തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്. നാല് ജില്ലകളിൽ പോളിങ് 50% കടന്നു. ഏറ്റവും കൂടുതൽ പോളിങ് നടന്നത് എറണാകുളം ജില്ലയിലാണ്. ഇവിടെ തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് ഏറ്റവും പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചി, കുന്നത്തുനാട് തുടങ്ങിയ മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് മൂവാറ്റുപുഴയിലാണ്.
കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലും പോളിങ് 50 % പിന്നിട്ടു. ത്രികോണ പോരാട്ടം നടക്കുന്ന തൃപ്പൂണിത്തുറയിൽ പോളിങ് 56 ശതമാനം കടന്നു. തൃപ്പൂണിത്തുറ മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാർത്ഥി ദീപക് ജോയ് എറണാകുളം മണ്ഡലത്തിലെ അയ്യപ്പൻകാവ് എസ്എൻഎച്ച്എസ്എസിൽ വോട്ട് രേഖപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർഥി കെ.എൻ ഉണ്ണികൃഷ്‌ണൻ തൃക്കാക്കര മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി.
പാലക്കാട് മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി, കെ. ബാബു എംഎൽഎയ്‌ക്കൊപ്പം തൃപ്പൂണിത്തുറ ഗവൺമെന്‍റ് ഗേൾസ് ഹൈസ് കൂളിലെത്തി വോട്ട് ചെയ്തു. പിറവത്ത് യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബ് കുടുംബസമേതം തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.
മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ പോത്താനിക്കാട് പഞ്ചായത്തിലെ ആയങ്കരയിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. നടൻ മമ്മൂട്ടി പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിംഗ് കോൺവെൻഷൻ സ്‌കൂളിലെത്തി വോട്ട് ചെയ്തു.
പൊതുവേ നല്ല പോളിങ്ങാണെന്നും നിലവിലെ ട്രെൻഡ് അനുസരിച്ച് വോട്ടിംങ് 90% വരെ പ്രതീക്ഷിക്കുന്നു തെരഞ്ഞെടുപ്പ് കമ്മിഷണർ രത്തൻ യു. ഖേൽക്കർ പറഞ്ഞു. രാവിലെ മുതൽ തന്നെ നഗര – ഗ്രാമ വ്യത്യാസമില്ലാതെ പോളിംഗ് ബൂത്തുകളിൽ നീണ്ട ക്യൂവാണ്.
















