ഷിംല ; ഹിമാചൽ പ്രദേശിൽ രാമക്ഷേത്ര ഹാൾ നിക്കാഹ് സൽക്കാരത്തിനായി വിട്ടു നൽകുന്നതിനെതിരെ ഭക്തരുടെയും ഹിന്ദു സംഘടനകളുടെയും പ്രതിഷേധം . മാംസാഹാരങ്ങൾ ഉൾപെടെയുള്ള വിരുന്ന് അനുവദിക്കുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് ആരോപിച്ച് ഹിന്ദു സംഘർഷ് സമിതി അംഗങ്ങളും രംഗത്തെത്തി. സൽക്കാരത്തിനായി ഹാൾ വിട്ടു നൽകിയാൽ പ്രതീകാത്മകമായി തല മുണ്ഡനം ചെയ്യുമെന്നും, പന്നികളെ കൊണ്ടുവന്ന് ഘോഷയാത്ര നടത്തുമെന്നുമാണ് ചില നാട്ടുകാരുടെ മുന്നറിയിപ്പ്.
വിവാദം രൂക്ഷമായതോടെ, രാമക്ഷേത്ര ഹാൾ കൈകാര്യം ചെയ്യുന്ന സൂദ് സഭ തങ്ങളുടെ നിലപാടുമായി രംഗത്തെത്തി. മതേതരത്വം പാലിക്കണമെന്നും , ഹാളിൽ നിക്കാഹ് ചടങ്ങ് നടക്കില്ലെന്നും ക്ഷേത്ര മാനേജ്‌മെന്റ് അറിയിച്ചു . വിവാഹം പള്ളിയിൽ നടക്കും, ക്ഷേത്ര ഹാളിൽ സ്വീകരണം മാത്രമേ നടത്തൂ. മുൻപും മുസ്ലീം കുടുംബങ്ങൾ സമാനമായ ചടങ്ങുകൾക്ക് ഈ ഹാൾ ഉപയോഗിച്ചിരുന്നുവെന്നാണ് സൂദ് സഭ പറയുന്നത് . തർക്കം രൂക്ഷമായതോടെ മാംസാഹാരങ്ങൾ സൽക്കാരത്തിൽ ഉൾപ്പെടുത്തില്ലെന്ന് വധുവിന്റെ കുടുംബം വ്യക്തമാക്കി.











