‍ കുടുംബം എന്നു തുടങ്ങി സിപിഎമ്മിലെ നമ്പ്യാര്‍ കുടുംബാധിപത്യം വരെ എത്തിനില്‍ക്കുന്നു ഈ വാഴ്ച.
ഈ സമയത്താണ് ഉത്തര ഭാരതത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തുന്നത്. കുടുംബാധിപത്യത്തിനും ജാതിമത സമവാക്യങ്ങള്‍ക്കും അപ്പുറം വികസനത്തിന്റെ പുത്തന്‍ രാഷ്‌ട്രീയം ഉത്തരേന്ത്യയുടെ ജനജീവിതത്തെ സമ്പന്നമാക്കി. ദക്ഷിണേന്ത്യയിലെ വീടുകളിലും കടകളിലും വയലേലകളിലും പണിയെടുത്തിരുന്ന ഉത്തരേന്ത്യക്കാര്‍ അതോടെ അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോയി. കമ്യൂണിസ്റ്റുകളും മമതയും തകര്‍ത്തു വീഴ്‌ത്തിയ ബംഗാളികള്‍ മാത്രമാണ് ഇനി ദക്ഷിണേന്ത്യയില്‍ അഭയാര്‍ത്ഥികളെപ്പോലെ അവശേഷിക്കുന്നത്. അവരും ഇനി മടങ്ങും.
ബിജെപി രാജ്യമൊട്ടാകെ നടത്തിയ വിവേചന രഹിതവും അഴിമതി മുക്തവുമായ വികസന പരിപാടികള്‍ ഭാരതത്തെ ലോകനിലവാരത്തില്‍ എത്തിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നത്. ഇടതു വലതു മുന്നണികള്‍ എത്ര ആഞ്ഞു പിടിച്ചിട്ടും, ഇരട്ടത്താഴിട്ട് പൂട്ടിയിട്ടും ആ പൂട്ടുകള്‍ തകര്‍ക്കാന്‍ ബിജെപിക്ക് സാധിച്ചു. സഭാ നേതാക്കന്മാരും തങ്ങള്‍മാരും കെട്ടിയ നെടുങ്കോട്ടകള്‍ പൊളിച്ച് വിശ്വാസികള്‍ പുറത്തിറങ്ങി ബിജെപിക്ക് വോട്ട് ചെയ്തു തുടങ്ങി. കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും പരമ്പരാഗതമായി അടിമ കിടത്തപ്പെട്ട ഹിന്ദു സമുദായ സംഘടനകളുടെ നിര്‍ദ്ദേശങ്ങളെ മറികടന്ന് ഹിന്ദുക്കളും ബിജെപിയിലേക്ക് ഒഴുകി. അങ്ങനെയാണ് 50,000ത്തിനു മുകളില്‍ വോട്ട് കിട്ടിയ മൂന്നു മണ്ഡലങ്ങളും 40000 ത്തിനും 50,000ത്തിനും ഇടയില്‍ വോട്ടു ലഭിച്ച 7 മണ്ഡലങ്ങളും മുപ്പതിനായിരത്തിനും നാല്‍പതിനനായിരത്തിനും ഇടയില്‍ വോട്ടു നേടിയ 18 മണ്ഡലങ്ങളും ബിജെപിക്ക് ഉണ്ടായത്. ഇന്ന് കേരളത്തിലെ 140ല്‍ 120 മണ്ഡലങ്ങളിലും ബിജെപി നിര്‍ണായക ശക്തിയാണ്.
