തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ആശുപത്രി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ച കണ്ണൂര്‍ ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആര്‍.എല്‍. നിതിന്‍ രാജിന് പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
സങ്കടം അലയടിച്ച വീട്ടില്‍ ഇരുവരുടെയും ഒത്തുകൂടല്‍ ഏവരുടെയും ഹൃദയം തകര്‍ക്കുന്ന നൊമ്പരമായി. മിടുക്കരായ മക്കളെ വലിയ സ്വപ്‌നങ്ങള്‍ കണ്ട് വളരാനായി വിട്ട കോളജില്‍, അവരെ നഷ്ടമായ അമ്മമാരുടെ കണ്ണീര്‍ അത്രമേല്‍ നൊമ്പരമായി. സ്വന്തം മകന് നീതി ലഭിക്കാനായി നിയമപോരാട്ടം നടത്തുന്ന അമ്മ, സമാന സാഹചര്യത്തില്‍ മകനെ നഷ്ടമായ അമ്മയുടെ കണ്ണീരൊപ്പാനെത്തിയപ്പോള്‍ കണ്ടുനിന്നവര്‍ക്കും കണ്ണീര്‍ അടക്കാനായില്ല.
മകന്‍ മരിച്ച ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങിയത് ഇന്നാണെന്ന് ആ അമ്മ പറഞ്ഞു. ഒരു ചടങ്ങിനും വീട്ടില്‍ നിന്ന് പുറത്തുപോയിട്ടില്ല. പക്ഷേ ഈ സംഭവം അറിഞ്ഞപ്പോള്‍, അതേ അവസ്ഥ അനുഭവിക്കുന്ന അമ്മയെ കാണണമെന്ന് തോന്നി. ഞങ്ങള്‍ എന്ത് പ്രാര്‍ത്ഥിച്ചോ അത് നടന്നിട്ടില്ലെന്ന് ഇടറിയ ശബ്ദത്തില്‍ പോലും ആ അമ്മക്ക് പറഞ്ഞ് മുഴുമിപ്പിക്കാനായില്ല.
സിദ്ധാര്‍ത്ഥിന്റെ കേസില്‍ എത്രത്തോളം നീതി നടപ്പായെന്ന് അമ്മ ഷീബ ചോദിച്ചു. ആരോപണ വിധേയരായ പൂക്കോട്ട് കോളജിലെ ഡീന്‍ അടക്കമുള്ള അധ്യാപകരെ തിരിച്ചെടുത്തു. സസ്‌പെന്‍ഷനും പുകമറയാണ്. സിദ്ധാര്‍ത്ഥന്റെ കേസില്‍ നിയമവും ശിക്ഷയും കൃത്യമായി നടപ്പായിരുന്നെങ്കില്‍ ഇതുപോലുള്ള കുറ്റങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. കുറ്റവാളികള്‍ക്ക് ഇപ്പോള്‍ ഒരു പേടിയുമില്ലല്ലോ. എന്ത് ചെയ്താലും ഒന്നും സംഭവിക്കില്ലെന്നും തിരികെ ജോലിയില്‍ പ്രവേശിക്കാമെന്നും അവര്‍ക്ക് അറിയാം.
സിദ്ധാര്‍ഥന്റെ കാര്യത്തിലും ആദ്യം സ്വാഭാവിക മരണമെന്നാണ് പറഞ്ഞത്. പിന്നീട് ഓരോ ദിവസങ്ങളിലായാണ് സത്യം പുറത്തുവന്നത്. നിതിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഗവര്‍ണര്‍ ഇടപെട്ടതുകൊണ്ട് മാത്രമാണ് കുറ്റവാളികളായ കുട്ടികള്‍ ഇപ്പോഴും കോളജില്‍ കയറാത്തത്. കുറ്റവാളികള്‍ക്കുള്ള നിയമ സഹായത്തിനായി ബക്കറ്റ് പിരിവ് പോലും കോളജില്‍ നടത്തി. ഇതിലൂടെ അവിടെയുള്ളവരുടെ നിലപാട്, പ്രത്യേകിച്ചും ഇടത് അധ്യപക സംഘടനകളുടെ കാര്യം വ്യക്തമാണെന്നും സിദ്ധാര്‍ത്ഥിന്റെ അമ്മ ചൂണ്ടിക്കാട്ടി.
















