മുംബൈ: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇറാൻ ഉപരോധം ഏർപ്പെടുത്തിയ ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് ‘ഗ്രീൻ ആശ’ എണ്ണക്കപ്പൽ ഇന്ത്യയിലെത്തി. 15,400 ടൺ എൽ.പി.ജിയുമായാണ് ഇന്ത്യൻ പതാക വഹിച്ച കപ്പൽ നവി മുംബൈ തുറമുഖത്തെത്തിയത്. ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റിയാണ് (JNPA) കപ്പൽ തീരത്ത് എത്തിയ കാര്യം അറിയിച്ചത്.
ഇന്ത്യൻ നാവികസേനയുടെ സുരക്ഷിതമായ അകമ്പടിയോടെയാണ് ഈ എൽ.പി.ജി കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നത്. പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിക്കുകയും ഹോർമുസ് കടലിടുക്ക് അടയ്‌ക്കുകയും ചെയ്ത ശേഷം ഇന്ത്യയിലേക്ക് എൽ.പി.ജി എത്തിക്കുന്ന ഒൻപതാമത്തെ കപ്പലാണിത്. ഞായറാഴ്ചയാണ് കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നത്.
ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന കപ്പൽ, ബിപിസിഎൽ-ഐഒസിഎൽ സംയുക്തമായി പ്രവർത്തിപ്പിക്കുന്ന ജെഎൻപിഎയിലെ ലിക്വിഡ് ബർത്തിൽ അടുപ്പിച്ചതായി അധികൃതർ അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം ഹോർമുസ് കടലിടുക്ക് കടന്ന് ഇവിടെയെത്തുന്ന ആദ്യത്തെ കപ്പലാണിതെന്ന് പ്രത്യേകതയും ഇതിനുണ്ട്.
ഭാരതത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ തടസപ്പെടാതിരിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന നയതന്ത്ര ഇടപെടലുകള്‍ ലോകശ്രദ്ധ നേടുകയാണ്. ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ടെങ്കിലും, ഭാരതീയ കപ്പലുകള്‍ സുരക്ഷിതമായാണ് ഇവിടം കടക്കുന്നത്. നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ ടാങ്കറുകള്‍ക്ക് കാവലൊരുക്കി സമുദ്രത്തിലുടനീളം സജീവമാണ്. യുഎസ്- ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് ശേഷം ഹോര്‍മൂസ് കടലിടുക്കിലെ ഗതാഗതം 60 ശതമാനവും ഇറാനുമായി ബന്ധപ്പെട്ട കപ്പലുകള്‍ക്ക് മാത്രമായി പരിമിതപ്പെട്ട സാഹചര്യത്തിലാണ് ഭാരതത്തിന്റെ ഈ നേട്ടം. ബാബ് എല്‍-മാന്‍ഡെബ് ഉള്‍പ്പെടെയുള്ള മറ്റ് പാതകളിലും സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും, ഭാരതീയ പൗരന്മാരുടെയും ചരക്കുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണ്.
