മലയാളിയുടെ നഷ്ടം
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന എല്ലാ പദ്ധതികളും അതിന്റെ പ്രയോജനങ്ങളും, മുഴുവന്‍ ഭാരതീയര്‍ക്കും അവകാശപ്പെട്ടതാണ്. പക്ഷേ ബംഗാള്‍, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ അവയോടു പുറംതിരിഞ്ഞു നിന്നു. 70 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള ഇന്‍ഷുറന്‍സ്, സ്‌കൂളുകളുടെ നവീകരണത്തിനുള്ള പി എം ശ്രീ പദ്ധതി, ആരോഗ്യ മേഖലയ്‌ക്ക് ലഭിക്കുന്ന നിരവധി പദ്ധതികള്‍, വന്യജീവി സംരക്ഷണത്തിനുള്ള പ്രോജക്ടുകള്‍, ജല്‍ ജീവന്‍ മിഷന്‍ തുടങ്ങി ഒട്ടേറെ പദ്ധതികളെയാണ് ഈ സര്‍ക്കാരുകള്‍ ബിജെപി വിരോധത്തിന്റെ പേരില്‍ നഷ്ടപ്പെടുത്തിയത്. ബംഗാളും തമിഴ്‌നാടും പിന്നീട് ഈ തെറ്റ് തിരുത്തിയപ്പോഴും കേരളത്തിനതു കഴിയുന്നില്ല.
ന്യൂനപക്ഷങ്ങളുടെ കനത്ത നഷ്ടം
കഴിഞ്ഞ 66 കൊല്ലം തുടര്‍ച്ചയായി ഇടതു വലതുമുന്നണികളെ പിന്തുണച്ച കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ ഇപ്പോഴും സംതൃപ്തരല്ല. മുഖ്യ രാഷ്‌ട്രീയ കക്ഷികളായ കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നിവയിലൊക്കെ ഇസ്ലാമിക-ക്രൈസ്തവ എംഎല്‍എമാരുടെ എണ്ണം വളരെ ഏറെയുണ്ട്. ഇത്തവണ 34 മുസ്ലിം എംഎല്‍എമാരും 33 ക്രൈസ്തവ എംഎല്‍എമാരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും കേരളത്തിലെ മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ഇടതു-വലതു മുന്നണികളില്‍ നിന്ന് രാഷ്‌ട്രീയ രംഗത്തും പൊതുരംഗത്തും വേണ്ടത്ര സംതൃപ്തി ലഭിക്കാതെ പോയത്, മുന്നണികള്‍ ഇവരെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി മാത്രമായി ഉപയോഗിച്ചതുകൊണ്ടാണ്. ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ എല്ലാ മതങ്ങളും എല്ലാ സമുദായങ്ങളും വഞ്ചിക്കപ്പെടുകയാണ് എന്നറിയാതിരിക്കുവാന്‍ അവരുടെ നേതാക്കള്‍ക്കെല്ലാം പല ആനുകൂല്യങ്ങളും കൊടുത്തുകൊണ്ട് കണ്ണില്‍ പൊടിയിടുന്നതില്‍ ഇരു മുന്നണികളും വിജയിച്ചു.
ഇതിനുദാഹരണമാണ് എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ വഴി വരുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ സമ്പത്ത്. മതന്യൂനപക്ഷങ്ങളിലെ സാധാരണക്കാര്‍ ഇന്ന് ചോദിച്ചു തുടങ്ങി എഫ്‌സിആര്‍എ വഴി വരുന്ന ശതകോടികള്‍ എന്തുകൊണ്ട് വിശ്വാസികളുടെ പക്കല്‍ എത്തുന്നില്ല എന്ന്. തങ്ങളുടെ പേരില്‍ കൊണ്ടുവരുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ കണക്ക് സര്‍ക്കാരിനെ കാണിക്കുന്നതില്‍ മത നേതാക്കള്‍ എന്തുകൊണ്ട് മടിക്കുന്നു എന്നും വിശ്വാസികള്‍ ചോദിക്കുന്നു. അപ്പോഴും മുസ്ലിമും ക്രിസ്ത്യാനിയും ബിജെപിയുമായി ബന്ധപ്പെട്ടാല്‍ എന്തോ വലിയ ആപത്ത് സംഭവിക്കും എന്ന നിലയിലാണ് കേരളത്തിലെ ജാതിമത നേതാക്കളും രാഷ്‌ട്രീയ നേതാക്കളും സംസാരിക്കുന്നത്.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇതിനേക്കാള്‍ കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നതിന്റെ വസ്തുതകള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ്? കേരളത്തിലെ മുസ്ലിം ജനസംഖ്യ 88 ലക്ഷം മാത്രമാണ്. ഉത്തര്‍പ്രദേശില്‍ മുസ്ലിം ജനസംഖ്യ 384 ലക്ഷമാണ്. ബംഗാളില്‍ 246 ലക്ഷവും, ബീഹാറില്‍ 175 ലക്ഷവും, മഹാരാഷ്‌ട്രയില്‍ 130 ലക്ഷവും, ആസാമില്‍ 106 ലക്ഷവും മുസ്ലിങ്ങളാണ് ഉള്ളത്. ഈ അഞ്ചു സംസ്ഥാനങ്ങളും ബിജെപിയാണ് ഭരിക്കുന്നത്. കേരളത്തില്‍ ക്രിസ്ത്യാനികള്‍ 18% മാത്രമാണല്ലോ. നാഗാലാന്‍ഡില്‍ ക്രിസ്ത്യാനികള്‍ 88 ശതമാനവും മേഘാലയയില്‍ 75 ശതമാനവും മണിപ്പൂരില്‍ 41 ശതമാനവും അരുണാചല്‍പ്രദേശില്‍ 33 ശതമാനവും, ഗോവയില്‍ 26 ശതമാനവും ആണ് ക്രൈസ്തവര്‍.
