തിരുവനന്തപുരം: കറുത്തകുതിരകള്‍ (Dark Horses) എന്നത് ഇംഗ്ലീഷിലെ ഒരു പ്രയോഗമാണ്. തീരെ വിജയിക്കില്ലെന്ന് എല്ലാവരും കരുതുമ്പോള്‍ അശ്രാന്ത പരിശ്രമത്തിലൂടെ എതിരാളിയെ മറച്ചിടുന്നവരെയാണ് കറുത്ത കുതിരകള്‍ എന്ന് വിളിക്കുന്നത്. ബിജെപിയുടെ കറുത്ത കുതിരകളായി വിശേഷിപ്പിക്കപ്പെടുകയാണ് നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍. തിരുവനന്തപുരത്തെ നെടുമങ്ങാട്, തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ മണ്ഡലങ്ങളിലേയും തൃശൂരിലെ മണലൂരിലും ആലപ്പുഴയിലെ ഹരിപ്പാടുമാണ് ഈ നാല് ബിജെപി സ്ഥാനാര്‍ത്ഥികള്‍ നിര്‍ണ്ണായക ശക്തിയാവുന്നത്.
നെടുമങ്ങാട് യുവ ബിജെപി നേതാവും വാഗ്മിയും ചാനല്‍ ചര്‍ച്ചകളില്‍ മൂര്‍ച്ചയേറിയ ഡിബേറ്ററുമായ യുവരാജ് ഗോകുല്‍ എതിരാളികള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നു. അഭിമന്യു എന്ന എസ് എഫ് ഐ നേതാവിനെ കുത്തിക്കൊന്ന എസ് ഡിപിഐയുടെ വോട്ട് സ്വീകരിക്കുന്ന സിപിഎമ്മിനെതിരെ വലിയ വിമര്‍ശനമാണ് യുവരാജ് ഗോകുല്‍ ഉയര്‍ത്തുന്നത്. ജി.ആര്. അനില്‍ എന്ന സിപിഐ നേതാവിനെതിരായ പോരാട്ടത്തില്‍ എസ് ഡിപിഐ വോട്ടുകള്‍ ചര്‍ച്ചയാക്കുന്നത് ഗുണം ചെയ്യുമെന്ന് യുവരാജ് ഗോകുലിനറിയാം. 2016ല്‍ ഇപ്പോഴത്തെ തിരുവനന്തപുരം മേയറായ വി.വി. രാജേഷ് ഉയര്‍ത്തിയ തരത്തിലുള്ള വെല്ലുവിളിയാണ് ഇവിടെ യുവരാജ് ഉയര്‍ത്തുന്നത്.
തിരുവനന്തപുരത്ത് സിഎംപി നേതാവ് സി.പി. ജോണിനെതിരായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കരമന ജയന്റെ പോരാട്ടം നിര്‍ണ്ണായകമായിരിക്കും. കാരണം കരമന ജയനെ തിരുവനന്തപുരത്തുകാര്‍ക്ക് നല്ല പരിചയമുണ്ട്. സി.പി. ജോണാകട്ടെ കുന്നംകുളത്തുകാരനാണ്. ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍ കണ്ണുനട്ടാണ് സി.പി. ജോണിന്റെ വരവ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ കരമനയ്ക്ക് കാര്യമായി ചലനമുണ്ടാക്കാന്‍ സാധിക്കുമോ എന്ന് സംശയമാണ്. 2021ല്‍ ജി കൃഷ്ണകുമാര്‍ ബിജെപിയ്ക്ക് വേണ്ടി 34000ല്‍പരം വോട്ട് പിടിച്ച മണ്ഡലമാണ് തിരുവനന്തപുരം സെന്‍ട്രല്‍. അന്ന് കോണ്‍ഗ്രസിന്റെ വി.എസ്. ശിവകുമാറിനെ മേധാവിത്വം അവസാനിപ്പിച്ച് ഇടത് കോട്ടയിലേക്ക് ഈ മണ്ഡലത്തെ അടുപ്പിച്ചത് ആന്റണി രാജുവാണ്. എന്തായാലും കരമന ജയന് കടുത്ത മത്സരമാണ് ഇവിടെ സി.പി. ജോണിനെതിരെ ഉയര്‍ത്തുന്നത്.
