ന്യൂദല്‍ഹി: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മാര്‍ച്ച് ആറിന് ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. അമിത ജോലി ഭാരം കാരണമാണ് ആത്മഹത്യാ ശ്രമമെന്ന് ചൂണ്ടിക്കാട്ടി സേതുലക്ഷ്മിയുടെ പ്രതിശ്രുത വരന്‍ യദുകൃഷ്ണ സനില്‍ കുമാറാണ് ഹര്‍ജി സമര്‍പ്പിച്ചത്. ആഴ്ചയില്‍ 70 മുതല്‍ 100 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വന്നതിന്റെ ബുദ്ധിമുട്ടുകള്‍ കാരണമാണ് ആത്മഹത്യാ ശ്രമമെന്ന് ഹര്‍ജിയില്‍ പറയുന്നു.
അമിത ജോലി ഭാരത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് 2025ല്‍ യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാനാണ് യദുകൃഷ്ണ സനില്‍ കുമാര്‍ ഹര്‍ജി നല്‍കിയത്.
അഞ്ചു വര്‍ഷത്തിനിടെ 150 ഓളം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യാ ചെയ്തുവെന്ന് 2024 ജൂണിലെ ദേശീയ ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടല്‍ തേടി ഹര്‍ജി.















