തിരുവനന്തപുരം:പ്രയാഗ് രാജിലെ കുംഭമേളയില്‍ വൈറലായ മാല വില്‍ക്കുന്ന പ്രായപൂര്‍ത്തിയാവാത്ത ഹിന്ദു പെണ്‍കുട്ടിയെ മുസ്ലിം യുവാവിന് വിവാഹം ചെയ്തുകൊടുത്ത കേസില്‍ മാധ്യമങ്ങളുടെ ഫോണ്‍ വിളിക്ക് മറുപടി പറയാതെ മൗനംപാലിച്ച് ശിവന്‍കുട്ടിയും റഹിമും ഗോവിന്ദനും. വിവാഹദിവസം മാധ്യമശ്രദ്ധ പിടിച്ചുപറ്റി രാഷ്‌ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിച്ച ഇവര്‍ കേസ് കുരുക്കാകുമെന്ന് അറിഞ്ഞതോടെയാണ് മാധ്യമങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കുന്നത്. കേസിന്റെ ഗൗരവം തന്നെയാണ് ഇവരെ ഭയപ്പെടുത്തുന്നത്. ഈ കേസില്‍ കേരളത്തിലെ ഡിജിപിയോട് ഏപ്രില്‍ 22ന് ദല്‍ഹിയിലെ ദേശീയ ഗോത്രകമ്മീഷന്‍ മുന്‍പാകെ ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുകയാണ് എന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിയ്‌ക്കുന്നു.
ഇതാണ് റിയല്‍ കേരള സ്റ്റോറി എന്ന് പറഞ്ഞ് ന്യൂനപക്ഷ വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ ഉറപ്പിക്കാനുള്ള രാഷ്‌ട്രീയക്കളിയാണ് ഗോവിന്ദന്‍മാസ്റ്ററും ശിവന്‍കുട്ടിയും റഹിമും നടത്തിയത്. പക്ഷെ ഈ വിവാഹത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ദേശീയ ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ അന്താര്‍ സിങ്ങ് ആര്യ ഉത്തരവിട്ടതിനെ തുടര്‍ന്ന് ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ദേശീയ ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ലീഗല്‍ അഡ്വൈസറായ പ്രകാശ് ഉയ്‌കെ, കമ്മീഷന്‍ ഡയറക്ടര്‍ പി. കല്യാണ്‍ റെഡ്ഡി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. വിവാഹം നടന്ന കേരളത്തിലെ ശ്രീനാരായണ ദേവ ക്ഷേത്രത്തില്‍ നിന്നാണ് അന്വേഷണം ആരംഭിച്ചത്. ഇവര്‍ കേരളം മുതല്‍ മധ്യപ്രദേശ് വരെ ഈ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കണ്ണികളെയും കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നു. പ്രതികള്‍ മറച്ചുവെയ്‌ക്കാന്‍ ശ്രമിച്ച രേഖകളെല്ലാം കമ്മീഷന്‍ കണ്ടെടുത്തു. ആധാര്‍ കാര്‍ഡിലെ ജനനതീയതി കാണിച്ചാണ് ഇവര്‍ വിവാഹിതരായത്. പിന്നീട് പൂവാറിലെ ഗ്രാമപഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. ഇവര്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് ആണ് വിവാഹത്തിന് ഉപയോഗിച്ചത്.ഇത് നല്‍കിയത മഹേശ്വര്‍ മുനിസിപ്പാലിറ്റിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജനനരേഖപ്രകാരം മൊണാലിസയ്‌ക്ക് 16 വയസ്സേ ഉള്ളൂ.