കേരളത്തിലേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങളും ക്രൈസ്തവരും ജീവിക്കുന്ന ഈ 10 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബ്ിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാരുകളാണ്. അവിടുത്തെ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ബിജെപി ഭരണം സ്വീകാര്യമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവ് അല്ലേ അത്? ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ മുസ്ലിങ്ങള്‍ക്ക് 67 ശതമാനം മുതല്‍ 80 ശതമാനം വരെ ഭൂരിപക്ഷമുള്ള എട്ട് അസംബ്ലി സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ താമര ചിഹ്നത്തില്‍ ജയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് എല്ലാവര്‍ക്കും കൂടി രാജ്യത്ത് എമ്പാടുമായി 38 ക്രിസ്ത്യന്‍ എംഎല്‍എമാര്‍ മാത്രമുള്ളപ്പോള്‍ ദേശീയ ജനാധിപത്യ സഖ്യത്തില്‍ ബിജെപിയോടൊപ്പം 234 ക്രൈസ്തവ എംഎല്‍എമാരാണ് ഉള്ളത്. പുറമേ 32 ക്രൈസ്തവ മന്ത്രിമാരും രണ്ട് ക്രൈസ്തവ മുഖ്യമന്ത്രിമാരും എന്‍ഡിഎയ്‌ക്ക് ഉണ്ട്. ബിജെപിയാണ് ഭാരതത്തില്‍ ക്രൈസ്തവരുടെ ഏറ്റവും വലിയ പാര്‍ട്ടി എന്ന സത്യം മറച്ചുവെച്ചാണ്, കേരളത്തിലെ ക്രൈസ്തവരെ കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും സഭാ നേതൃത്വങ്ങളും ഭയപ്പെടുത്തുന്നത്. ക്രൈസ്തവ ഇസ്ലാമിക മതങ്ങളിലെ ചിന്തിക്കുന്ന മുതിര്‍ന്നവരും വിദ്യാഭ്യാസമുള്ള പുതിയ തലമുറയും മേല്‍പ്പറഞ്ഞ വസ്തുതകള്‍ കൃത്യമായി പഠിച്ചു തുടങ്ങി. അവരില്‍ നല്ലൊരു ഭാഗം ഇത്തവണ കേരളത്തില്‍ ബിജെപി മുന്നണിക്ക് വോട്ടും നല്‍കി.
കേരളത്തിന്റെ പതിവ് ദൗര്‍ബല്യം, ചരിത്രപരമായി ആവര്‍ത്തിക്കപ്പെട്ട തെരഞ്ഞെടുപ്പാണു കടന്നു പോയത്. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു. ഇപ്പോള്‍ രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും ഏകാധിപത്യ സ്വഭാവമുള്ള അധികാരികളെ കുടഞ്ഞെറിഞ്ഞ് ബിജെപിയെ സ്വീകരിച്ചപ്പോള്‍ കേരളത്തില്‍ ആ മാറ്റം ഉണ്ടായില്ല. അതേസമയം, ചരിത്രപരമായ മറ്റൊരു സംരംഭത്തിന് കേരള രാഷ്‌ട്രീയം തുടക്കം കുറിച്ചു. കേരള നിയമസഭയിലേക്ക് പരിണതപ്രജ്ഞരായ, പ്രഗല്‍ഭരായ മൂന്നുപേരേ കേരള ജനത തെരഞ്ഞെടുത്ത് അയച്ചു. വലിയ അളവിലുള്ള പാലില്‍ ചെറിയ അളവില്‍ തൈര് ചേര്‍ത്തത് പോലെ ഇനി കേരള രാഷ്‌ട്രീയം മാറുക തന്നെ ചെയ്യും. അതിന് കഴിവുള്ള മൂന്നു പേരാണ് 137 പേരോടൊപ്പം നിയമസഭയിലുണ്ടാവുക.
