തിരുവനന്തപുരം: കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന വിധി ദിനമാണ് ഇന്ന്. ജനാധിപത്യത്തില്‍ പൗരന്മാരുടെ ഏറ്റവും കരുത്തുറ്റ അവകാശമായ വോട്ട് ഔചിത്യപൂര്‍വം ചിന്തിച്ച് ഉപയോഗിക്കേണ്ട ദിവസം. തെരഞ്ഞെടുപ്പുകള്‍ പലതും കണ്ടെങ്കിലും ഇത്ര നിര്‍ണായകമായൊരു ഘട്ടം ഉണ്ടായിട്ടില്ല. ത്രികോണ മത്സരമെന്ന് പറയുമ്പോഴും ഫലത്തില്‍ രണ്ടു ചേരികളാണ് കളത്തില്‍.
ദേശീയതയും രാഷ്‌ട്രബോധവും വികസനവും ഏകതയും ലക്ഷ്യമാക്കി എന്‍ഡിഎ ഒരുവശത്തും വിഘടന- മത- തീവ്രവാദശക്തികളുമായി കൈകോര്‍ത്ത്, ഇടത്- വലത് മുന്നണികള്‍ മറുവശത്തും. രണ്ട് മുന്നണികളും പരസ്പര പോരിന്റെ മൂടുപടം അണിയുമ്പോഴും അവര്‍ പ്രതിനിധീകരിക്കുന്നത് ഒരേ ചിന്താ ധാരയേയാണ്. മതവും ഇസ്ലാമിക രാഷ്‌ട്രവുമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്നവരുമായാണ് അവരുടെ ചങ്ങാത്തം.
ആറു പതിറ്റാണ്ട് അധികാരം കയ്യാളിയിട്ടും സംസ്ഥാനത്തിന് ദിശാബോധം നല്‍കാന്‍ പോലും കഴിയാത്തവരാണ് ഇവര്‍. ദേശീയസുരക്ഷയോ രാഷ്‌ട്രചിന്തയോ മത സൗഹാര്‍ദമോ ഒന്നും അവര്‍ക്കു പ്രശ്‌നമല്ല. അധികാരം മാത്രമാണ് ലക്ഷ്യം. പ്രീണനകാലം പിന്നിട്ട് കീഴടങ്ങല്‍ രാഷ്‌ട്രീയത്തിന്റെ പാതയിലാണ് ഇരുമുന്നണികളും. അധികാരത്തിലിരിക്കാന്‍ വേണ്ടി എന്തും ചെയ്യുമെന്ന് മാനസികാവസ്ഥയിലാണ് ഇടതും വലതും. അത് ആവുംവിധം മുതലെടുക്കാന്‍ തയാറെടുക്കുകയാണ് വിഘടനവാദ ശക്തികള്‍.
രണ്ടു മുന്നണികള്‍ക്കുമുള്ള വോട്ട് ദേശവിരുദ്ധതയ്‌ക്കുള്ള അംഗീകാരമാകുമെന്ന തിരിച്ചറിവാണ് ഇന്ന് പോളിങ് ബൂത്തിലെത്തുമ്പോള്‍ ഒരോരുത്തര്‍ക്കും വേണ്ടത്. ദേശീയ ബോധത്തെ ഫാസിസമായി ചിത്രീകരിക്കുന്ന കാലത്തെ തെരഞ്ഞെടുപ്പാണിത്. 2.71 കോടി വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുക.
എന്‍ഡിഎക്ക് ഭരണം ലഭിച്ചാല്‍ തങ്ങള്‍ക്ക് കേരള രാഷ്‌ട്രീയത്തില്‍ സ്ഥാനമുണ്ടാവില്ലെന്ന് മനസിലാക്കിയതിന്റെ വെപ്രാളത്തില്‍ ഇരുകൂട്ടരും പോപ്പുലര്‍ ഫ്രണ്ട്, പിഡിപി, എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുമായി പരസ്യമായും രഹസ്യമായും ചങ്ങാത്തമുണ്ടാക്കിയിരിക്കുകയാണ്.
മതമാണ് മതമാണ് വലുതെന്ന് പ്രസംഗിച്ചവര്‍ മുതല്‍ വോട്ടിന് വേണ്ടി താനൂര്‍ മണ്ഡലം പാക്കിസ്ഥാനെന്ന് പറഞ്ഞ മന്ത്രി അബ്ദുറഹ്‌മാന്‍ വരെ മത്സര രംഗത്താണ്. രാഷ്‌ട്രമല്ല മതമാണ് വലുതെന്ന് പറയുന്ന തീവ്രവാദികളുടെ വോട്ട് കിട്ടാനുള്ള ഡീലും ഇരുമുന്നണികളും ഉറപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നേമത്ത് ഉള്‍പ്പെടെ എസ്ഡിപിഐ വോട്ട് മറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
















