കൊച്ചി: കേരളത്തില്‍ മരുന്ന് നിര്‍മാതാക്കള്‍ക്കും വ്യാപാരികള്‍ക്കുമെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് എടുത്ത നിരവധി കേസുകള്‍ നിയമപരമായ നിലനില്‍പ്പില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി. 1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് അനുശാസിക്കുന്ന ചട്ടങ്ങള്‍ ലംഘിച്ചാണ് പലയിടത്തും നടപടികള്‍ സ്വീകരിക്കുന്നതെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. രൂപേഷ് രവീന്ദ്രനാണ് സര്‍ക്കാരിനെ സമീപിച്ചത്.
മരുന്ന് പരിശോധനയുമായി ബന്ധപ്പെട്ട സെക്ഷന്‍ 25(3), 25(4) എന്നിവയുടെ നഗ്നമായ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നാണ് പരാതി. പ്രാദേശിക ലാബുകളില്‍ നിന്ന് ലഭിക്കുന്ന പരിശോധനാ ഫലങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടര്‍നടപടികള്‍ വര്‍ഷങ്ങളോളം വൈകിപ്പിക്കുന്നത് പതിവാകുകയാണ്. ഒരു പ്രാദേശിക ലാബ് റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യാനും കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയില്‍ പുനഃപരിശോധന നടത്താനും പ്രതിക്ക് നിയമപരമായ അവകാശമുണ്ട്. എന്നാല്‍ മിക്ക കേസുകളിലും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോഴേക്കും മരുന്നിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടാകും. കാലാവധി കഴിഞ്ഞ സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാന്‍ സാധിക്കാത്തതിനാല്‍ കേസില്‍പ്പെടുന്നവര്‍ക്ക് നിരപരാധിത്വം തെളിയിക്കാനുള്ള നിയമപരമായ അവകാശം ഇവിടെ പൂര്‍ണമായും ഇല്ലാതാകുകയാണ് ചെയ്യുന്നത്.
പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച് 28 ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്തില്ലെങ്കില്‍ അത് അന്തിമ തെളിവായി കണക്കാക്കുമെന്ന വകുപ്പിന്റെ വാദം നിയമപരമായി നിലനില്‍ക്കില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. കോടതി നടപടികള്‍ ആരംഭിക്കുമ്പോള്‍ മാത്രമാണ് ഒരു റിപ്പോര്‍ട്ടിന് നിയമപരമായ പ്രാധാന്യം കൈവരുന്നത് എന്നിരിക്കെ, നോട്ടീസിന് മറുപടി നല്‍കിയില്ല എന്ന കാരണത്താല്‍ പ്രതിയുടെ പ്രതിരോധത്തിനുള്ള അവകാശത്തെ തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. ഈ സാഹചര്യത്തില്‍ നീതിയുക്തമല്ലാത്ത കേസുകള്‍ ഒഴിവാക്കി വ്യാപാരി സമൂഹത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയില്‍ നിന്നുള്ളതല്ലാത്ത റിപ്പോര്‍ട്ടുകള്‍ മാത്രം ആസ്പദമാക്കി എടുത്ത കേസുകളില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും മരുന്നിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പുനഃപരിശോധന അസാധ്യമായ കേസുകളില്‍ നടപടികള്‍ റദ്ദാക്കാന്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് പ്രധാന ആവശ്യം.
















