2019-ൽ ശ്രീകോവിലിൽനിന്ന് അഴിച്ചെടുത്ത ദ്വാരപാലകശില്പപാളികൾ പമ്പയിലെത്തിച്ചത് ദേവസ്വം ട്രാക്ടറിൽ. പമ്പ മരാമത്ത് വിഭാഗത്തിന്റെ ചുമതലയിലുള്ള ട്രാക്ടർ സന്നിധാനത്തേക്ക് വരുത്തി അതിലാണ് പാളികൾ പമ്പയിലെത്തിച്ചത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവർമാരുടെ മൊഴി എസ്.ഐ.ടി. രേഖപ്പെടുത്തി. ചില ഡ്രൈവർമാർ ഇപ്പോഴും സർവീസിലുണ്ട്. പകലാണ് കൊണ്ടുപോയത്. ഇക്കാര്യങ്ങൾ ഡ്രൈവർമാർ അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്.
2019-ൽ കട്ടിളപ്പാളി നവീകരണത്തിന് കൊണ്ടുപോയതും ട്രാക്ടറിലായിരുന്നു. അതിന്റെ ഡ്രൈവർമാരുടെ മൊഴിയും എടുത്തിരുന്നു.2025 സെപ്റ്റംബറിൽ ദ്വാരപാലകശില്പങ്ങളുടെ പാളികൾ സ്വർണം പൂശാൻ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയതിന്റെ അന്വേഷണവും എസ്.ഐ.ടി. ഊർജിതമാക്കി. ശ്രീകോവിലിൽനിന്ന് 2019-ൽ സ്വർണം കവർന്ന കേസിന്റെ കുറ്റപത്രം അന്തിമമാക്കുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം സന്നിധാനത്തെത്തി. കുറ്റമറ്റ റിപ്പോർട്ട് തയ്യാറാക്കുന്നതിന് ചില തെളിവുകൾകൂടി ശേഖരിക്കുകയാണ് ലക്ഷ്യം.
ശ്രീകോവിൽ, മുന്നിലെ മണ്ഡപം, ബലിക്കൽപ്പുര, സ്റ്റാഫ് ഗേറ്റിലൂടെ പുറത്തേക്കുള്ള വഴി എന്നിവയുടെ അളവുകൾ എടുത്തു.വെള്ളിയാഴ്ച വിഷു ഉത്സവത്തിന് നട തുറന്ന ദിവസമാണ് തെളിവെടുപ്പിന് സംഘം എത്തിയത്. എസ്.ഐ.ടി.യിലെ എസ്.പി.മാരായ എസ്. ശശിധരൻ, ബിജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
















