കൊൽക്കത്ത: 34 വർഷം നീണ്ടുനിന്ന ഇടത് ഭരണത്തിന് വിരാമമിട്ട് 2011ൽ അധികാരത്തിലെത്തിയ മമത ബാനർജി നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ഇത്തവണ വീണ്ടും അധികാരം നിലനിർത്തുമോ എന്നത് പശ്ചിമ ബംഗാളിലെ പ്രധാന രാഷ്‌ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്. 2011, 2016, 2021 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച തൃണമൂൽ കോൺഗ്രസ്, നാലാം തവണയും അധികാരത്തിലേക്ക് എത്താൻ ശ്രമിക്കുന്നതിനിടെ ഇത്തവണ മത്സരം കടുപ്പമാകുമെന്ന് വിലയിരുത്തുന്നു.
2011ൽ സി.പി.ഐ (എം) നയിച്ച ഇടത് മുന്നണിയുടെ ദീർഘകാല ഭരണത്തെ അട്ടിമറിച്ചാണ് മമത ബാനർജി അധികാരത്തിലെത്തിയത്. തുടർന്ന് സംസ്ഥാനത്ത് അക്രമവും ഗുണ്ടായിസവും വർധിച്ചുവെന്ന വിമർശനം പ്രതിപക്ഷം തുടർച്ചയായി ഉന്നയിച്ചു. ബൂത്ത് തലത്തിൽ നിന്ന് വോട്ടെടുപ്പ് പ്രക്രിയ വരെ തൃണമൂൽ പ്രവർത്തകരുടെ ഇടപെടലുകൾ ഉണ്ടായിരുന്നുവെന്നാരോപണങ്ങളും ഉയർന്നിരുന്നു. എന്നിരുന്നാലും, ഈ സാഹചര്യങ്ങളിലുടനീളം തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് വിജയങ്ങൾ തുടർച്ചയായി സ്വന്തമാക്കുകയായിരുന്നു.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിലെ പരിഷ്കാരങ്ങൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്ഐആർ) നടപടികളുടെ ഭാഗമായി ഏകദേശം 91 ലക്ഷം പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. . ഈ നീക്കം തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായേക്കാമെന്നാണ് വിലയിരുത്തൽ.
അതേസമയം, പശ്ചിമ ബംഗാളിൽ അധികാരം പിടിക്കാനുള്ള ശ്രമം ശക്തമാക്കിയിരിക്കുകയാണ് ഭാരതീയ ജനത പാർട്ടി. സംസ്ഥാനത്ത് ഉയർന്നുവരുന്ന ഭരണവിരുദ്ധ വികാരവും നിയമ-ക്രമ പ്രശ്നങ്ങളും മുതലാക്കാനാണ് ബിജെപിയുടെ ശ്രമം. പ്രത്യേകിച്ച് ആർ.ജി. കാർ ആശുപത്രിയിൽ നടന്ന യുവതി കൊല്ലപ്പെട്ട സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സംഭവത്തെ രാഷ്‌ട്രീയമായി പ്രയോജനപ്പെടുത്തുന്നതിനായി, ഇരയായ യുവതിയുടെ മാതാവിനെ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി രംഗത്തിറങ്ങിയിട്ടുണ്ട്.
ബംഗ്ലാദേശ്, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തിയ കുടിയേറ്റക്കാർക്ക് പൗരത്വ രേഖകളും തിരിച്ചറിയൽ കാർഡുകളും നൽകിയെന്നാരോപണവും തൃണമൂൽ കോൺഗ്രസിനെതിരെ ശക്തമാണ്. ഈ വോട്ടർമാരാണ് തൃണമൂലിന്റെ പ്രധാന ശക്തിയെന്ന വിമർശനവും പ്രതിപക്ഷം ഉന്നയിക്കുന്നു. എസ്ഐആർ നടപടികളോടെ ഈ ‘വ്യാജ വോട്ടുകൾ’ പുറത്തായി
ഭരണത്തിനെതിരായ അസന്തോഷവും വോട്ടർ പട്ടികയിലെ മാറ്റങ്ങളും ചേർന്ന് ഇത്തവണത്തെ തെരഞ്ഞെടുപ്പ് കടുത്ത പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. തുടർച്ചയായ നാലാം ഭരണത്തിനായി മമത ബാനർജി ശ്രമിക്കുമ്പോൾ, ശക്തമായ വെല്ലുവിളി ഉയർത്താൻ ഭാരതീയ ജനത പാർട്ടി ഒരുങ്ങുകയാണ്. തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്‌ട്രീയത്തിലെ അടുത്ത ഘട്ടം നിർണയിക്കുന്നതായിരിക്കും.
















