ഹൈദരാബാദ്: യുവാവിന് എയിഡ്സ് രോഗമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവാഹാലോചനയിൽ നിന്ന് യുവതി പിന്മാറിയതിന്റെ വൈരാഗ്യത്തിൽ യുവാവ് എച്ച്ഐവി ബാധിത രക്തം കുത്തിവച്ചു പക തീർത്തു. ഇതിനു പിന്നാലെ മനോവേദനയിൽ യുവതി ജീവനൊടുക്കി. ഹൈദരാബാദിലായിരുന്നു നടുക്കുന്ന സംഭവമുണ്ടായത്. രമണി എന്ന ഹൈദരാബാദ് സ്വദേശിനി ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ യുവതിയുടെ ബന്ധു കൂടിയായ മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹാഭ്യർഥന നിരസിച്ചതിന്റെ പകയിൽ ആയിരുന്നു യുവാവ് യുവതിയുടെ മേൽ എച്ച്ഐവി ബാധിത രക്തം കുത്തിവച്ചത്.
മാർച്ച് 11നാണ് കേസിനാസ്പദമായ സംഭവം. വിവാഹാലോചനയിൽ നിന്ന് യുവതി പിന്മാറിയതിന് പിന്നാലെ മനോഹർ യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവയ്‌ക്കുകയായിരുന്നു. രമണിയും മനോഹറും ബന്ധുക്കളാണ്. ഇവരുടെ വിവാഹം നടത്താൻ മാതാപിതാക്കൾ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധം വേണ്ടെന്ന് വെക്കുകയും ചെയ്തു. മനോഹറിന്റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരാണ്. ഇതിനാൽ കഴിഞ്ഞ സെപ്റ്റംബറിൽ പെൺകുട്ടിയുടെ വീട്ടുകാർ മനോഹറിനെയും പരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ ഇയാൾക്കും രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഇതോടെ യുവതി വിവാഹത്തിൽ നിന്നു പിന്മാറി. ഇതിന്റെ പകയിലാണ് പ്രതി അക്രമം നടത്തിയത്. സംഭവത്തിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രമണിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവതി കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്നാണ് വിവരം. എച്ച്ഐവി ബാധിത രക്തം മനോഹർ കുത്തിവെച്ചതിന്റെ ആഘാതം ആണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
















