കോട്ടയം: ഹിന്ദുക്കളെ ജാതിയുടെ പേരില്‍ ശിഥിലമാക്കാന്‍ തീവ്രശ്രമം നടക്കുന്നുവെന്നും ഇതിന്റെ പ്രഭവകേന്ദ്രം കോട്ടയമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു. ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ബിഎംഎസ് ഓഫീസ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടികജാതി സമൂഹത്തെ മതതീവ്രവാദികളുടെ തൊഴുത്തില്‍ കെട്ടാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. നിതിന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ചു നടത്തിയ ഹര്‍ത്താല്‍ ഈ ആസൂത്രണവുമായി കൂട്ടിവായിക്കണം.
എഴുത്തച്ഛന്‍ എന്നത് കെട്ടുകഥയാണെന്ന് പറഞ്ഞ് ചിത്രീകരിക്കുന്നു. തിരുനാവായ മാഘ മഹോത്സവത്തില്‍ ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഒഴുകിയെത്തിയതും ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ കൂട്ടമായി എത്തുന്നതും ചിലര്‍ അസഹിഷ്ണുതയോടെ നോക്കിക്കാണുന്നു. ഇതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചിലരുടെ പ്രഖ്യാപനങ്ങളിലൂടെ കേരളം കണ്ടത്. ഹിന്ദു ഐക്യവേദിയുടെ സന്ദേശം മനുഷ്യമനസുകളില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു.
ഹിന്ദുവിനെതിരെ ഏത് വിഷയങ്ങള്‍ ഉണ്ടാകുമ്പോഴും അതിനെ പ്രതിരോധിക്കാന്‍ ഹിന്ദു ഐക്യവേദി ഉണ്ടെന്ന വിശ്വാസം സമൂഹത്തിനുണ്ട്. കഴിഞ്ഞ 23 വര്‍ഷത്തെ കഠിനമായ പ്രവര്‍ത്തനമാണ് ഈ വിശ്വാസത്തിന് ബലമേകിയത്. ഹിന്ദു മനസ് ഹൈന്ദവ ഏകീകരണത്തിന് തയാറായി എന്നതാണ് അതിന് കാരണം. ഹിന്ദുവിന്റെ അഭിപ്രായങ്ങള്‍ ഐക്യവേദിയിലൂടെ പുറത്തുവരുന്നു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കനുസൃതമായി സംഘടന വളരണം. പ്രാദേശിക വിഷയങ്ങളില്‍ ജാഗ്രതയോടെ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് ദീപപ്രോജ്വലനം നടത്തി. പ്രൊഫ. കെ. രവീന്ദ്രന്‍ അധ്യക്ഷനായി. കൃഷ്ണകുമാര്‍ കുമ്മനം, സി.ഡി. മുരളീധരന്‍, മഞ്ഞപ്പാറ സുരേഷ്, ബിന്ദു മോഹന്‍, വി. സുശികുമാര്‍, അനിത ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാറാട് കലാപത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരെ അനുസ്മരിച്ച് പുഷ്പാര്‍ച്ചന നടത്തി.














