കോഴിക്കോട്: വിഷു ആശംസകള്‍ നേര്‍ന്നതിന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി നജ്മ തബ്ഷീറയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണവുമായി ഇസ്ലാമിസ്റ്റുകള്‍. മുസ്ലിം ലീഗിന്റെ സൈബര്‍ പോരാളികള്‍ തന്നെയാണ് നജ്മയെ സൈബറിടത്തില്‍ അധിക്ഷേപിക്കുന്നതില്‍ മുന്‍പന്തിയില്‍. ഇസ്ലാമിക ആചാരങ്ങള്‍ പിന്തുടരാന്‍ ഇതര മതസ്ഥരെ പ്രേരിപ്പിക്കുകയും തിരിച്ച് സംഭവിക്കുമ്പോള്‍ മതനിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്ന തീവ്ര ഇസ്ലാമിസ്റ്റുകളുടെ നിലപാട് തന്നെയാണ് മുസ്ലിം ലീഗും പിന്തുടരുന്നത്.
കല്‍പ്പാത്തിയിലെ അഗ്രഹാര തെരുവില്‍ നിന്ന് നജ്മ തബ്ഷീറയും കുഞ്ഞും പൂത്തിരി കത്തിക്കുന്നതും തുടര്‍ന്ന് ഒരു വീട്ടില്‍ നിന്ന് കണികാണുന്നതുമാണ് വീഡിയോയിലുള്ളത്. വീട്ടുകാര്‍ കുഞ്ഞിന് കൈനീട്ടം നല്‍കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോക്ക് താഴെയാണ് കടുത്ത സൈബര്‍ ആക്രണമുണ്ടായത്. ‘മുസ്ലീമായി ജനിച്ചതിന് അള്ളാഹുവിന് സ്തുതി. നമ്മള്‍ക്ക് ചെറിയ പെരുന്നാള്‍, വലിയ പെരുന്നാള്‍ എന്നിങ്ങനെ രണ്ട് ആഘോഷങ്ങള്‍ മാത്രമേയുള്ളു. ഇതര മതസ്ഥരുടെ ആഘോഷങ്ങള്‍ക്ക് ആശംസ നേരാന്‍ പാടില്ല. കുറച്ചൊക്കെ വിവരമുണ്ടാകുമെന്ന് കരുതി…’ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.
ഇത്രയധികം സൈബര്‍ അധിക്ഷേപമുണ്ടായിട്ടും നജ്മയെ പിന്തുണയ്‌ക്കാനോ അധിക്ഷേപത്തിനെതിരെ പ്രതികരിക്കാനോ മുസ്ലിം ലീഗോ മറ്റ് ഇസ്ലാമിക സംഘടനകളോ തയാറായിട്ടില്ല.











