ന്യൂദൽഹി: ഇന്ത്യയും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള 12-ാമത് വിദേശകാര്യ ചർച്ചകൾ ഇന്ന് ന്യൂദൽഹിയിൽ നടന്നു. യോഗത്തിൽ ഇന്ത്യൻ ഭാഗത്തുനിന്ന് സെക്രട്ടറി (വെസ്റ്റ്) സിബി ജോർജും തുർക്കിയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ബാരിസ് എകിൻസിയും പങ്കെടുത്തു. യോഗത്തിൽ ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി അവലോകനം ചെയ്തു.
പ്രത്യേകിച്ചും, വ്യാപാരം, നിക്ഷേപം, ടൂറിസം, സാങ്കേതികവിദ്യ, നവീകരണം, ഊർജ്ജ സഹകരണം, വിദ്യാഭ്യാസം, സംസ്കാരം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾ നടന്നു. ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. വിദ്യാഭ്യാസപരവും സാംസ്കാരികവുമായ കൈമാറ്റങ്ങളിലൂടെ പരസ്പര ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള നടപടികളും അവർ പരിഗണിച്ചു.
“ഇന്ത്യ-തുർക്കി വിദേശകാര്യ ഓഫീസ് കൺസൾട്ടേഷനുകളുടെ 12-ാം റൗണ്ട് 2026 ഏപ്രിൽ 8 ന് ന്യൂദൽഹിയിൽ നടന്നു, സെക്രട്ടറി (വെസ്റ്റ്) സിബി ജോർജും തുർക്കി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ബാരിസ് എകിൻസിയും സഹ-അധ്യക്ഷത വഹിച്ചു,”- വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു .
കൂടാതെ “വ്യാപാരം, നിക്ഷേപം, ടൂറിസം, സാങ്കേതികവിദ്യ, നവീകരണം, ഊർജ്ജം, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകൾ, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്നിവയിലെ സഹകരണത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഇരുപക്ഷവും ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവൻ ശ്രേണിയും അവലോകനം ചെയ്തു. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിലും അവർ കാഴ്ചപ്പാടുകൾ കൈമാറി,”- അദ്ദേഹം തുടർന്നു.
അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ സഹകരണം സംബന്ധിച്ച സുപ്രധാന ചർച്ചകൾ യോഗത്തിൽ നടന്നു. ഈ വെല്ലുവിളിയെ നേരിടാൻ സംയുക്ത ശ്രമങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെയും സുരക്ഷാ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകത ഇരു രാജ്യങ്ങളും ഊന്നിപ്പറഞ്ഞു. പ്രാദേശിക, ആഗോള വിഷയങ്ങളിലും ഇരു നേതാക്കളും തങ്ങളുടെ കാഴ്ചപ്പാടുകൾ കൈമാറി. പരസ്പര താൽപ്പര്യമുള്ള അന്താരാഷ്‌ട്ര വിഷയങ്ങളിൽ സംഭാഷണം തുടരാനും സഹകരണം മുന്നോട്ട് കൊണ്ടുപോകാനുമുള്ള പ്രതിബദ്ധതയും ഇരു രാജ്യങ്ങളും ആവർത്തിച്ചു പറഞ്ഞു.
















