ഓണ്‍ലൈനില്‍ ആപ്പിള്‍ ഓര്‍ഡര്‍ ചെയ്യാന്‍ നോക്കുമ്പോള്‍ പലപ്പോഴും കണ്ടിട്ടുണ്ടാകും, ‘ഗ്രാനി സ്മിത്ത്’ എന്നൊരു പേര്. ശ്ശെടാ… ആപ്പിളിന് ഇതെന്ത് പേര് എന്ന് അന്നേരം ആലോചിച്ചിട്ടുണ്ടോ? പച്ച നിറത്തിലുള്ള ആ കുഞ്ഞൻ ആപ്പിളിനെയാണ് ഇങ്ങനെ വിളിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ ഓസ്‌ട്രേലിയയിൽ താമസിച്ചിരുന്ന മരിയ ആൻ സ്മിത്ത് എന്നൊരു മുത്തശ്ശിയാണ് ആദ്യമായി ഈ ആപ്പിൾ കണ്ടെത്തിയത്. അവരോടുള്ള ആദരസൂചകമായാണ് ഈ ആപ്പിളിന് ആ പേരിട്ടത്.
ഇന്ന് ഫ്രൂട്ട്സ് കടകളിലൊക്കെ സ്ഥിരമായി കാണുന്ന ഈ പച്ച ആപ്പിളിന് ഗുണങ്ങൾ ഏറെയാണ്. ചുവന്ന ആപ്പിളിനേക്കാൾ മൂന്ന് കാര്യങ്ങളിലാണ് പച്ച ആപ്പിൾ മുന്നിട്ടു നിൽക്കുന്നത്. ഒന്നാമത്തെ കാര്യം, ഇതിൽ മധുരവും കാലറിയും കുറവാണ് എന്നതാണ്. അതുകൊണ്ട് തന്നെ വണ്ണം കുറയ്‌ക്കണമെന്നുള്ളവർക്കും പ്രമേഹമുള്ളവർക്കും ഈ ആപ്പിള്‍ പേടിക്കാതെ കഴിക്കാം.രണ്ടാമതായി, ഇതിൽ ഇഷ്ടം പോലെ നാരുകൾ അടങ്ങിയിട്ടുണ്ട്.
അതിനാൽ ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കാനും ഗ്രീൻ ആപ്പിൾ കഴിക്കുന്നത് നല്ലതാണ്. മൂന്നാമതായി, ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ഗ്രീൻ ആപ്പിളിൽ ചുവന്ന ആപ്പിളിനേക്കാൾ അല്പം കൂടുതൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ചുവന്ന ആപ്പിളിൽ ആന്റിഓക്‌സിഡന്റുകൾ കൂടുതലായി കാണപ്പെടുന്നുണ്ട്.
ആരോഗ്യത്തിന് ഇത്രയും നല്ലതാണെങ്കിലും പച്ച ആപ്പിൾ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ഓർത്തുവയ്‌ക്കണം. ഇതിന് പുളിപ്പ് അല്പം കൂടുതലായതുകൊണ്ട് വെറുംവയറ്റിൽ കഴിക്കുന്നത് ചിലപ്പോൾ ഗ്യാസിനും നെഞ്ചെരിച്ചിലിനും കാരണമായേക്കാം. പല്ലിന്റെ ഇനാമലിനും ഈ പുളിപ്പ് അത്ര നല്ലതല്ല. അതുകൊണ്ട് പച്ച ആപ്പിൾ കഴിച്ചു കഴിഞ്ഞാൽ വായ നന്നായി കഴുകാൻ മറക്കരുത്.
















