കൊച്ചി: സംവിധായകൻ രഞ്ജിത്തിന് ലൈംഗികാതിക്രമക്കേസിൽ ഉപാധികളോടെ ജാമ്യം. സംഭവം നടന്ന ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലേക്ക് പോകാൻ പാടില്ല. പാസ്പോർട്ട് സറണ്ടർ ചെയ്യണം.എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാക്കണം.അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികൾ.
എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്ത് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസിൽ സാക്ഷികളായിട്ടുള്ളത് പ്രതി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിച്ചിട്ടുള്ളവരാണ്. അതിനാൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം തന്നോടുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നായിരുന്നു രഞ്ജിത്തിന്റെ വാദം. നടിയുടെ അഭിനയത്തിലെ പോരായ്‌മകൾ താൻ ചൂണ്ടിക്കാട്ടിയിരുന്നു. ചില സീനുകൾ വെട്ടിമാറ്റിയിരുന്നു. ഇതാണ് പരാതിക്ക് കാരണമെന്നും രഞ്ജിത്ത് വാദിച്ചു. കുറ്റം നിഷേധിക്കുന്നത് അന്വേഷണവുമായി സഹകരിക്കാതിരിക്കല്ലെന്നും രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
ലൈംഗികാതിക്രമ പരാതിയെ തുടർന്ന് മാർച്ച് 31-നാണ് സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലാകുന്നത്.
















