ടെഹ്റാൻ : ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് പുതിയ വെളിപ്പെടുത്തൽ . അദ്ദേഹത്തിന്റെ പിതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ കലാശിച്ച വ്യോമാക്രമണത്തിൽ തന്നെ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മുഖം ഗുരുതരമായി പൊള്ളലേറ്റ് വികൃതമായതായും ഒരു കാല് പോലും നഷ്ടപ്പെട്ടേക്കാമെന്നുമാണ് റിപ്പോർട്ട് .
റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, ടെഹ്‌റാനിൽ സുപ്രീം നേതാവിന്റെ ഓഫീസ് കോമ്പൗണ്ടിൽ നടന്ന ആക്രമണത്തിൽ മൊജ്തബ ഖമേനിയുടെ രണ്ട് കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. എന്നാൽ ഇപ്പോൾ അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായും പൂർണ്ണമായും ഊർജ്ജസ്വലനാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഓഡിയോ കോൺഫറൻസിംഗിലൂടെ മുതിർന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം മീറ്റിംഗുകളിൽ പങ്കെടുക്കുന്നുണ്ടെന്നും യുദ്ധവും അമേരിക്കയുമായുള്ള ചർച്ചകളും സംബന്ധിച്ച പ്രധാന തീരുമാനമെടുക്കൽ പ്രക്രിയകളിൽ പങ്കാളിയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാനും യുഎസും തമ്മിലുള്ള സമാധാന ചർച്ചകൾ ഇസ്ലാമാബാദിൽ നടക്കാനിരിക്കെയാണ് ഈ സംഭവവികാസങ്ങൾ പുറത്തുവന്നിരിക്കുന്നത്. എന്നിരുന്നാലും, ഇന്നുവരെ, അദ്ദേഹത്തിന്റെ പരിക്കുകളുടെ തീവ്രതയെക്കുറിച്ചോ നിലവിലെ അവസ്ഥയെക്കുറിച്ചോ ഇറാൻ സർക്കാർ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.
ആക്രമണത്തിനുശേഷം, ഖമേനിയുടെ ഫോട്ടോഗ്രാഫുകളോ വീഡിയോകളോ ഓഡിയോ റെക്കോർഡിംഗുകളോ പൊതുജനങ്ങൾക്ക് മുന്നിൽ വന്നിട്ടില്ല . അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ യഥാർത്ഥ അവസ്ഥയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത വർദ്ധിച്ചിരുന്നു.അദ്ദേഹം കോമയിലാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
















