സമുദ്രമധ്യത്തിൽ ഒഴുകിനടക്കുന്ന ഒരു നഗരം – യുഎസ് നേവിയുടെ സൂപ്പർകാരിയറുകളെ ഇങ്ങനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. അയ്യായിരത്തിലധികം നാവികർ ഉള്ള യുഎസ്എസ് ജെറാൾഡ് ആർ. ഫോഡ് പോലുള്ള വിമാനവാഹിനിക്കപ്പലുകളിൽ, സങ്കീർണമായ യുദ്ധതന്ത്രങ്ങളേക്കാൾ വലിയൊരു വെല്ലുവിളി അയ്യായിരം പേർക്ക് കൃത്യസമയത്ത് ഗുണനിലവാരമുള്ള ഭക്ഷണം എത്തിക്കുക എന്നതാണ്. ഒരു നഗരത്തെ പരിപാലിക്കുന്നതുപോലെ, അത്രയും കൃത്യതയിലാണ് ഇത്തരം കപ്പലുകളിൽ നാവികർക്കായുള്ള ഭക്ഷണവും ഒരുങ്ങുന്നത്.
ഒരു വിമാനവാഹിനിക്കപ്പലിലെ അടുക്കളയിൽ തീ അണയാറില്ല. ഒരു കപ്പലിലെ ഒരു ദിവസത്തെ ഉപഭോഗം ഏതൊരാളെയും അദ്ഭുതപ്പെടുത്തുന്നതാണ്. പ്രതിദിനം 1,600 പൗണ്ട് മാംസം, പച്ചക്കറികളിൽ ലെറ്റൂസ് മാത്രം 350 പൗണ്ട്, 160 ഗാലൺ പാൽ. ഒരു ആഴ്ചയിൽ തയാറാക്കുന്ന കാപ്പി കൊണ്ട് ഒരു ചെറിയ നീന്തൽക്കുളം തന്നെ നിറയ്‌ക്കാം. കൂടാതെ, കപ്പലിലെ അത്യാധുനിക ബേക്കറികൾ ഓരോ ദിവസവും ആയിരത്തിലധികം പുതിയ ബ്രെഡുകളും പേസ്ട്രികളുമാണ് ഉൽപാദിപ്പിക്കുന്നത്. സാധരണയായി, ഇത്തരം വിമാനവാഹിനിക്കപ്പലുകളിലെ ദൈനംദിന പലചരക്ക് ചെലവ് 45,000 ഡോളർ മുതൽ 65,000 ഡോളർ വരെയാണ്.
പ്രതിദിനം ഏകദേശം 17,000 മുതൽ 18,000 വരെ ഭക്ഷണപ്പൊതികളാണ് ഇവിടെ തയാറാക്കുന്നത്. 100 ലധികം പാചക വിദഗ്ധർ അടങ്ങുന്ന സംഘം 22 മണിക്കൂറിലധികം കഠിനമായി പരിശ്രമിച്ചാണ് ഈ ദൗത്യം പൂർത്തിയാക്കുന്നത്.പുരുഷന്മാർക്ക് 2,850 കലോറിയും സ്ത്രീകൾക്ക് 2,100 കലോറിയും ലഭിക്കുന്നുണ്ടെന്ന് മെനു പ്ലാനർമാർ ഉറപ്പാക്കുന്നു.
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്‌ക്ക് പുറമെ, രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്കായി ‘മിഡ്–റാറ്റ്സ്’ എന്നറിയപ്പെടുന്ന ഭക്ഷണവും ഇവിടെ ലഭ്യമാണ്. 120 ഡിഗ്രി ഫാരൻഹീറ്റ് വരെ ചൂടുള്ള അന്തരീക്ഷത്തിൽ 16 മണിക്കൂർ വരെ നീളുന്ന കഠിനമായ ഷിഫ്റ്റുകളിലാണ് ഇവർ ജോലി ചെയ്യുന്നത്.ഓരോ 7 മുതൽ 10 ദിവസത്തിലും ലോജിസ്റ്റിക്സ് കപ്പലുകൾ വഴി വിതരണം നടക്കുന്നു. ഓരോ തവണയും 4 ലക്ഷം മുതൽ 10 ലക്ഷം പൗണ്ട് വരെ ഭക്ഷ്യവസ്തുക്കളാണ് കൂറ്റൻ ക്രെയിനുകൾ വഴി കപ്പലിലേക്ക് മാറ്റുന്നത്.
