കേരളസ്റ്റോറി എന്ന സിനിമയിലെ ലവ് ജിഹാദിനെ പരിഹസിക്കുകയായിരുന്നു വിവാഹദിവസം ശിവന്‍കുട്ടിയും ഗോവിന്ദന്‍ മാസ്റ്ററും റഹിമും. എന്നാല്‍ ദേശീയ ഗോത്രവര്‍ഗ്ഗകമ്മീഷന്റെ ഫോറന്‍സിക് പരിശോധനയിലാണ് വിവാഹം നടത്താന്‍ വേണ്ടി മാത്രം കള്ളരേഖ കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞത്. 2009 ഡിസംബര്‍ 30 ആണ് മൊണാലിസയുടെ യഥാര്‍ത്ഥ ജനനതീയതി. അതുപ്രകാരം വിവാഹം നടന്ന മാര്‍ച്ച് 11ന് 16 വയസ്സേ പെണ‍്കുട്ടിക്കുള്ളൂ. കെ സ്മാര്‍ട്ട് ആപ് വഴി പെണ്‍കുട്ടിയുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമായിരുന്നു.
പാര്‍ദി എന്ന ഗോത്രവര്‍ഗ്ഗത്തില്‍ ജനിച്ച പെണ്‍കുട്ടിയാണ് മൊണാലിസ. അതിനാലാണ് ബാലവിവാഹത്തിന് പിന്നാലെ പോക്സോ കേസും പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള (SC/ST Act) കുറ്റങ്ങളും ചുമത്തുന്നത്. ഇതോടെ എളുപ്പത്തില്‍ ഊരിപ്പോരാന്‍ പറ്റാത്ത നിയമക്കുരുക്കായി ഈ കേസ് മാറുമെന്ന് സിപിഎം നേതാക്കള്‍ മനസ്സിലാക്കിയിട്ടുണ്ട്. തീര്‍ച്ചയായും ഗോത്രവര്‍ഗ്ഗക്കാരെ പീഢിപ്പിക്കുന്നത് നിരോധിക്കുന്ന നിയമപ്രകാരം കേസെടുക്കുമെന്ന് ദേശീയ ഗോത്രവര്‍ഗ്ഗകമ്മീഷന്‍ നിയമോപദേശകനായ പ്രകാശ് ഉയ്‌കെ പറയുന്നു. വിവാഹം നടത്തിക്കൊടുക്കാന്‍ സിപിഎം മുന്നിട്ടിറങ്ങിയിട്ടില്ലെന്ന് പറഞ്ഞൊഴിയാന്‍ പാര്‍ട്ടിക്ക് കഴിയുമെങ്കിലും അന്ന് നടത്തിയ പെര്‍ഫോമന്‍സിന്റെ പേരില്‍ മാധ്യമങ്ങളില്‍ നിന്നും എളുപ്പം തടിയൂരാന്‍ റഹിമിനും ശിവന്‍കുട്ടിയ്‌ക്കും ഗോവിന്ദനും കഴിയില്ല.
വധൂവരന്മാര്‍ സ്വമേധയാ ആണ് ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചതെന്നും കേട്ടറിഞ്ഞ് എത്തുകയായിരുന്നു ഗോവിന്ദനും റഹിമും ശിവന്‍കുട്ടിയും എന്നൊക്കെയാണ് സിപിഎം നേതൃത്വം നല്‍കുന്ന വിശദീകരണം. പക്ഷെ വിവാഹദിവസം ഇവര്‍ നല്‍കിയ വമ്പന്‍ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലുണ്ട്.
കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. മൊണാലിസയെ വിവാഹം ചെയ്ത ഫര്‍മാന്‍ അന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പാകെ പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞു എന്ന് കാണിച്ച ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറയുന്നു. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ചമച്ചവര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്നും ദേശീയ ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ നിയമ ഉപദേശകന്‍ പ്രകാശ് ഉയ്‌ക്കെ വ്യക്തമാക്കിയതോടെ സംഭവത്തിന് പുതിയ മാനങ്ങള്‍ കൈവന്നു. വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം നേതാക്കള്‍ വിഷയത്തില്‍ മൗനം പാലിക്കുന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്.
















