ന്യൂദല്‍ഹി: പാകിസ്ഥാന്റെ ഭീകരവാദത്തിനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തുമ്പോഴും ഇന്ത്യ ചില മാനുഷിക മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ചിരുന്നുവെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. അതില്‍ പ്രധാനം സബ് കാ മാലിക് ഏക് ഹേ (എല്ലാവരുടെയും ദൈവം ഒന്നാണെന്ന വിശ്വാസം) എന്ന ചിന്തയാണെന്നും അദ്ദേഹം പറഞ്ഞു.
പാക് ഭീകരകേന്ദ്രങ്ങള്‍ തകർക്കാൻ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ല്‍ ഭീകരക്യാമ്പുകളില്‍ അവർ നമസ്‌കരിക്കുന്ന സമയങ്ങളില്‍ ഇന്ത്യന്‍ സേന ആക്രമണം നടത്തുന്നത് ഒഴിവാക്കിയിരുന്നു. ‘ഭീകരക്യാമ്പുകളില്‍ അവർ പ്രാർത്ഥിക്കുന്ന സമയം ഞങ്ങള്‍ ആക്രമണത്തിനായി തിരഞ്ഞെടുക്കില്ലെന്ന് ഉറപ്പിച്ചിരുന്നു. ‘സബ്കാ മാലിക് ഏക് ഹൈ’ (എല്ലാവർക്കും ദൈവം ഒന്നേയുള്ളൂ) എന്നാണ് ഞങ്ങളുടെ വിശ്വാസം. അതുകൊണ്ടാണ് പ്രാർത്ഥനകള്‍ നടക്കാത്ത സമയം നോക്കി ഞങ്ങള്‍ കൃത്യമായി ദൗത്യം നടപ്പിലാക്കിയത്’ – ജനറല്‍ ദ്വിവേദി പറഞ്ഞു.
പാക് അതിർത്തിയിലെയും പാക് അധീന കശ്മീരിലെയും (PoK) ഒൻപതോളം പ്രധാന ഭീകര പരിശീലന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ സൈനിക നീക്കം. പാകിസ്ഥാൻ കേന്ദ്രമായുള്ള ലഷ്കർ-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളുടെ താവളങ്ങള്‍ തകർക്കാൻ കരസേനയും വ്യോമസേനയും നാവികസേനയും സംയുക്തമായാണ് പ്രവർത്തിച്ചത്. വെറും 88 മണിക്കൂറിനുള്ളില്‍ ഭീകരരുടെ നട്ടെല്ലൊടിക്കാൻ ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ ആക്രമണം നടത്തുമ്പോഴും മതവിശ്വാസങ്ങളെ മാനിക്കാനും സാധാരണപൗരന്മാര്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാനും ഇന്ത്യൻ സേന കാട്ടിയ മാന്യത ലോകത്തിന് തന്നെ മാതൃകയാണെന്നും കരസേനാ മേധാവി പറയുന്നു.
