കോണ്‍ഗ്രസിന്റെ രമേശ് ചെന്നിത്തല 1982, 1987, 2011, 2016, 2021 എന്നീ വര്‍ഷങ്ങളില്‍ ജയിച്ച മണ്ഡലമാണ് ഹരിപ്പാട് മണ്ഡലം. രമേശ് ചെന്നിത്തല പതിനായിരത്തില്പരം വോട്ടുകള്‍ക്ക് പാട്ടുംപാടി ജയിക്കുന്ന മണ്ഡലം. ഇവിടെ രമേശ് ചെന്നിത്തലയെ കടപുഴക്കുക എന്ന ദൗത്യം എന്‍ഡിഎയ്ക്ക് വേണ്ടി ഏറ്റെടുത്തിരിക്കുന്നത് സന്ദീപ് വാചസ്പതിയാണ്. ഉരുളയ്ക്ക് ഉപ്പേരി ഏത് വലിയവനും കൊടുക്കാന്‍ കെല്പുള്ള നേതാവാണ് സന്ദീപ്. ബിജെപി ക്രമാനുഗതമായി 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വോട്ടുകള്‍ വര്‍ധിപ്പിച്ചുവരുന്ന ഈ മണ്ഡലത്തില്‍ ഇക്കുറി സന്ദീപ് വാചസ്പതി കടുത്ത മത്സരം ഉയര്‍ത്തും എന്നുറപ്പാണ്.
തൃശൂരിലെ മണലൂര്‍ മണ്ഡലം ഇതുവരെ തോല്‍വിയറിയാത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന് ജയിക്കുമെന്ന പ്രീപോള്‍ സര്‍വ്വേകളെ കഴിഞ്ഞ നാലഞ്ചു ദിവസത്തെ സംഭവവികാസങ്ങള്‍ കീഴ്മേല്‍ മറിച്ചിരിക്കുകയാണ്. പുതിയ സര്‍വ്വേകളില്‍ മണലൂരില്‍ ആര് ജയിക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന പ്രവചനമാണ് പുറത്തുവരുന്നത്. ബിജെപിയ്ക്കെതിരെ വ്യാജ കിറ്റ് വിവാദം ഉയര്‍ത്തിയതിന്റെ പേരില്‍ ജയിലിലായ ടി.എന്‍. പ്രതാപന്റെ മാനം പോയിരിക്കുന്ന അവസ്ഥയാണ്. ഇവിടെ കടുത്ത വെല്ലുവിളിയായി ഉയര്‍ന്നുവന്നിരിക്കുന്നത് ബിജെപിയുടെ അഡ്വ. കെ.കെ. അനീഷ് കുമാറാണ്. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയ്ക്ക് വന്‍വിജയം നേടിക്കൊടുത്തപ്പോള്‍ ബിജെപിയുടെ തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു അനീഷ് കുമാര്‍. അതിനാല്‍ മണലൂരിലെ വോട്ടര്‍മാരുമായും ഹൃദയബന്ധം അനീഷ്കുമാറിനുണ്ട് എന്ന് മാത്രമല്ല, ഒരു കാലത്ത് ഇടത് കോട്ടയായ മണലൂര്‍ കാവിയിലേക്ക് ചായുന്ന മണ്ഡലം കൂടിയാണ് എന്നത് അനീഷ്കുമാറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. പ്രതാപനെപ്പോലെ ഒരു നേതാവിന്റെ ആരോപണം പൊളിച്ചുകൊടുത്തതിന് പിന്നില്‍ അനീഷ്കുമാറിന്റെ ഇടപെടലുണ്ട്. നല്ലൊരു യുവനിര അനീഷ് കുമാറിന് വേണ്ടി ഈ മണ്ഡലത്തില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നു.
















