കോട്ടയം: പൂഞ്ഞാര്‍ മണ്ഡലം പാറത്തോട് കൂവപ്പള്ളി സ്‌കൂളിലെ പോളിങ് ബൂത്തില്‍ പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എ. കാഞ്ഞിരപ്പള്ളി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്ക് (സിഐ) നേരേയാണ് ഭീഷണി.
സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ പൂഞ്ഞാര്‍ മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥിയാണ്. പോളിങ് സ്‌റ്റേഷന് സമീപം നിന്ന് വോട്ട് അഭ്യര്‍ഥിച്ച എല്‍ഡിഎഫുകാരെ വിലക്കിയതിനാണ് ഇന്‍സ്‌പെക്ടര്‍ക്ക് നേരേ ഭീഷണിയുമായി എംഎല്‍എയും സംഘവുമെത്തിയത്.
പോളിങ് ബൂത്തിന് 100 മീറ്റര്‍ പരിധിയില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ബൂത്തുകള്‍ പാടില്ലെന്ന ചട്ടം ലംഘിച്ച് എല്‍ഡിഎഫ് ബൂത്ത് സ്ഥാപിച്ചിരുന്നു. പോളിങ് സ്‌റ്റേഷനായ സ്‌കൂളിന് വളരെയടുത്തായുള്ള ബൂത്ത് ബുധനാഴ്ച പോലീസ് ഇടപെട്ടു മാറ്റി. എന്നാല്‍, വോട്ടെടുപ്പ് ദിവസം ഇന്നലെ എല്‍ഡിഎഫുകാര്‍ പോളിങ് സ്‌റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ കയറി നിന്നു വോട്ട് ചോദിച്ചു. ഇത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ വിലക്കിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരേ ആക്രോശവുമായി എംഎല്‍എയെത്തിയത്.
പോലീസ് ഓഫീസറോട് എടോ, താന്‍ എന്നു വിളിച്ച് സംസാരിച്ച എംഎല്‍എ, പ്രോട്ടോകോള്‍ പ്രകാരം എന്റെ റാങ്ക് ഡിജിപിക്കും മുകളിലാണെന്നും തെരഞ്ഞെടുപ്പ് ഇന്നു കഴിയുമെന്നും ഭീഷണി മുഴക്കി. ഡിജിപി മുതലുള്ളവരെ തനിക്കറിയാമെന്ന് പറഞ്ഞാണ് എംഎല്‍എ ഭീഷണിപ്പെടുത്തിയത്. അങ്ങനെ പേടിച്ച് ജീവിക്കാനാകില്ലെന്ന് ഇന്‍സ്‌പെക്ടര്‍ മറുപടി നല്കി. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാണ്.