കേരളത്തിലെ അവശേഷിക്കുന്ന കമ്യൂണിസ്റ്റ് കോട്ടകളിലെ ഏറ്റവും ശക്തമായ കണ്ണൂരില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വിതച്ചത് സ്വന്തം സഖാക്കളാണ് എന്നതും ശുഭപ്രതീക്ഷയാണ്. കമ്യൂണിസം ആന്തരികമായ അഴിമതി കൊണ്ടും, ആദര്‍ശരാഹിത്യം കൊണ്ടും, അധികാര പ്രമത്തത കൊണ്ടും, തകര്‍ന്നുവീഴുന്ന കാഴ്ച നാം കണ്ടു. ഇനി കാണാന്‍ പോകുന്നത് അതിലും ദയനീയ കാഴ്ചയാകും. വന്‍ഭൂരിപക്ഷത്തോടെ എന്നൊക്കെ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നിട്ടുണ്ടോ അന്നൊക്കെ ആന്തരിക ശൈഥില്യങ്ങളാല്‍ അത്തരം മന്ത്രിസഭകള്‍ തകര്‍ന്നുവീണ ചരിത്രമാണുള്ളത്. മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി ആരംഭിച്ചിരിക്കുന്ന ആഭ്യന്തര യുദ്ധം ഓരോ വകുപ്പ് വീതംവയ്‌ക്കുമ്പോഴും ഓരോ ഘടകകക്ഷികളിലും ആവര്‍ത്തിക്കപ്പെടുന്ന ദിവസങ്ങളാണ് വരാന്‍ പോകുന്നത്.
ജനങ്ങളെ മറന്നുകൊണ്ട്, ഗ്യാരണ്ടികളെ വിസ്മരിച്ചുകൊണ്ട്, മതത്തേയും സമുദായങ്ങളേയും സംതൃപ്തിപ്പെടുത്താന്‍ വേണ്ടിയും സഭാ നേതാക്കന്മാര്‍ക്ക് വേണ്ടിയും, ജാതിമത സംഘടനാ നേതാക്കള്‍ക്ക് വേണ്ടിയും, അവരുടെ സ്വാര്‍ത്ഥതകളെ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയും ഉള്ള അജണ്ടകളുമായി ഐക്യ ജനാധിപത്യമുന്നണി ഭരണം തുടങ്ങുമ്പോള്‍ത്തന്നെ അതിന്റെ അന്ത്യവും നമുക്ക് നിശ്ചയിക്കാം. എന്നാല്‍ രാഷ്‌ട്രീയ കേരളം നല്ല നാളെയിലേയ്‌ക്കു കണ്‍തുറക്കുന്ന കാലം വിദൂരമല്ല. കേരള നിയമസഭയില്‍ ഇക്കാലമത്രയും പരസ്പരം സഹകരിച്ച് അധികാരം കൈയാളിയ ഇന്‍ഡി മുന്നണിയിലെ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് ഘടകകക്ഷികള്‍ക്കെതിരെ അതിശക്തമായ പ്രതിപക്ഷ നീക്കം നടത്താന്‍ നിയമസഭയില്‍ എത്തിയ എന്‍ഡിഎക്കാരായ മൂന്നുപേര്‍ക്ക് സാധിക്കും.
