ലക്നൗ : ഉത്തർപ്രദേശിലെ മിയാംപൂരിന്റെ പേര് രവീന്ദ്ര നഗർ എന്ന് പുനർനാമകരണം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഇന്ന് ലഖിംപൂർ ഖേരി ജില്ലയിലെ മുഹമ്മദി തെഹ്‌സിൽ പ്രദേശത്തുള്ള മിയാംപൂരിൽ യോഗി ആദിത്യനാഥ് എത്തിയിരുന്നു. തുടർന്നായിരുന്നു പ്രഖ്യാപനം.
ബംഗ്ലാദേശിൽ നിന്ന് പീഡനം സഹിക്കാതെ രക്ഷപെട്ടെത്തി ഇവിടെ താമസിക്കുന്ന ഹിന്ദുക്കൾക്ക് ഭൂമിയുടെ അവകാശി പദവി നൽകിയിട്ടുണ്ടെന്നും, കൂടാതെ, സർക്കാർ നൽകുന്ന വിവിധ പൊതുജനക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾക്കും അവർ അർഹരാണെന്നും യോഗി പറഞ്ഞു.
നിവാസികളുടെ ഐഡന്റിറ്റി മറയ്‌ക്കുന്നതിനാണ് ഗ്രാമത്തിന് മിയാംപൂർ എന്ന് പേരിട്ടതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു . ‘ ഒരു മുസ്ലീവും താമസിക്കാത്ത സ്ഥലത്തിന് മിയാംപൂർ എന്ന് പേര് നൽകി. എന്നാൽ, ഇനി മിയാംപൂർ എന്ന് വിളിക്കപ്പെടില്ല, ബംഗ്ലാദേശിൽ നിന്ന് എത്തിയ നമ്മുടെ സഹോദരങ്ങളുടെ ഈ വാസസ്ഥലം ഇനി മുതൽ രവീന്ദ്ര നഗർ എന്നറിയപ്പെടും” അദ്ദേഹം പറഞ്ഞു.
ഈ രാഷ്‌ട്രത്തിന് ദേശീയഗാനം നൽകിയ വ്യക്തിയായ രബീന്ദ്രനാഥ ടാഗോറിന്റെ പേരിലാണ് താമസക്കാരുടെ ഐഡന്റിറ്റി ഇനി നിർവചിക്കപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, പരിപാടിയിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വേദിയിൽ ഗുണഭോക്താക്കൾക്ക് ഭൂമിാവകാശ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
