വ്യക്തമായ ദിശാബോധത്തോടെയും കൃത്യമായ കര്‍മ്മ പദ്ധതികളോടെയുമാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റത്. ”മാറാത്തത് ഇനി മാറും” എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വിശ്വസിച്ചു. അതിനുവേണ്ടി പ്രവര്‍ത്തിച്ചു. സഹപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത് നിങ്ങള്‍ 100% പണിയെടുത്താല്‍ ഞാന്‍ 500% പണിയെടുക്കും എന്നാണ്.
”വികസിത കേരളം” എന്ന രണ്ടാമത്തെ മുദ്രാവാക്യം തികഞ്ഞ ഉത്തരവാദിത്വബോധത്തോടെയാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. രാഷ്‌ട്രീയ കേരളത്തിന്റെ പുതിയ മനസ് മാറ്റത്തിനുവേണ്ടി ദഹിക്കുന്ന സമയത്താണ് മാറാത്തത് ഇനി മാറും എന്ന് അദ്ദേഹം ഉറപ്പുനല്‍കിയത്.
മാറേണ്ട സമയമായി എന്ന ബോധവും കര്‍ത്തവ്യബോധവും ഉണര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. അതിന് അദ്ദേഹം നേതൃത്വം കൊടുത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം പതിനാറില്‍ നിന്ന് 30 ആയി. പഞ്ചായത്ത് മെമ്പര്‍മാരുടെ എണ്ണം ഇരട്ടിച്ചു. രണ്ടു നഗരസഭകളില്‍ ഭരണത്തിലെത്തി. എല്ലാറ്റിനും ഉപരി, തലസ്ഥാന നഗരത്തിന്റെ ഭരണം പിടിച്ചെടുത്തു.
”വികസിത കേരളം” എന്ന രണ്ടാമത്തെ മുദ്രാവാക്യം, കേരളം രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിച്ചു. വികസിത പാര്‍ട്ടി, വികസിത സമുദായം, വികസിത മതം എന്നൊക്കെ മാത്രം ചിന്തിച്ചിരുന്ന കേരളത്തിന് അത് പുതിയൊരു ആവേശമായി. അത് പ്രവര്‍ത്തകരുടെ ഹൃദയം തൊട്ടപ്പോള്‍, പാര്‍ട്ടി ബൂത്ത് തലം മുതല്‍ സംസ്ഥാനതലം വരെ ഒറ്റക്കെട്ടായി ഉയിര്‍ത്തെഴുന്നേറ്റു. ഞാന്‍ നിങ്ങളുടെ ഒപ്പമല്ല, മുന്നിലുണ്ടാകും എന്ന് പ്രവര്‍ത്തനങ്ങളിലൂടെ കാണിച്ചുകൊടുത്ത കര്‍മ്മ ധീരതയുടെ അടയാളമായി അദ്ദേഹം മുന്നില്‍ സഞ്ചരിച്ചു.
അറിയാതെയാണെങ്കിലും അദ്ദേഹം പറയാറുള്ള ഒരു ശൈലിയുണ്ട് ”ഞാന്‍ വാക്ക് ചുരുക്കുന്നു” എന്ന്. വാക്ക് ചുരുക്കുകയും വര്‍ക്ക് ചുരുക്കാതിരിക്കുകയും എന്ന തന്ത്രം അദ്ദേഹം വിജയകരമായി നടപ്പിലാക്കി! ഇനി കേരള നിയമസഭയ്‌ക്ക് അകത്തും പുറത്തും നടക്കാന്‍ പോകുന്ന പ്രതികരണങ്ങളും പ്രതിഷേധങ്ങളും കേരളത്തിന്റെ രാഷ്‌ട്രീയ കണ്ണുകള്‍ക്ക് പുതിയ കാഴ്ചകള്‍ ഒരുക്കും. മാതൃകാ പ്രതിപക്ഷം എങ്ങനെ പ്രവര്‍ത്തിക്കണം എന്നു ബിജെപി കേരള ജനതയ്‌ക്ക് കാണിച്ചുകൊടുക്കും.
അതെ, കേരള രാഷ്‌ട്രീയത്തിന്റെ ഗതിമാറ്റാന്‍ കഴിവുള്ള ത്രിമൂര്‍ത്തികളാണ് കേരള നിയമസഭയിലേക്ക് എത്തിയിരിക്കുന്നത്.
















